മട്ടന്നൂർ (കണ്ണൂർ): കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധി രാഷ്ട്രീയ കൊലപാതകത്തിനിരയായ യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിന്റെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. പാസഞ്ചർ ടെർമിനൽ കെട്ടിടത്തിലെ വി.ഐ.പി ലോഞ്ചിലായിരുന്നു കൂടിക്കാഴ്ച. 40 മിനിട്ടോളം അദ്ദേഹം അവരുമായി ചെലവഴിച്ചു. ഷുഹൈബിനെ പോലുള്ള ധീരരായ പ്രവർത്തകരുടെ ഓർമ്മകൾ എന്നും കോൺഗ്രസിന് ആവേശം പകരുമെന്ന് രാഹുൽ പറഞ്ഞു. രാഷ്ട്രീയ കൊലപാതകങ്ങൾ കാരണം ഒരു വീട്ടിലും മാതാപിതാക്കളുടെയും കുഞ്ഞുങ്ങളുടെയും നിലവിളി ഉയരാതിരിക്കാൻ ഇടപെടണമെന്ന് ഷുഹൈബിന്റെ മാതാപിതാക്കൾ രാഹുലിനോട് അഭ്യർത്ഥിച്ചു. രാഹുലിനൊപ്പം എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ മുകുൾ വാസ്നിക്, കെ.സി. വേണുഗോപാൽ, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എ.ഐ.സി.സി.സി ജനറൽ സെക്രട്ടറി
ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുമുണ്ടായിരുന്നു
ഇന്നലെ ഉച്ചയ്ക്ക് 12.50 ഓടെ തൃശൂരിൽ നിന്നു പ്രത്യേക ഹെലികോപ്ടറിൽ എത്തിയ രാഹുലിനെ സ്വീകരിക്കാൻ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ, ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ വി.എ. നാരായണൻ, സുമാ ബാലകൃഷ്ണൻ, അഡ്വ. സജീവ് ജോസഫ്, പി. രാമകൃഷ്ണൻ, എം.എൽ.എമാരായ കെ.സി. ജോസഫ്, അഡ്വ. സണ്ണി ജോസഫ്, യു.ഡി.എഫ് ജില്ലാ ചെയർമാൻ എ.ഡി. മുസ്തഫ, ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രൻ തുടങ്ങി നിരവധി നേതാക്കളെത്തിയിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദ്ദേശത്തെ തുടർന്നാണ് ഷുഹൈബിന്റെ വീട് സന്ദർശനം ഒഴിവാക്കി മാതാപിതാക്കളെ എയർപോർട്ടിലെത്തിച്ചത്.