ചെറുവത്തൂർ: കൊടക്കാട് വെൽഫേർ യു.പി.സ്‌കൂളിലെ മാതൃകാപരമായ നല്ല വിശേഷങ്ങൾ നേരിട്ടറിയാനും സ്വന്തം വിദ്യാലയങ്ങളിൽ അവ നടപ്പിലാക്കാനും പയ്യന്നൂരിൽ നിന്നും ഒരു സംഘം അധ്യാപകർ സ്‌കൂളിലെത്തി . പയ്യന്നൂർ ഉപജില്ല ഹെഡ്മാസ്റ്റേഴ്സ് ഫോറത്തിന്റെയും ബ്ലോക്ക് റിസോഴ്സ് സെന്ററിന്റെയും നേത്രത്വത്തിലാണ് വിദ്യാലയ മികവുകളുടെ നേർക്കാഴ്ചതേടി അധ്യാപക സംഘം എത്തിയത്.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കൊടക്കാട് സ്‌കൂളിൽ നടപ്പിലാക്കിയ വേറിട്ട പ്രവർത്തനങ്ങൾ ഒന്നാം തരം ഒന്നാന്തരമാക്കൽ പദ്ധതി, ഹരിത കേരളം മിഷൻ, കൃഷി വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ നടന്ന പച്ചക്കറി കൃഷി പഠനോദ്യാനത്തിലെ ജൈവവൈവിദ്ധ്യ വിശേഷങ്ങൾ, ടാലന്റ് ലാബ്, ലൈബ്രറി, ശാസ്ത്ര ലാബ്, കമ്പ്യൂട്ടർ ലാബ് തുടങ്ങി വിദ്യാലയം വിവിധ മേഖലകളിൽ കൈവരിച്ച നേട്ടങ്ങൾ ഓരോന്നും വിരുന്നെത്തിയ അധ്യാപകർ ചോദിച്ചു മനസ്സിലാക്കി.

ഈ സ്‌കൂളിൽ നേരിൽക്കണ്ട മികവുകൾ മാതൃവിദ്യാലയത്തിൽ അടുത്ത അധ്യയന വർഷത്തിൽ നടപ്പിലാക്കണമെന്ന തീരുമാനമെടുത്ത ശേഷമാണ് സംഘം വൈകീട്ടോടെ സ്‌കൂളിൽ നിന്ന് യാത്രയായത്. പയ്യന്നൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ടി.എം.സദാനന്ദന്റെ നേതൃത്വത്തിൽ 60 വിദ്യാലയങ്ങളിൽ നിന്നുള്ള അധ്യാപകരാണ് സ്‌കൂളിലെത്തിയത്. പ്രധാനാധ്യാപകൻ.കെ.ടി.വി. നാരായണൻ, പി.ടി.എ പ്രസിഡന്റ് പി.എസ് സുരേഷ്, സ്റ്റാഫ് സക്രട്ടറി എം. മനോഹരൻ, മദർ പി.ടി.എ.പ്രസിഡന്റ് ശ്രീജ, എം.എസ്.ആർ ജി.കൺവീനർമാരായ ബിന്ദു., വത്സല,സി.വി സതീദേവി, പുഷ്പവതി,പി.വി അനിത തുടങ്ങിയവർ നേതൃത്വം നൽകി.

പുനർലേലം 25 ന്

ചെറുവത്തൂർ: ചെറുവത്തൂർ പഞ്ചായത്തിന്റെ അധീനതയിലുള്ള കമ്മ്യൂണിറ്റി ടോയ്ലറ്റിന്റെ പുനർലേലം 25 നു രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫിസിൽ വെച്ച് നടക്കുന്നതാണ്. ഫോൺ 04672260221.