ഉരുവച്ചാൽ: ശിവപുരം പടുപാറയിലെ ബദറുന്നിസയുടെ ഉടമസ്ഥതയിലുള്ള രണ്ട് ഏക്കർ സ്ഥലം കത്തിനശിച്ചു. തീ സമീപത്തെ മീത്തൽ പള്ളിയുടെ പറമ്പിലേക്കും പടർന്നു. മട്ടന്നൂരിൽ നിന്നെത്തിയ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് തീ അണച്ചതിനാൽ കൂടുതൽ നാശം ഒഴിവായി. റബർ മരങ്ങളാണ് നശിച്ചതിൽ ഏറെയും.
ജനങ്ങൾക്ക് ഭീഷണിയായ കെട്ടിടം
നഗരസഭ ഇടപെട്ട് പൊളിച്ചു
മട്ടന്നൂർ: ജനങ്ങൾക്ക് ഭീഷണിയായിട്ടും പൊളിക്കാൻ തയ്യാറാകാത്ത ജീർണിച്ച കെട്ടിടം നഗരസഭ ഇടപെട്ട് നീക്കി തുടങ്ങി. കളക്ടറുടെ ഉത്തരവ് വകവെക്കാതെ നിലനിർത്താൻ ശ്രമിച്ച ഉരുവച്ചാൽ ടൗണിലെ കെട്ടിടമാണ് ഇന്നലെ പൊളിക്കാൻ ആരംഭിച്ചത്.
ബസ് കാത്തു നിന്നവരുടെ ശരീരത്ത് ഓട് വീണ് പരിക്കേറ്റതോടെ കെട്ടിടം പൊളിക്കാൻ ആവശ്യപ്പെട്ട് കളക്ടറുടെ നിർദ്ദേശ പ്രകാരം മട്ടന്നൂർ നഗരസഭ കെട്ടിട ഉടമയ്ക്ക് നോട്ടീസ് നൽകിയിരുന്നു. പക്ഷെ, കെട്ടിടം അറ്റകുറ്റപ്പണി ചെയ്യാനായിരുന്നു ശ്രമം. ഇതറിഞ്ഞെത്തിയ ഉദ്യോഗസ്ഥരെ കെട്ടിട ഉടമയുടെ ബന്ധു അസഭ്യം പറഞ്ഞ് കൈയ്യേറ്റത്തിന് മുതിർന്നു. നാട്ടുകാർ ഇടപെട്ട് അക്രമിയെ പിന്തിരിപ്പിക്കുകയായിരുന്നു.
ഇതേ തുടർന്നാണ് നഗരസഭ തന്നെ ഇന്നലെ രാവിലെ കെട്ടിടം പൊളിക്കാൻ തുടങ്ങിയത്. ഇതിന്റെ ചിലവ് ഉടമ നൽകേണ്ടി വരും. അല്ലെങ്കിൽ സാധന സാമഗ്രികൾ ലേലം ചെയ്ത് ചിലവ് ഈടാക്കും. കെട്ടിടം പൊളിക്കാൻ ആറ് മാസം മുൻപ് നോട്ടീസ് നൽകിയതോടെ ഇവിടെയുണ്ടായിരുന്ന വ്യാപാരികൾ ഒഴിഞ്ഞു പോയിരുന്നു. സ്‌കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ നൂറു കണക്കിന് യാത്രക്കാർ ബസ് കാത്ത് നിൽക്കുന്ന സ്ഥലത്താണ് നൂറ് വർഷത്തിലധികം പഴക്കമുള്ള ഇരുനില കെട്ടിടം നിൽക്കുന്നത്.