പാനൂർ: ഹർത്താൽ ദിനത്തിൽ കൊളവല്ലൂർ എസ്.ഐ സനൽ കുമാറിനെ ചേരിക്കലിൽ അക്രമിക്കുകയും ആയില്യം ബസ് കണ്ടക്ടറെ പൂത്തൂരിൽ ബസ് തടഞ്ഞ് ആക്രമിക്കുകയും ചെയ്ത സംഭവങ്ങളിൽ അഞ്ച് ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകരെ അറസ്റ്റ് ചെയ്തു. ചേരിക്കലിലെ പാറയുള്ള പറമ്പത്ത് ജിഗീഷ് (30), കുന്നോത്ത് പറമ്പിലെ വട്ടപ്പറമ്പത്ത് രാഗിൽ രാജ്(25), പുത്തൂരിലെ വലിയ പീടികയിൽ പ്രയാബ് (25), മീത്തലേ കുന്നോത്ത് പറമ്പിലെ ചിറക്കാരാണ്ടി മേൽജി ഷിൻരാജ് (24), മുളിയാത്തോട്ടിലെ കുളങ്ങരന്റവിട മിഥുൻ ലാൽ(26) എന്നിവരെയാണ് കൊളവല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

എയർ എക്സ് പ്രസ് യാത്രക്കാരനിൽ നിന്ന് 280 ഗ്രാം സ്വർണം പിടികൂടി

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് വീണ്ടും സ്വർണ്ണം പിടികൂടി. വ്യാഴാഴ്ച രാവിലെ അബുദാബിയിൽ നിന്നെത്തിയ എയർഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിലെ യാത്രക്കാരനായ കാസർകോട് സ്വദേശി മുഹമ്മദ് റഫീഖിൽ നിന്നാണ് 280 ഗ്രാം സ്വർണ്ണം പിടികൂടിയത്. പേസ്റ്റ് രൂപത്തിൽ കവറുകളിലാക്കിയ സ്വർണ്ണം മലദ്വാരത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചതെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു. ഇയാളെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം കാസർകോട് സ്വദേശിയായ യാത്രക്കാരനിൽ നിന്ന് രണ്ടു കിലോ സ്വർണ്ണവും പിടികൂടിയിരുന്നു.