ചെറുപുഴ: കരിങ്കൽ ക്വാറികളും ക്രഷറുകളും ടാർ മിക്‌സിംഗ് യൂണിറ്റുകളും അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് പെടേന ജനകീയ സമിതിയുടെ നേതൃത്വത്തിൽ പെരിങ്ങോം വയക്കര പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. പ്രദേശത്ത് പ്രവർത്തിക്കുന്ന ക്രഷറുകളും ക്വാറികളും കുടിവെള്ളം മലിനമാക്കുകയും വീടുകൾ തകർക്കുകയും ചെയ്യുന്നുവെന്നാണ് നാട്ടുകാരുടെ പരാതി.മാർച്ച് പെരിങ്ങോം ടൗൺ ചുറ്റി പ്രകടനം പഞ്ചായത്ത് ഓഫീസിനു മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ്ണ മാടായിപ്പാറ ഖനന വിരുദ്ധ സമിതി നേതാവ് കെ.പി. ചന്ദ്രാംഗദൻ ഉദ്ഘാടനം ചെയ്തു. ടി.പി. അബ്ദുൽ റഹീം അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകർ സുരേഷ് കീഴാറ്റൂർ, നോബിൾ പൈക്കട, ഭാസ്‌കരൻ വെള്ളൂർ, കെ.എം. കുഞ്ഞപ്പൻ, സി.എം. ഇസ്മായിൽ, ടി.സി. സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
കണ്ടക്ടർമാരുടെ കുറവ്;
ഇരിട്ടി -മാനന്തവാടി യാത്രക്കാർ ദുരിതത്തിൽ
കൊട്ടിയൂർ: കണ്ടക്ടർമാരുടെ കുറവ് മൂലം ഇരിട്ടി -കൊട്ടിയൂർ -മാനന്തവാടി റൂട്ടിൽ കെ. എസ് .ആർ. ടി .സി യുടെ സർവ്വീസ് മുടങ്ങുന്നത് പതിവാകുന്നു. ഈ റൂട്ടിൽ വിവിധ ഡിപ്പോകളിൽ നിന്ന് സർവ്വീസ് നടത്തേണ്ട ആറോളം സർവ്വീസുകളാണ് മുടങ്ങിയിരിക്കുന്നത്.നിലവിൽ 40 കണ്ടക്ടർമാരുടെ കുറവാണ് മാനന്തവാടി ഡിപ്പോയിൽ ഉള്ളത്.
കണ്ടക്ടർമാർ വർക്ക് അറേഞ്ച്‌മെന്റിന്റെ ഭാഗമായി പോയതും എം പാനൽ ജീവനക്കാരുടെ പിരിച്ചുവിടലുമാണ് കെ .എസ് .ആർ .ടി .സി സർവ്വീസിനെ പ്രതിസന്ധിയിലാക്കിയത്.നിലവിലുള്ള കണ്ടക്ടർമാർ അധിക ഡ്യൂട്ടി ചെയ്താണ് ഇപ്പോൾ സർവ്വീസ് പിടിച്ചു നിർത്തുന്നത്.തലശ്ശേരി ബത്തേരി ഡിപ്പോകളിൽ നിന്ന് 1 വീതവും മാനന്തവാടി കണ്ണൂർ ഡിപ്പോകളിൽ നിന്ന് 2 വീതവും സർവ്വീസുകളാണ് ഈ റൂട്ടിൽ മാത്രം മുടങ്ങിയിരിക്കുന്നത്. കൂടാതെ നിടുംപൊയിൽ മാനന്തവാടി ബാവലി റൂട്ടിലുള്ള കെ ആർ ടി സി ബസുകൾ പലതും മുടങ്ങിയിരിക്കുകയാണ്. ഇതു മൂലം നിത്യേന യാത്ര ചെയ്യുന്നവരുൾപ്പെടെയുള്ള നൂറുകണക്കിനാളുകൾ യാത്രാദുരിതം അനുഭവിക്കുകയാണ്.നിലവിലുള്ള കണ്ടക്ടർമാരുടെ ലീവ് വേക്കൻസിയിൽ എം പാനൽ കണ്ടക്ടർമാരെ ഉൾപ്പെടുത്താനുള്ള തീരുമാനം നിലവിൽ വരുന്നതോടെ കെ. എസ് .ആർ .ടി .സി യുടെ സർവ്വീസ് മുടങ്ങുന്നതു കൊണ്ട് ഉണ്ടാകുന്ന പ്രശ്‌നത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ.
ബസ്്,ഓട്ടോജീവനക്കാർ തമ്മിൽ സംഘർഷം
തളിപ്പറമ്പ് പൊലീസ് കേസെടുത്തു
തളിപ്പറമ്പ്: ബസുകാരും ഓട്ടോറിക്ഷക്കാരും തമ്മിലുണ്ടായ സംഘട്ടത്തെ തുടർന്ന് അഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്തു. തളിപ്പറമ്പ് ദേശീയപാതയിൽ കണ്ണൂർ ബസ് സ്റ്റോപ്പിലാണ് സംഘട്ടനം ഉണ്ടായത്. പരിയാരം ഭാഗത്ത് നിന്ന് കണ്ണൂർ ഭാഗത്തേയ്ക്ക് വരികയായിരുന്ന ബസിലെ ജീവനക്കാർ ബസ് സ്റ്റോപ്പിൽ നിന്ന് ഓട്ടോയിൽ ആളെ കയറ്റിയത് ചോദ്യം ചെയ്തതാണ് സംഘർഷത്തിൽ കലാശിച്ചത്. ബസ് തളിപ്പറമ്പിലെത്തിപ്പോൾ പിന്നാലെയെത്തിയ ഓട്ടോറിക്ഷയിലെ ആളുകൾ ബസ് ജീവനക്കാരുമായി ഏറ്റുമുട്ടുകയുമായിരുന്നു. പൊലീസ് സ്ഥലത്ത് എത്തിയാണ് പ്രശ്‌നം പരിഹരിച്ചത്.മൂന്ന് ബസ് ജീവനക്കാർക്കെതിരെയും ഓട്ടോയിലുണ്ടായിരുന്ന രണ്ടുപേർക്കെതിരെയുമാണ് കേസ്.