നീലേശ്വരം: ഇടത്തോട് - നീലേശ്വരം റോഡ് മെക്കാഡം ടാറിംഗ് പ്രവർത്തി ചെയ്യുന്നതിന്റെ ഭാഗമായി റോഡിന്റെ ലെവലിംഗ് പ്രവർത്തി തുടങ്ങി. ഇന്നലെ രാവിലെ മേൽപ്പാലത്തിന്റെ കിഴക്ക് ഭാഗത്തുനിന്ന് തുടങ്ങിയ പ്രവർത്തി പാലാത്തടം കാമ്പസ് വരെ പൂർത്തിയായി. രണ്ടു ദിവസത്തിനുള്ളിൽ കാലിച്ചാനടുക്കം വരെയുള്ള ലവലിംഗ് പൂർത്തിയാവും.

ലവലിംഗ് പൂർത്തിയായാൽ റോഡിന്റെ വളവും തിരിവും മാറ്റേണ്ട സ്ഥലത്തിന്റെ പണി തുടങ്ങും. പാലായി റോഡ് കയറ്റത്തിൽ വളവും കയറ്റവും റോഡ് പ്രവർത്തിയോടനുബന്ധിച്ച് മാറ്റും. കഴിഞ്ഞമാസമാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ മെക്കാഡം ടാറിംഗിന്റെ പ്രവർത്തനോദ്ഘാടനം കാലിച്ചാനടുക്കത്ത് നിർവ്വഹിച്ചത്. മെക്കാഡം ടാറിംഗ് പൂർത്തിയാവുന്നതോടെ ഇടത്തോട് നിന്ന് നീലേശ്വരത്തേക്ക് ഗതാഗതം എളുപ്പമാവും.
നഗരസഭ ചെയർമാൻ പ്രൊഫ. കെ.പി. ജയരാജൻ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.എം. സന്ധ്യ, കൗൺസിലർമാരായ സി.സി. കുഞ്ഞിക്കണ്ണൻ, പി.ഭാർഗ്ഗവി, പി.വിജയകുമാർ, പേരോൽ വികസന സമിതിയിലെ ടോമി ആറ്റുപുറം, പി. മോഹനൻ, കെ. മാധവൻ, പൊതുമരാമത്ത് ഉദ്യോഗസ്ഥർ എന്നിവർ ലവലിംഗ് പ്രവർത്തി വിലയിരുത്തി.

തൃക്കരിപ്പൂരുകാരുടെ പ്രിയ

'പി ആറിന്' അന്ത്യാഞ്ജലി
തൃക്കരിപ്പൂർ: ഒരു തികഞ്ഞ സോഷ്യലിസ്റ്റ് ആയിരുന്ന അന്തരിച്ച രാഘവൻ മിതത്വവും സൗമ്യതയും കൊണ്ട് തൃക്കരിപ്പൂരുകാർക്ക് പ്രിയപ്പെട്ട പി ആർ ആയിരുന്നു.രാഷ്ട്രീയസാമൂഹ്യസാംസ്‌കാരിക രംഗങ്ങളിൽ നിറഞ്ഞു നിന്ന രാഘവൻ സംശുദ്ധമായ രാഷ്ട്രീയ പ്രവർത്തനത്തിന് ഉടമയായിരുന്നു.

കരിവെള്ളൂരിൽ ബീഡി തൊഴിലാളിയായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഇദ്ദേഹം വെച്ച് പുലർത്തിയ ശക്തമായ നിലപാടുകൾ, ധീരമായ നേതൃത്വം തുടങ്ങിയവ എടുത്തുപറയേണ്ടതാണ്. ബീഡി തൊഴിലാളി സഹകരണ സംഘം മെമ്പർ, തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. തങ്കയം മുഹമ്മദ് അബ്ദുൽ റഹിമാൻ സ്മാരക വായനശാലയുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ പൊലീസിന്റെ മർദ്ദനം ഏറ്റുവാങ്ങുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്നലെ വൈകീട്ട് തൃക്കരിപ്പൂർ കെ.എം.കെ സ്മാരക കലാസമിതിയിൽ പൊതുദർശനത്തിനു വെച്ച മൃതദേഹത്തിൽ അന്തിമോപചാരമർപ്പിക്കാൻ ബീഡി തൊഴിലാളികളടക്കം സമൂഹത്തിന്റെ നാനാ തുറകളിലും ഉള്ള വ്യക്തിത്വങ്ങളും നേതാക്കളും എത്തിച്ചേർന്നു. തങ്കയത്ത് എം.എ.എം വായനശാലയിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ വിവിധ സംഘടനകൾക്ക് വേണ്ടി റീത്തുകൾ വെച്ചു. ലോക് താന്ത്രിക് ജനതാദൾ ജില്ലാ വൈസ് പ്രസിഡന്റ് ടി.വി ബാലകൃഷ്ണൻ, ജില്ലാ സെക്രട്ടറി ഇ.വി ഗണേശൻ, പഞ്ചായത്ത് സെക്രട്ടറി വി.കെ ചന്ദ്രൻ, കെ.പി.സി.സി മെമ്പർ കെ.വി ഗംഗാധരൻ, എച്ച്.എം.എസ് സംസ്ഥാന സെക്രട്ടറി പി.വി തമ്പാൻ, എൻ.ജി സെന്റർ ജില്ലാ പ്രസിഡന്റ് പി.വി ദിനേശൻ, കെ.എം.കെ പ്രസിഡന്റ് ഇ. ബാലകൃഷ്ണൻ, വ്യാപാരിവ്യവസായി ജില്ലാ വൈസ് പ്രസിഡന്റ് കെ.വി ലക്ഷ്മണൻ, ബി.ജെ.പി സംസ്ഥാന കൗൺസിലർ ടി. കുഞ്ഞിരാമൻ, ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് ടി.വി ഷിബിൻ അന്തിമോപചാരമർപ്പിച്ചു. വൈകീട്ട് സർവകക്ഷി അനുശോചനവും ചേർന്നു

ആധാരമെഴുത്ത് ഓഫീസുകൾക്ക്
നാളെ അവധി

കാഞ്ഞങ്ങാട്: ഹൊസ്ദുർഗിലെ ആധാരമെഴുത്തുകാരനായിരുന്ന വെള്ളിക്കോത്ത് സായികൃപയിലെ പി.കുഞ്ഞിരാമൻ നായരുടെ നിര്യാണത്തിൽ അനുശോചിച്ച് ഹൊസ്ദുർഗിലെ ആധാരമെഴുത്ത് ഓഫീസുകൾക്ക് ബുധനാഴ്ച അവധിയായിരിക്കുമെന്ന് ആധാരമെഴുത്ത് അസോസിയേഷൻ ഹൊസ്ദുർഗ് യൂണിറ്റ് സെക്രട്ടറി പി.പി.മോഹൻദാസ് അറിയിച്ചു.