കാസർകോട്: ചോർന്നൊലിക്കുന്ന ഓലക്കുടിലിൽ കഴിഞ്ഞുവന്നിരുന്ന കൊല്ലപ്പെട്ട കൃപേഷിന്റെ വീട്ടുകാർക്ക് വെയിലും മഴയും കൊള്ളാതെ അന്തിയുറങ്ങാൻ നല്ലൊരു വീട് ഒരുങ്ങുന്നു. മൂന്ന് മാസത്തിനകം വീട് നിർമ്മിച്ചുനൽകുമെന്ന് പ്രഖ്യാപിച്ച ഹൈബി ഈഡൻ എം.എൽ.എ യാണ് കൃപേഷിന്റെ വീട്ടുകാർക്ക് സ്വന്തം ചിലവിൽ വീട് വെച്ച് നൽകുന്നത്.
എല്ലാവിധ സൗകര്യങ്ങളോടും കൂടിയ വീടാണ് പണിതുകൊണ്ടിരിക്കുന്നത്. കൃപേഷിന്റെ കുടുംബം താമസിക്കുന്ന വീട് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൊല്ലപ്പെട്ടതിന് ശേഷം എത്തിയ നേതാക്കളുടെ കരളലിയിപ്പിച്ചിരുന്നു. അതുവരെയും ഈ കുടുംബം കഴിഞ്ഞുവന്നിരുന്ന താമസ സ്ഥലത്തെ കുറിച്ച് ആർക്കും ധാരണയുണ്ടായിരുന്നില്ല. ഇതേത്തുടർന്നാണ് കോൺഗ്രസ് നേതാക്കൾ കുടുംബത്തിന് വേഗത്തിൽ വീട് പണിത് നൽകാനുള്ള ഒരുക്കങ്ങൾ തുടങ്ങിയത്. ഹൈബി ഈഡൻ മുൻകൈയെടുത്തു പണി തുടങ്ങിയ വീടിന്റെ നിർമ്മാണ പുരോഗതി കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി ഇന്നലെ പരിശോധിച്ചു. കൃപേഷിന്റെ വീട് സന്ദർശിച്ച് ഇറങ്ങിയതിനു ശേഷമാണ് രാഹുൽഗാന്ധി പുതിയ വീട് കയറിക്കണ്ടത്. ഹൈബി ഈഡനും കോൺഗ്രസ് നേതാക്കളും ഒപ്പമുണ്ടായിരുന്നു.
വീട് പണി വേഗത്തിൽ തീർക്കുമെന്നും നല്ലൊരു ദിവസം നോക്കി കുടുംബത്തിന് തുറന്നുകൊടുക്കുമെന്നും ഹൈബി ഈഡൻ കേരളകൗമുദിയോട് പറഞ്ഞു. കൃപേഷ് കൊല്ലപ്പെട്ടതിന്റെ മരണാനന്തര ചടങ്ങുകൾ പൂർത്തിയായി പതിമൂന്നാം ദിവസമാണ് വീടിന് കുറ്റിയടിക്കുകയും പണി ആരംഭിക്കുകയും ചെയ്തത്. ഇന്നലെയും പണി നടത്താൻ തീരുമാനിച്ചതാണ്. എസ്.പി.ജിയുടെ നിയന്ത്രണത്തിൽ ആയതിനാൽ തല്ക്കാലം പണി നിർത്തിവെച്ചതാണ്. തറകെട്ടി. മേൽക്കൂരയുടെ ഉയരത്തിൽ കല്ലുകെട്ടി കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു .