കാസർകോട് :തലപ്പാടി ആർ.ടി.ഒ ചെക്ക്‌പോസ്റ്റിന് സമീപം ടാങ്കർ ലോറിയിൽ നിന്ന് ഗ്യാസ് ചോർന്നു. ഇന്നലെ വൈകീട്ട് 6.20 മണിയോടെയാണ് ഗ്യാസ് ചോർച്ച ഉണ്ടായത് മംഗളുരുവിൽ നിന്നും കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഗ്യാസ് ടാങ്കറിലാണ് ചോർച്ചയുണ്ടായത്. മഞ്ചേശ്വരം പൊലീസ് വിവരമറിഞ്ഞ് സ്ഥലത്തെത്തി. ഉപ്പളയിൽ നിന്നും രണ്ട് യൂണിറ്റ് ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി ചോർച്ച നടന്ന സ്ഥലം വെള്ളം ചീറ്റി അപകടാവസ്ഥ ഒഴിവാക്കി.

മംഗളൂരുവിൽ നിന്നും റീഫില്ലിംഗ് യൂണിറ്റും സാങ്കേതിക വിദഗ്ദരും സ്ഥലത്തെത്തി . മറ്റൊരു ടാങ്കറിലേക്ക് ഗ്യാസ് മാറ്റാനുള്ള നീക്കം രാത്രി വൈകിയും തുടർന്നു. വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ കാസർകോട് സ്റ്റേഷൻ ഓഫീസറുടെ നേതൃത്വത്തിൽ കൂടുതൽ ഫയർ ഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ പൂർണനിയന്ത്രണത്തിലാണെന്ന് മഞ്ചേശ്വരം എസ് ഐ പറഞ്ഞു. ചോർച്ചയുണ്ടായതോടെ വൈദ്യുതിബന്ധം വിച്ഛേദിക്കുകയും സ്ഥലത്തുനിന്നും ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു. മംഗളൂരു കാസർകോട് ദേശീയപാത അടച്ച് വാഹനഗതാഗതം പൂർണമായും തടഞ്ഞിട്ടുണ്ട്. ഗ്യാസ് മറ്റൊരു ടാങ്കറിലേക്ക് മാറ്റാൻ അഞ്ച് മണിക്കൂറെങ്കിലും എടുക്കുമെന്നും അതുകഴിഞ്ഞ് മാത്രമെ ഗതാഗതം പുനസ്ഥാപിക്കാൻ സാധിക്കുകയുള്ളൂവെന്നുമാണ് അധികൃതർ വ്യക്തമാക്കിയത്.