ബേക്കൽ: പെരിയ കല്യോട്ടെ ഇരട്ടക്കൊലപാതക കേസ് സംസ്ഥാന സർക്കാറിന്റെ ഒത്താശയോടെ അട്ടിമറിക്കാനുള്ള പൊലീസ് നീക്കം അവസാനിപ്പിക്കുക, നിരപരാധികളായ കോൺഗ്രസ് പ്രവർത്തകരെ കള്ളക്കേസുണ്ടാക്കി അറസ്റ്റ് ചെയ്യുന്ന നിലപാട് അവസാനിപ്പിക്കുക,
അന്വേഷണം സി.ബി.ഐക്ക് വിടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബേക്കൽ സി.ഐ ഓഫീസിലേക്ക് ഉദുമ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. മാർച്ചിന് മുന്നോടിയായി ഉദുമ പള്ളത്തിൽ നിന്നും പ്രകടനവും ഉണ്ടായി.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി. രാജൻ പെരിയ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നിൽ ഉദ്ഘാടനം ചെയ്തു.കെ.പി.സി.സി മെമ്പർ അഡ്വ.സുബ്ബൈയ്യ റൈ, ഡി.സി.സി വൈസ് പ്രസിഡന്റുമാരായ കെ.കെ. രാജേന്ദ്രൻ, പി.കെ. ഫൈസൽ, യൂത്ത് കോൺഗ്രസ് പാർലിമെന്റ് മണ്ഡലം പ്രസിഡന്റ് സാജിദ് മവ്വൽ, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, കെ.എസ്.യു.ജില്ലാ പ്രസിഡന്റ് നോയൽ ജോസഫ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സുകുമാരൻ പൂച്ചക്കാട് സ്വാഗതവും കെ.വി. ഗോപാലൻ നന്ദിയും പറഞ്ഞു.
വനിതാ ശിങ്കാരിമേളക്കാർക്ക് യാത്രയയപ്പ്
തൃക്കരിപ്പൂർ: ഉത്തരേന്ത്യയിൽ ശിങ്കാരിമേളം അവതരിപ്പിക്കാൻ യാത്രതിരിക്കുന്ന വനിതകൾക്ക് വനിതാദിനാചരണ സെമിനാറിൽ യാത്രയയപ്പ് നൽകി. ഹിമാചൽ പ്രദേശ്, ഉത്തർഖണ്ഡ്, ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ്, ദില്ലി എന്നിവിടങ്ങളിൽ ശിങ്കാരിമേളം അവതരിപ്പിക്കാൻ ക്ഷണം ലഭിച്ച് യാത്ര തിരിക്കുന്ന ഇടയിലെക്കാട് നവോദയ ഗ്രന്ഥാലയം വനിതാ വാദ്യസംഘത്തിലെ ആറു പേർക്കാണ് യാത്രയയപ്പൊരുക്കിയത്. കേരളത്തിൽ നിന്നുള്ള ശിങ്കാരിമേള ടീമിൽ ഇടയിലെക്കാട്ടിലെ കെ. അജിത, പി.വി ശ്യാമള, കെ.വി നളിനി, കെ. കാർത്യായനി, പി.വി സുമിത്ര, കെ.പി പത്മിനി എന്നിവർക്കാണ് അവസരം ലഭിച്ചത്. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം 15 മുതൽ 29 വരെ ഒരുക്കുന്ന അഖില ഭാരത ലോക കലാ മഹോത്സവത്തിൽ ഇവർ കൊട്ടിക്കയറും.
വനിതാദിനാചരണഭാഗമായുള്ള സെമിനാറും യാത്രയയപ്പ് സമ്മേളനവും ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് വാസു ചോറോട് ഉദ്ഘാടനം ചെയ്തു. പി.വി ശ്യാമള അധ്യക്ഷയായിരുന്നു. ശിങ്കാരിമേള പരിശീലന സംഘാംഗങ്ങൾക്ക് വലിയപറമ്പ് ഗ്രാമപഞ്ചായത്ത് മെമ്പർ വി. കെ കരുണാകരൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. എം.കെ ശ്രീലത, കെ. അജിത, കെ.പി ലത, പി.വി പ്രഭാകരൻ, പി. വേണുഗോപാലൻ എന്നിവർ സംസാരിച്ചു. സ്ത്രീ മന്നേറ്റങ്ങൾ എന്ന വിഷയത്തിൽ ക്വിസ് മത്സരവും സംഘടിപ്പിച്ചു.