പയ്യന്നൂർ : കാസർകോട് പാർലമെന്റ് മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി കെ. പി. സതീഷ് ചന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി പയ്യന്നൂർ അസംബ്ലി മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി. കരുണാകരൻ എം.പി ഉദ്ഘാടനം ചെയ്തു. സി. കൃഷ്ണൻ എം .എൽ .എ അദ്ധ്യക്ഷനായി. ടി. ഐ. മധുസൂദനൻ സ്വാഗതം പറഞ്ഞു.
സി.പി.എം ജില്ല സെക്രട്ടറി എം. വി. ജയരാജൻ, എൽ.ഡി.എഫ് നേതാക്കളായ ഗോവിന്ദൻ പള്ളിക്കാവിൽ, വി. വി. കുഞ്ഞികൃഷ്ണൻ, കെ. എം. വിജയൻ, സുഭാഷ് ഐയ്യോത്ത്, കെ. പി. പ്രശാന്ത്, എൻ. കെ. അബ്ദുൾ അസീസ്, ജോജി വിമലശേരി, കെ. ദേവി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് സ്ഥാനാർത്ഥി കെ. പി. സതീഷ് ചന്ദ്രനെയും ആനയിച്ച് നഗരത്തിൽ പ്രകടനം നടന്നു .

ചാമക്കാൽ ഭഗവതി ക്ഷേത്രം: മീനപ്പൊങ്കാല ഉത്സവം ഇന്ന് തുടങ്ങും.

പയ്യാവൂർ: ചാമക്കാൻ ശ്രീ ഭഗവതി ക്ഷേത്രത്തിലെ മീനപ്പൊങ്കാല ഉത്സവം ഇന്ന് (വെള്ളി) തുടങ്ങും. ആഘോഷങ്ങൾ 17 ന് സമാപിക്കും. രാവിലെ 5.30ന് നടതുറക്കൽ, അഭിഷേകം മലർ നിവേദ്യം .6.30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം 7 ന് ഉഷപൂജ.12 ന് ഉച്ചപൂജ, അന്നദാനം.വൈകുന്നേരം 4.30 ന് കലവറ നിറയ്ക്കൽ ഘോഷയാത്ര. 6.30ന് ഭീപാരാധന,7 ന് അത്താഴപൂജ, അന്നദാനം വൈകുന്നേരം 7.15ന് നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനത്തിൽ ആഘോഷ കമ്മിറ്റി ചെയർമാർ സജി പാലപ്പതടത്തിൽ അധ്യക്ഷത വഹിക്കും.പ്രശസ്ത സംഗീതജ്ഞൻ ഡോ.ഉണ്ണികൃഷ്ണൻ പയ്യാവൂർ മുഖ്യാതിഥിയായിരിക്കും. മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഡോ. അമൃത ചെമ്മഞ്ചേരി , ഡോ.വിഷ്ണുപ്രിയ അനിരുദ്ധൻ, സുബിൻ സുകുമാരൻ എന്നിവരെ ചടങ്ങിൽ ആദരിക്കും തുടർന്ന് എ.എം.ജയചന്ദ്ര വാര്യരുടെ അധ്യാത്മീക പ്രഭാഷണം. രാത്രി 9 ന് നാട്ടറിവ് പാട്ടുകൾ.16 ന് ശനിയാഴ്ച രാവിലെ 5.30 മുതൽ 12 വരെ ക്ഷേത്ര ചടങ്ങുകൾ .വൈകുന്നേരം 6.40 ന് ദീപാരാധന, നിറമാല, സർപ്പബലി. 7.15ന് ഭഗവതിസേവ, 7.30 ന് അത്താഴപൂജ, 8 ന് ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ വല്ലത്തില്ലത്ത് മണി നമ്പൂതിരി ഭദ്രദീപം തെളിക്കും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ 5.30ന് നടതുറക്കൽ അഭിഷേകം മലർ നിവേദ്യം പൊങ്കാല കിറ്റ് വിതരണം. 6.30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 7ന് ഉഷപൂജ 8 ന് പൊങ്കാല സമർപ്പണത്തിന്റെ മാർഗനിർദ്ദേശവും അനുഗ്രഹഭാഷണവും. 9ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പുടയൂർ മനയ്ക്കൽ കുബേരൻ നമ്പൂതിരിപ്പാട് പണ്ഡാര അടുപ്പിലേക്ക് അഗ്‌നി പകരും.11 ന് പൊങ്കാല സമർപ്പണം.ഉച്ചയ്ക്ക് 12ന് ഉച്ചപൂജ പ്രസാദ ഊട്ട്'.വൈകുന്നേരം 6.40 ന് ദീപാരാധന 7 ന് അത്താഴപൂജ.


എൽ.ഡി.എഫ് കൂത്തുപറമ്പ് മണ്ഡലം തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് തുറന്നു

പാനൂർ :വടകര ലോകസഭ മണ്ഡലം കൂത്തുപറമ്പ് നിയോജക മണ്ഡലം തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് തുറന്നു. പാനൂർ പൂക്കോം റോഡിൽ രാജു മാസ്റ്റർ സ്മാരക മന്ദിരത്തിനു സമീപം ലോക് താന്ത്രിക് ജില്ല പ്രസിഡന്റ് കെ.പി. മോഹനൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ കെ.പി. ചന്ദ്രൻ അദ്ധ്യക്ഷനായി. മണ്ഡലം കൺവെൻഷനു ശേഷം പാനൂർ ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നിന്നും പ്രകടനമായി വന്നാണ് ഓഫീസ് ഉദ്ഘാടനം നിർവ്വഹിച്ചത്.

കലശ ഘോഷയാത്രക്കിടെ സംഘർഷം

വീടിന് നേരെ ബോംബേറ്

തലശ്ശേരി:കതിരൂർ കറ്റേരിച്ചാൽ കളത്തിൽമുക്കിൽ വീടുകയറി ആക്രമണവും ബോംബേറും.കളത്തിൽ മുക്കിലെ പത്മാവതിയുടെ വിദ്യാവിഹാർ വീട്ടിന് നേരെയാണ് ഒരു സംഘം സാമൂഹ്യ വിരുദ്ധർ അക്രമം അഴിച്ചുവിട്ടത്. പല്യോട് കൂർമ്പക്കാവിലെ തിറയുത്സവഭാഗമായി കറ്റേരിച്ചാലിൽ നിന്നും ക്ഷേത്രത്തിലേക്ക് കലശഘോഷയാത്ര കടന്നു പോവുന്നതിനിടയിലാണ് ഘോഷയാത്രയിലുണ്ടായ 20 ഓളം യുവാക്കൾ അക്രമാസക്തരായി പത്മാവതിയുടെ വീടിന് നേരെ പാഞ്ഞടുത്തത്.

വീട്ടുവരാന്തയിൽ ഘോഷയാത്ര കാണാനിരുന്നവരെ സംഘം പിടിച്ചു വലിച്ചിറക്കി അക്രമിച്ചു. പത്മാവതിയുടെ മകൻ വിതേഷ് (35) ,സുഹൃത്തുക്കളായ കതിരൂർ നാലേ ഒന്നിലെ ബദൽ വീട്ടിൽ റിക്‌സൺ (27), കറ്റേരിച്ചാലിലെ മുണ്ടങ്ങാടൻ വീട്ടിൽ മിഥുൻ (27) എന്നിവർക്ക് പരിക്കേറ്റു.കൈകൾക്കും തലക്കും പരിക്കേറ്റ മൂന്ന് പേരും തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലാണുള്ളത്. കലശഘോഷയാത്ര വീട്ടിന് മുന്നിൽ നിർത്തിയായിരുന്നു അക്രമം നടത്തിയത്. ഘോഷയാത്രയിലുണ്ടായ മുതിർന്നവർ ഇടപെട്ടാണ് കുഴപ്പക്കാരെ പിടിച്ചു മാറ്റിയത്.

ഇതിന് പിന്നാലെ പുലർച്ചെ രണ്ടോടെയാണ് പത്മാവതിയുടെ വീടിന് തൊട്ടപ്പുറം താമസിക്കുന്ന സഹോദരൻ പ്രേമന്റെ പാറേമ്മൽ വീടിന് നേരെ ബോംബേറുണ്ടായത്. പ്രേമന്റെ ആൺമക്കളെ ലക്ഷ്യമിട്ടാണ് വീടിന് നേരെ ബോംബെറിഞ്ഞതെന്ന് ആരോപണമുണ്ട്. സ്ഥലത്തെ ഏതാനും യുവാക്കൾ സംഘടിച്ചെത്തി ഇവരുമായി കഴിഞ്ഞ ദിവസം വാക്കേറ്റം നടത്തിയിരുന്നു.പ്രേമന്റെ വിട്ടു പറമ്പിലൂടെ വഴി നൽകുന്നതുമായി ബന്ധപ്പെട്ട് തർക്കവും വസ്തുകൈയേറ്റവും നടന്നിരുന്നു. ഇത് സംബന്ധിച്ച് തലശ്ശേരി കോടതിയിൽ കേസ് നടന്നു വരികയാണ്. ഇതിനിടയിലാണ് മുൻ വൈരാഗ്യം തീർക്കാനെന്ന രീതിയിൽ കലശഘോഷയാത്രക്കിടെ സംഘർഷമുണ്ടാക്കിയതെന്ന് പറയപ്പെടുന്നു. കതിരൂർ പൊലീസ് സംഭവത്തിൽ അന്വേഷണം തുടങ്ങി.


ടെലിച്ചറി സ്റ്റുഡന്റ്‌സ് സ്‌പോർട്ടിംഗ് ക്ലബ്ബിന് നാലാം വിജയം

തലശ്ശേരി :കണ്ണൂർ ജില്ലാ എ ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ പി.ശ്രീജേഷിന്റെ ഓൾ റൗണ്ട് പ്രകടനത്തിന്റെ പിൻബലത്തിൽ ടെലിച്ചറി സ്റ്റുഡന്റ്‌സ് സ്‌പോർട്ടിംഗ് ക്ലബ്ബ് 7 വിക്കറ്റിന് കണ്ണൂർ ഫോർട്ട് ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തി തുർച്ചയായി നാലാം വിജയം കരസ്ഥമാക്കി .പുറത്താകാതെ 71 റൺസും 4 വിക്കറ്റും നേടിയ പി.ശ്രീജേഷിനെ മാൻ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുത്തു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കണ്ണൂർ ഫോർട്ട് ക്രിക്കറ്റ് ക്ലബ് 37.2 ഓവറിൽ 132 റൺസിന് എല്ലാവരും പുറത്തായി.ഫോർട്ടിന് വേണ്ടി ജിതിൻ ജയാനന്ദൻ 50 റൺസെടുത്തു. സ്റ്റുഡന്റ്‌സ് സ്‌പോർട്ടിംഗ് ക്ലബ്ബിന് വേണ്ടി പി.ശ്രീജേഷ് 25 റൺസിന് 4 വിക്കറ്റും പി.മുഹമ്മദ് ഹാനി 35 റൺസിന് 4 വിക്കറ്റും വീഴ്ത്തി.

മറുപടിയായി ടെലിച്ചറി സ്റ്റുഡന്റ്‌സ് സ്‌പോർട്ടിംഗ് ക്ലബ്ബ് 26.2 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ വിജയ ലക്ഷ്യം നേടി. സ്റ്റുഡന്റ്‌സ് സ്‌പോർട്ടിംഗ് ക്ലബ്ബിന് വേണ്ടി പി.ശ്രീജേഷ് പുറത്താകാതെ 71 റൺസും എം.പി.വിഷ്ണു 21 റൺസുമെടുത്തു.ഫോർട്ടിന് വേണ്ടി പി.ബാബുരാജ് 25 റൺസിന് 3 വിക്കറ്റ് വീഴ്ത്തി.

നാളെ കളിയില്ല.ശനിയാഴ്ച പഴയങ്ങാടി എരിപുരം ക്രിക്കറ്റ് ക്ലബ് തലശ്ശേരി ബ്രദേഴ്‌സ് ക്രിക്കറ്റ് ക്ലബിനെ നേരിടും.


തിരഞ്ഞെടുപ്പിൽ കൊലപാതക രാഷ്ട്രീയം മുഖ്യ അജണ്ടയാകും: കെ സുധാകരൻ

മട്ടന്നൂർ : തിരഞ്ഞെടുപ്പിൽ കൊലപാതക രാഷ്ട്രീയം മുഖ്യ അജണ്ടയാകുമെന്ന് കെ. പി. സി .സി വർക്കിംഗ് പ്രസിഡന്റ് കെ സുധാകരൻ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. സി .പി. എം നേതൃത്വം നൽകി നടത്തുന്ന മനുഷ്യക്കുരുതിയെ ജനങ്ങൾക്ക് മുന്നിൽ തുറന്ന് കാട്ടും. ഷുഹൈബിന്റെ മാത്രമല്ല പെരിയയിൽ കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കളെ ജനങ്ങൾക്ക് മുന്നിൽ അണിനിരത്തും. മക്കൾ നഷ്ടപ്പെട്ട ഇവരുടെ അവസ്ഥകൾ ജനങ്ങളെ ബോധ്യപെടുത്തുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

ശാന്തിഗിരിയിൽ കടുവയിറങ്ങി പശുവിനെ കൊന്നു

കേളകം: ശാന്തിഗിരിയിലെ ജനവാസ മേഖലയിൽ കടുവയിറങ്ങി നടത്തിയ ആക്രമണത്തിൽ പശു ചത്തു.ശാന്തിഗിരി പുന്നമറ്റത്തിൽ ജോജിയുടെ ഉടമസ്ഥതയിലുള്ള പശുവിനെയാണ് കടുവ പിടിച്ചത്.സമീപത്ത് കെട്ടിയിരുന്ന പോത്തിനും ആക്രമണത്തിൽ ഗുരുതരമായി മുറിവേറ്റിട്ടുണ്ട്. ഇന്നലെ പട്ടാപ്പകലാണ് സംഭവം നടന്നത്.പശുവിനെ കടുവ കടിച്ചു കൊന്ന ശേഷം ഏതാനും മീറ്ററുകൾ വലിച്ചിഴച്ച് കൊണ്ടുപോയ നിലയിലാണ് കണ്ടെത്തിയത്.ജനവാസ മേഖലയിൽ കടുവയിറങ്ങിയതോടെ ദേശവാസികൾ ഭീതിയിലാണ്.

പ്രളയബാധിത പ്രദേശത്ത് കുടിവെള്ളപദ്ധതി പുനർനിർമ്മാണം തുടങ്ങി
ഇരിട്ടി : ആറളംഫാമിൽ കഴിഞ്ഞ വർഷം വെള്ളപ്പൊക്കം മൂലം നശിച്ച കുടിവെള്ളപദ്ധതിയുടെ പുനർ നിർമ്മാണ പ്രവർത്തി ആരംഭിച്ചു. ആർട്ട് ഓഫ് ലിവിംഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ചു ലക്ഷം രൂപ ചിലവിലാണ് പുനർനിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചത്. പുനരധിവാസമേഖലലയിൽ പെട്ട കക്കുവ പുഴക്കരയിലെ ജലനിധി പദ്ധതി പ്രദേശത്ത് ആർട്ട് ഓഫ് ലിവിംഗ് സ്റ്റേറ്റ് അപ്പെക്‌സ് ബോർഡ് സെക്രട്ടറി സി.പി. മുരളി ഉദ്ഘാടനം ചെയ്തു. ആറളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വേലായുധൻ, ആർട്ട് ഓഫ് ലിവിംഗ് സ്റ്റേറ്റ് ടീച്ചർ കോഡിനേറ്റർ സുധീർ അരവിന്ദ്, ജില്ലാ പ്രസിഡന്റ് എം. സഞ്ജു മോഹൻ, ജില്ലാ സെക്രട്ടറി പി.വി. രാജീവൻ , കെ.പി. പ്രശാന്ത് നമ്പ്യാർ, ശങ്കരനാരായണൻ തളിപ്പറമ്പ്, ഉഷാശങ്കർ , ഒ .ടി. സുജേഷ്, ജയൻ കുന്നോത്ത് , അനിൽകുമാർ , മധു എന്നിവർ പ്രസംഗിച്ചു.
ആറളം ആദിവാസി പുനരധിവാസ മേഖലയിലെ ജനങ്ങൾക്ക് കുടിവെള്ളമെത്തിക്കാനായി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയ ജലനിധി പദ്ധതിയുടെ കുടിവെള്ള ടാങ്കും മോട്ടോറും , പൈപ്പുകളും മറ്റും കക്കുവാ പുഴ വെള്ളപ്പൊക്കത്തിൽ കരകവിഞ്ഞൊഴുകിയതിനെത്തുടർന്ന് തകർന്നിരുന്നു. ഈ പദ്ധതിയുടെ പുനർനിർമ്മാണ പ്രവൃത്തിയാണ് ആർട്ട് ഓഫ് ലിവിംഗ് ജില്ലാ ഘടകം ഏറ്റെടുത്ത് പ്രവർത്തനക്ഷമമാക്കുന്നത്.

വേനലവധിക്കാല ടൂറിസം കേന്ദ്രമാകാൻ ഒരുങ്ങി വിമാനത്താവളം

വിനോദ സഞ്ചാരികളെ ആകർഷിക്കാൻ അവധിക്കാല യാത്രാ പാക്കേജുകൾ

മട്ടന്നൂർ: അവധിക്കാലത്ത് ആഭ്യന്തര ടൂറിസം കേന്ദ്രമാകാൻ ഒരുങ്ങി കണ്ണൂർ
അന്താരാഷ്ട്ര വിമാനത്താവളം. വിമാനത്താവളം കേന്ദ്രീകരിച്ചുള്ള അവധിക്കാല യാത്രാ പാക്കേജുകളുമായി സ്ഥാപനങ്ങളും ടൂർ ഓപ്പറേറ്റർമാരും രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള വിമാനയാത്രയാണ് ആകർഷണം. ബൾക്ക് ബുക്കിംഗിന്റെ സൗകര്യം പ്രയോജനപ്പെടുത്തിയാണ് പലരും ടൂറിസം പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുള്ളത്.
ബെംഗളൂരു, ഗോവ, മുംബൈ, ചെന്നൈ, ഹൈദരാബാദ്, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് യാത്രാ പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുള്ളത്. അവധിക്കാലത്ത് വിമാനടിക്കറ്റ് നിരക്ക് കുത്തനെ ഉയരാൻ സാധ്യതയുള്ളതിനാൽ നിശ്ചിത തീയതി വരെ മാത്രമാണ് ബുക്ക് ചെയ്യാൻ അവസരമുള്ളത്. എപ്രിൽ, മേയ് മാസങ്ങളിലാണ് യാത്രകൾ. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് വിമാനയാത്ര ഉൾപ്പടെയുള്ള ടൂറിസം പാക്കേജുകളുമുണ്ട്.
പ്രവർത്തനം തുടങ്ങി മൂന്നു മാസം പിന്നിടുമ്പോൾ ആഭ്യന്തര യാത്രാക്കാരാണ് കണ്ണൂർ വിമാനത്താവളം കൂടുതലായും ഉപയോഗിക്കുന്നത്. ഇതിൽ നല്ലൊരു പങ്ക് വനോദസഞ്ചാരികളുമുണ്ട്. കൂട്ടമായി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴുള്ള ആനുകൂല്യം പ്രയോജനപ്പെടുത്തിയാണ് വിവിധ സംഘടനകളും സ്ഥാപനങ്ങളും വിമാനയാത്ര നടത്തുന്നത്. കുടുംബശ്രീ പ്രവർത്തകർ, സ്വയംസഹായ സംഘങ്ങൾ, റസിഡൻസ് അസോസയേഷനുകൾ എന്നിവരും വനോദയാത്രകൾ സംഘടിപ്പിക്കുന്നു.ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളലേക്കാണ് ഇത്തരത്തിലുള്ള യാത്രക്കാർ കൂടുതൽ. വിമാനത്താവളത്തിലെ സന്ദർശക ഗ്യാലറികളിലും വിദ്യാർഥികൾ ഉൾപ്പടെ നിരവധി പേരെത്തുന്നുണ്ട്.
കണ്ണൂർ വിമാനത്താവളത്തെ പ്രമുഖ ടൂറിസം കേന്ദ്രമാക്കി മാറ്റാൻ ഗോ എയർ വിമാനക്കമ്പനി ഉൾപ്പടെയുള്ളവർ പദ്ധതികൾ ആവിഷ്‌കരിക്കുന്നുണ്ട്. കണ്ണൂർ ബേസ് ക്യാമ്പാക്കി പ്രവർത്തിക്കുന്ന ഗോ എയർ അന്താരാഷ്ട്ര, ആഭ്യന്തര സർവ്വീസുകൾ നടത്തുണ്ട്. അതേ സമയം ജില്ലയിൽ ഹോട്ടൽ സൗകര്യങ്ങളുടെ അപര്യാപ്തത ടൂറിസം വികസനത്തിന് വിലങ്ങുതടിയാണ്. ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ, ഫുഡ് കോർട്ട് തുടങ്ങിയവയൊന്നും ഇനിയും കണ്ണൂർ വിമാനത്താവളത്തിൽ ഏർപ്പെടുത്തിയിട്ടില്ല.


തോട്ടിൽ കക്കൂസ് മാലിന്യം തള്ളിയ യുവാവ് അറസ്റ്റിൽ

ഇരിട്ടി: തില്ലങ്കേരിയിലെ തോട്ടിൽ കക്കൂസ് മാലിന്യം തള്ളിയ കേസിൽ യുവാവ് അറസ്റ്റിൽ . ഇടുക്കി സ്വദേശി വി.റെജിമോനെയാണ് (34)മുഴക്കുന്ന് എസ് .ഐ. അജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റ് ചെയ്തത് .കഴിഞ്ഞയാഴ്ചയായിരുന്നു. സംഭവം നിരവധിയാളുകൾ ഉപയോഗിക്കുന്ന തോട്ടിലെ വെള്ളത്തിൽ മാലിന്യം തള്ളിയത്തിന് എതിരായി വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് അറസ്റ്റ് .കണ്ണൂർ തളാപ്പിൽ താമസിച്ചു വരികയായിരുന്നു ഇയാൾ.

മത്സ്യകൃഷി പരിശീലന ക്ലാസ്സ്

ഇരിട്ടി: കൊട്ടിയൂർ ടാഗോർ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ മത്സ്യകൃഷി പരിശീലന പരിപാടി നടത്തുന്നു.ഞായറാഴ് വൈകുന്നേരം മൂന്ന് മണി മുതൽകൊട്ടിയൂർ എൻ.എസ്..എസ് .കെ.യു. പി സ്‌കുളിൽ വച്ചാണ് പരിശീലനം പരിശീലന പരിപാടിയിൽ ഫിഷറീസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ക്ലാസെടുക്കും.