കണ്ണൂർ: സ്ത്രീസംവരണബിൽ പാസ്സാക്കാൻ കഴിയാത്തവർ മുത്തലാഖ് ബിൽ കൊണ്ടുവന്ന് വർഗ്ഗീയ അജൻഡ നടപ്പിലാക്കാൻ ശ്രമിക്കുകയാണെന്ന് സി .പി.എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു. കണ്ണൂരിൽ സംഘടിപ്പിച്ച വനിത പാർലമെന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സുപ്രീംകോടതി നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച മുത്തലാഖിന്റെ പേരിൽ പാർലമെന്റിൽ വീണ്ടും ബിൽ കൊണ്ടുവന്നത് വർഗീയ അജൻഡ നടപ്പിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. മുസ്ലീം സ്ത്രീകൾക്ക് സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതിനുവേണ്ടിയാണ് മുത്തലാഖ് ബിൽ എന്നാണ് മോദി പറഞ്ഞത്. ഭാര്യയെ ഉപേക്ഷിക്കുന്ന പുരുഷൻമാർ ജയിലിൽ അടക്കപ്പെടേണ്ടവരാണെങ്കിൽ നരേന്ദ്രമോദി ജയിലിൽ കഴിയേണ്ടിവരും.
മുത്തലാഖ് ബിൽ വഴി വർഗീയ അജൻഡ നടപ്പിലാക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്ന് പറയാൻ കുഞ്ഞാലിക്കുട്ടിയോ യു.ഡി.എഫ് എം.പിമാരോ അല്ല, പി .കെ ശ്രീമതി ഉൾപ്പെടെയുള്ള ഇടതുപക്ഷ പ്രതിനിധികളാണ് പാർലമെന്റിലുണ്ടായിരുന്നത്. വരാൻ പോകുന്നത് ഒരു സാധാരണ തിരഞ്ഞെടുപ്പല്ല, സ്ത്രീകൾക്ക് പ്രധാന പങ്ക് വഹിക്കാനുള്ള ഒരു അവസരമാണ് .യാഥാസ്ഥിതിക ശക്തികൾ എല്ലാ കാലത്തും സമൂഹത്തിലുണ്ടായിട്ടുണ്ടെങ്കിലും ഭരണകർത്താക്കൾതന്നെ അവർക്ക് പിന്തുണയുമായി രംഗത്തുവരുന്നത് ബി.ജെ.പിയുടെ ഭരണകാലത്താണ് നമുക്ക് കാണാൻ കഴിഞ്ഞത്. രാജ്യത്ത് സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ വർദ്ധിച്ചു. ഇരകളാക്കപ്പെട്ട സ്ത്രീകൾക്ക് നേരെയാണ് ഭരണകൂടത്തിന്റെ ചോദ്യങ്ങൾ വീണ്ടും ഉയരുന്നത്. അവരെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള ചോദ്യങ്ങളാണ് സംരക്ഷണം നൽകേണ്ടവർ ചോദിക്കുന്നത്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ സംഭവിക്കുമ്പോൾ, കേരളത്തിൽ എൽ.ഡി.എഫ് സർക്കാർ കുറ്റവാളികളെ ജയിലിലടക്കുന്നു. എന്നാൽ ബി.ജെ.പി ഭരിക്കുന്നയിടങ്ങളിൽ സ്ത്രീപിഡകരെ മാലയിട്ട് സ്വീകരിക്കുകയും ചിലപ്പോൾ മന്ത്രിയാക്കുകയും ചെയ്യുന്നതാണ് നാം കാണുന്നതെന്നും അവർ പറഞ്ഞു. പരിപാടിയിൽ ഇ .പി ലത അദ്ധ്യക്ഷത വഹിച്ചു. പി .കെ ശ്രീമതി എം.പി, എൻ സുകന്യ തുടങ്ങിയവർ പ്രസംഗിച്ചു.വി. കെ പ്രകാശിനി സ്വാഗതം പറഞ്ഞു.