കാസർകോട്: പെരിയ കല്യോട്ടെ ഇരട്ടക്കൊലക്കേസിൽ ഒരാൾ കൂടി പിടിയിലായി. പെരിയ തന്നിത്തോട്ടെ എ. മുരളി (36) യെയാണ് കേസന്വേഷിക്കുന്ന ക്രൈബ്രാഞ്ച് ഡിവൈ.എസ്.പി വി.എം പ്രദീപ്കുമാറും സംഘവും അറസ്റ്റുചെയ്തത്.
കഴിഞ്ഞദിവസം കസ്റ്റഡിയിൽ എടുത്ത മുരളിയെ രഹസ്യകേന്ദ്രത്തിൽ വെച്ച് ചോദ്യം ചെയ്തതിനുശേഷം ഇന്നലെ വൈകുന്നേരം ആറരയോടെ കാസർകോട് എ.ആർ ക്യാമ്പിലെ ക്രൈംബ്രാഞ്ച് ക്യാമ്പ് ഓഫീസിൽ എത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ ഇന്നുരാവിലെ ഹൊസ്ദുർഗ് ജുഡീഷ്യൽ ഫാസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടിൽ ഹാജരാക്കും.
പെരിയ, കല്യോട്ട് ഭാഗങ്ങളിലെ പെയിന്റിംഗ് തൊഴിലാളിയാണ് അറസ്റ്റിലായ മുരളി. കൊലപാതകം നടത്തിയതിനു ശേഷം പ്രതികളെ കാറിൽ കയറ്റി കൊണ്ടുപോയി രക്ഷപ്പെടാൻ സഹായിച്ചത് മുരളിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇയാളെ ക്രൈംബ്രാഞ്ച് പിടികൂടിയത്. കാറിൽ കയറ്റിക്കൊണ്ടുപോകുന്നതിനിടെയാണ് കൊലപാതകം നടത്തിയവരാണെന്ന് തിരിച്ചറിഞ്ഞതെന്ന് മുരളി ക്രൈംബ്രാഞ്ച് സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്.
കേസിൽ സി.പി.എം പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം പീതാംബരനടക്കം ഏഴ് പ്രതികൾ നേരത്തെ അറസ്റ്റിലായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 17ന് രാത്രി ഏഴരയോടെയാണ് പെരിയ കല്യോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ത് ലാൽ, കൃപേഷ് എന്നിവരെ ഒരു സംഘം വെട്ടിക്കൊന്നത്.