കാഞ്ഞങ്ങാട്: വീടെന്ന സ്വപ്നം മനസ്സിലൊതുക്കി ദുരിതജീവിതം നയിക്കുന്നവരുടെ കണ്ണീരൊപ്പി, തണലേകാൻ ഹട്ട് കൂട്ടായ്മ.
കുറഞ്ഞചിലവിൽ ഏറ്റവും അർഹതപ്പെട്ട ആളുകൾക്ക് നൂതന ആർക്കിടെക് മാതൃകയിലുള്ള വ്യത്യസ്തവും വാസയോഗ്യവുമായ രീതിയിലാണ് കൂടിന്റെ വീടൊരുക്കൽ . വി.വി. രമേശൻ ചെയർമാനും കൊടക്കാട് നാരായണൻ ജനറൽ സെക്രട്ടറിയും പി. രാജൻ അരയി സെക്രട്ടറിയും സുരാസു അരയി ട്രഷററുമായുള്ളതാണ് കൂട്ടായ്മ. ആർക്കിടെക്ചർമാരായ സച്ചിൻ രാജ് ആൻഡ് പി. ആനന്ദ് എന്നിവരുടെ സാങ്കേതിക സഹായവും കൂട്ടായ്മയ്ക്കുണ്ട്. സർക്കാരിൽ നിന്നോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നോ സൗജന്യവീട് നിർമ്മാണ പദ്ധതിയിൽ ഉൾപ്പെടാത്ത നിർധനരെയാണ് ഹട്ട് കൂട്ടായ്മ സഹായിക്കാനൊരുങ്ങുന്നത്. കൂട്ടായ്മയുടെ ആദ്യ വീട് വിഷുവിന് മുമ്പ് നിർമിച്ചുനൽകാനാണ് പദ്ധതി. അപേക്ഷകർ കൺവീനർ, ഹട്ട് , മേലാങ്കോട്ട്, കാഞ്ഞങ്ങാട് പി.ഒ, പിൻ.671315 എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഹൊസ്ദുർഗ് താലൂക്കിലെ അർഹരായവർക്ക് അപേക്ഷിക്കാം. വാർത്താ സമ്മേളനത്തിൽ ഡോ. കൊടക്കാട് നാരായണൻ, സുരാസു അരയി, സച്ചിൻ രാജ്, പി. ആനന്ദ് എന്നിവർ പങ്കെടുത്തു.
മൂന്നാമത് കാഞ്ഞങ്ങാട് കാവ്യോത്സവം 16മുതൽ
കാഞ്ഞങ്ങാട്: നെഹ്‌റു കോളേജ് സാഹിത്യ വേദി സംഘടിപ്പിക്കുന്ന മൂന്നാമത് കാഞ്ഞങ്ങാട് കാവ്യോത്സവം 16ന് രാവിലെ 9.30ന് സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്യും. ബാലചന്ദ്രൻ ചുള്ളിക്കാട് മുഖ്യാതിഥിയായിരിക്കും. 17 ന് വൈകുന്നേരം 3.15ന് സമാപന സമ്മേളനം സുനിൽ പി. ഇളയിടം ഉദ്ഘാടനം ചെയ്യും. സി.വി ബാലകൃഷ്ണൻ മുഖ്യാതിഥിയാകും.
കാവ്യോത്സവത്തോടനുബന്ധിച്ച് നൽകുന്ന മാമ്പൂ പുരസ്കാരം അബിൻ ജോസഫിന് ഉദ്ഘാടനച്ചടങ്ങിൽ സച്ചിദാനന്ദനും പി. പുരസ്‌കാരം സുനിൽ പി ഇളയിടത്തിന് സമാപന സമ്മേളനത്തിൽ സി.വി ബാലകൃഷ്ണനും സമ്മാനിക്കും.
എൻഡോസൾഫാൻ ദുരിതബാധിത കെ.ബി ശില്പയുടെ കഥാസമാഹാരം 'നിറഭേദങ്ങൾ', അംബികാസുതൻ മാങ്ങാടിന്റെ 'നിലവിളികൾ അവസാനിക്കുന്നില്ല ' എന്നീ പുസ്തകങ്ങൾ സച്ചിദാനന്ദൻ, ബാലചന്ദ്രൻ ചുള്ളിക്കാടിന് നൽകി പ്രകാശനം ചെയ്യും. രാജേന്ദ്രൻ പുല്ലൂർ, വിനോദ് അമ്പലത്തറ എന്നിവരുടെ ചിത്ര പ്രദർശനങ്ങളും ജയേഷ് പാടിച്ചാൽ, നബിൻ ഒടയംചാൽ എന്നിവരുടെ ഫോട്ടോ പ്രദർശനങ്ങളും ഉണ്ടായിരിക്കും..
ഇന്നു രാവിലെ കാവ്യോത്സവത്തിന്റെ കൊടിയേറ്റിനോടനുബന്ധിച്ച് നടത്തുന്ന ഒപ്പുമരം സാമൂഹ്യ പ്രവർത്തക ദയാബായി ഉദ്ഘാടനം ചെയ്യും. അംബികാസുതൻ മാങ്ങാട്, ജയൻ മാങ്ങാട്, വി.വിജയകുമാർ, കെ.പി.ഷീജ, വിനോദ് ആലന്തട്ട, വി.എം. മൃദുൽ, പി. ശ്രീനാഥ്, ശരത്ത് ബാരെ എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
വിദ്യാഭ്യാസ സെമിനാർ
പെരിയ: സംസ്ഥാന യുവജന കമ്മീഷനും ഡോ. അംബേദ്കർ കോളേജ് എൻ.എസ്.എസ് യൂണിറ്റും ചേർന്ന് വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിച്ചു. ഡോ.കെ.പി.സുരേഷ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോ. സി. ബാലൻ അധ്യക്ഷനായി. കെ. മണികണ്ഠൻ, എ.വി. ശിവപ്രസാദ്, കെ.വി.സാവിത്രി, ഭാസ്‌കരൻ, വി. ഷീജ, മുഹമ്മദ് സുഹൈൽ, പി.അജിത്ത് എന്നിവർ സംസാരിച്ചു.
.
വാട്ടർ കൂളർ സ്ഥാപിച്ചു
കാഞ്ഞങ്ങാട്: ഹദിയ അതിഞ്ഞാൽ കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിൽ സ്ഥാപിച്ച വാട്ടർ കൂളർ സബ് കലക്ടർ അരുൺ കെ. വിജയൻ സമർപ്പിച്ചു. നഗരസഭാ സെക്രട്ടറി അനീഷ് അധ്യക്ഷത വഹിച്ചു. എം.ബി.എം.അഷറഫ്, ഖാലിദ് അറബിക്കടത്ത്, ബി. മുഹമ്മദ്, എം.കെ മുഹമ്മദ് കുഞ്ഞി, പി.എം. ഫൈസൽ, സി.എച്ച് റിയാസ്, റമീസ് മട്ടൻ, നൂറുദ്ധീൻ കപ്പൽ, ഗൾഫ് പ്രതിനിധികളായ സി.ബി. സലീം, സിദ്ധീഖ് ചേരക്കടത്ത്, തുടങ്ങിയവർ പങ്കെടുത്തു. സി.എച്ച് സുലൈമാൻ സ്വാഗതവും കെ. കുഞ്ഞിമൊയ്തീൻ നന്ദിയും പറഞ്ഞു.
പന്തലിൽ കഞ്ഞി 16 ന്
ചെറുവത്തൂർ: ശ്രീ തമ്പുരാൻ വളപ്പിൽ വലിയവീട് തറവാട് മടക്കര തലക്കാട്ട് പൂരോത്സവത്തോടനുബന്ധിച്ചു നടത്തിവരാറുള്ള പന്തലിൽ കഞ്ഞി 16 ന് നടക്കും.