കാഞ്ഞങ്ങാട്: നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന കോട്ടച്ചേരി റെയിൽവേ മേൽപ്പാലം പണി നിർണ്ണായക ഘട്ടത്തിൽ.
പാളത്തിന് മുകളിലൂടെ കടന്നുപോകുന്ന മേൽപ്പാലത്തിന്റെ ഭാഗത്തെ പ്രവർത്തനങ്ങൾ റെയിൽവേ സുരക്ഷാ കമ്മീഷന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് നടത്തേണ്ടത്. ഇതിനാവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകാൻ റെയിൽവേ സുരക്ഷാ ഉദ്യോഗസ്ഥർ ബുധനാഴ്ച കാഞ്ഞങ്ങാട്ടെത്തി മേൽപ്പാലം നിർമ്മാണ പ്രവർത്തനത്തിന്റെ ക്രമീകരണങ്ങൾ പരിശോധിച്ചു. പ്രമുഖ റെയിൽവേ കരാറുകാരൻ എറണാകുളത്തെ സി.എക്സ്.വർഗ്ഗീസാണ് പാളത്തിന് മുകളിലൂടെയുള്ള പ്രവർത്തിയുടെ കരാറെടുത്തിട്ടുള്ളത്.
10 മീറ്റർ നീളത്തിലുള്ള മൂന്ന് സ്പാനുകളാണ് പാളത്തിന് മുകളിലൂടെ പാകേണ്ടത്. റെയിൽവേ സീനിയർ സെക്ഷൻ എൻജിനീയർ ജനാർദ്ധനനും സംഘവുമാണ് സ്ഥലം സന്ദർശിച്ച് കരാറുകാരനായ വർഗീസിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയത്. മൂന്നുമാസത്തിനകം ഇതിന്റെ പണി പൂർത്തിയാക്കാനാകുമെന്ന് വർഗീസ് പറഞ്ഞു. റെയിൽവേ ഡെപ്യൂട്ടി ചീഫ് എൻജിനീയർ മൊയ്തീൻകുട്ടിയാണ് നിർമ്മാണത്തിന് മേൽനോട്ടം വഹിക്കുന്നത്.
മേൽപ്പാലം കരാറുകാരായ ജിയോ ഫൗണ്ടേഷൻ പ്രതിനിധികളായ എസ്. ചന്ദ്രമോഹൻ, പ്രശാന്ത്കുമാർ, മേൽപ്പാലം കർമ്മസമിതി ചെയർമാൻ ശിവദത്ത്, ജനറൽ കൺവീനർ എ. ഹമീദ്ഹാജി, കൺവീനർ സുറൂർ മൊയ്തുഹാജി, ട്രഷറർ പുത്തൂർ മുഹമ്മദ്കുഞ്ഞിഹാജി, പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ടി. മുഹമ്മദ് അസ്ലം എന്നിവർ സന്നിഹിതരായിരുന്നു.