drug

തിരുവനന്തപുരം: എന്തിനുംപോന്ന ലഹരിമാഫിയ ജനത്തിന്റെ ജീവനെടുക്കാൻ കച്ചകെട്ടിയിറങ്ങിയതോടെ തലസ്ഥാനനഗരി ഭീതിയുടെ മുൾമുനയിലായി. കഴിഞ്ഞ ദിവസം കരമനയിൽ ലഹരി മാഫിയ സംഘം പട്ടാപ്പകൽ നടുറോഡിൽ നിന്ന് തട്ടിക്കൊണ്ടുപോയ അനന്തുവെന്ന യുവാവിനെ കൊലപ്പെടുത്തിയതിന്റെ ഞെട്ടൽ മാറും മുമ്പ് ശ്രീവരാഹത്ത് ലഹരിമാഫിയ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ ശ്രീവരാഹം പുന്നപുരം സ്വദേശി മണിക്കുട്ടനെന്ന യുവാവ് കൂടി കൊല്ലപ്പെട്ടതാണ് നഗരത്തെ നടുക്കിയത്.

നഗരത്തിൽ വർദ്ധിച്ചുവരുന്ന കഞ്ചാവ് ലഹരി മാഫിയകളുടെ വിളയാട്ടത്തിന് കൂച്ചുവിലങ്ങിടാൻ പൊലീസിനും എക്സൈസിനും കഴിയാത്തതാണ് ലഹരി ഉപയോഗത്തിനൊപ്പം കൊലപാതകവും ക്രിമിനൽ പ്രവർത്തനങ്ങളും വർദ്ധിക്കാൻ കാരണമായത്.

പ്രായപൂർത്തിയാകും മുമ്പേ ലഹരിക്ക് അടിമപ്പെട്ട യുവാക്കളാണ് കരമനയിലെ കൊലപാതകക്കേസിൽ പൊലീസിന്റെ പിടിയിലായത്. നഗരത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇവരിൽ പലർക്കുമെതിരെ കഞ്ചാവ് പിടികൂടിയതിനും അടിപിടി , മറ്റ് ക്രിമിനൽ പ്രവൃത്തികൾക്കും കേസുകളുണ്ട്. ലോക് സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ക്രമസമാധാന ചുമതലയുണ്ടായിരുന്ന ഓഫീസർമാരെ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റുകയും പകരം പുതിയ ആളുകൾ ചുമതലയേൽക്കുകയും ചെയ്തെങ്കിലും നഗരത്തിലെ ലഹരി മാഫിയ സംഘങ്ങളെയും ക്രിമിനലുകളെയും പുതുതായി എത്തിയവർക്ക് അത്ര പരിചയമില്ല. ഇത് മുതലെടുത്താണ് കഴിഞ്ഞ ഏതാനും ആഴ്ചകളായി നഗരത്തിൽ ക്രിമിനലുകൾ അഴിഞ്ഞാട്ടം തുടങ്ങിയത്.

കഞ്ചാവുൾപ്പെടെയുള്ള ലഹരിമരുന്നുകളുടെ വിൽപ്പനയും ഉപഭോഗവുമായി ബന്ധമുള്ള സംഘങ്ങളെചുറ്റിപ്പറ്റിയാണ് നഗരത്തിലെ ക്രിമിനലുകളുടെ വിളയാട്ടം. നഗരത്തിലും നഗരപ്രാന്തത്തിലുമുള്ള ആളൊഴിഞ്ഞ സ്ഥലങ്ങളാണ് ഇവരുടെ ക്യാമ്പ്. കോവളം പനത്തുറയിൽ വിദേശവനിതയുടെ കൊലപാതകത്തിന് ശേഷം നഗരത്തിലെ ഒറ്റപ്പെട്ട ലഹരിക്യാമ്പുകളെ പൊലീസ് പിന്തുടരുകയും ഇത്തരം കേന്ദ്രങ്ങളിൽ നിന്ന് നിരവധി പേരെ പിടികൂടുകയും ചെയ്തിരുന്നെങ്കിലും പിന്നീട് അത് നിലച്ചു. ഇതോടെ ഇത്തരം കേന്ദ്രങ്ങളെല്ലാം മുമ്പത്തെക്കാൾ ശക്തിപ്രാപിച്ചിട്ടുണ്ട്. ആളുകൾ കടന്നുചെല്ലാൻ ഭയക്കുന്ന ഒറ്റപ്പെട്ട സ്ഥലങ്ങൾ, കുറ്റിക്കാടുകൾ, തുരുത്തുകൾ, ആളൊഴിഞ്ഞ കെട്ടിടങ്ങൾ എന്നിവിടങ്ങളിലാണ് ഇത്തരം ക്യാമ്പുകൾ. സ്കൂൾ -കോളേജ് വിദ്യാർത്ഥികളുൾപ്പെടെ ഇത്തരം ക്യാമ്പുകളിൽ ലഹരി ഉപയോഗത്തിനെത്തി മാഫിയാസംഘത്തിൽ അകപ്പെടുന്നുണ്ട്.

അയൽ സംസ്ഥാനങ്ങളിൽ നിന്ന് ട്രെയിൻമാർഗം ക്വിന്റൽ കണക്കിന് കഞ്ചാവാണ് നഗരത്തിലെത്തുന്നത്. ഇതിൽ ചിലതെല്ലാം പിടികൂടുന്നുണ്ടെങ്കിലും ലഹരി മാഫിയയുടെ വേരറുക്കാൻ പൊലീസിനും എക്സൈസിനും കഴിഞ്ഞിട്ടില്ല.