മഞ്ചേശ്വരം: പൈവളിഗെ പഞ്ചായത്തിൽ പുഴയോരത്തെ വാട്ടർ പമ്പുകൾക്ക് വൈദ്യുതി വിഛേദിക്കുന്നതിൽ പ്രതിഷേധിച്ച് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ കെ. ശ്രീകാന്തിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഭാരതി എ. ശെട്ടിയെ ഉപരോധിച്ചു. കാർഷികാവശ്യങ്ങൾക്കുള്ള മോട്ടോറിന്റെ വൈദ്യുതി കണക്ഷൻ കളക്ടറുടെ വാക്കാലുള്ള നിർദ്ദേശ പ്രകാരമാണ് കെ.എസ്.ഇ.ബി കഴിഞ്ഞ ദിവസം വിച്ഛേദിച്ചത്.
വിച്ഛേദിച്ച വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാമെന്ന് ഉറപ്പ് നൽകിയതോടെ പ്രതിഷേധം അവസാനിപ്പിച്ചു.
ഷീന വാദ്യപടുപ്പ്, സദാനന്ദ പൊമ്മണ്ട, സദാനന്ദ കമ്മാട, സുരേഷ് ഹൊള്ള പഞ്ചായത്ത് ഉപാദ്ധ്യക്ഷ സുനിത വൈ.ടി. ഡിസൂസ, പഞ്ചായത്ത് അംഗങ്ങളായ സുബ്രഹ്മണ്യ ഭട്ട് ആറ്റികുക്കെ, ഗണേശ സുധംബല്ല, സുജാത ബി റൈ ബഷീർ ദേവക്കാനാ, റസിയ രസഹാക് ചിപ്പാർ, കുരുടപടവു പഞ്ചായത്ത് അംഗം താരാവി ഷെട്ടി, ബി.ജെ.പി നേതാക്കളായ സുധാമ ഗോസാഡ, ഹരിശ്ചന്ദ്ര മഞ്ചേശ്വരം, .മീഞ്ച പഞ്ചായത്ത് അംഗം ശാലിനി റൈ, ഡി.ജയപ്രകാശ്, നാരായണ തൊട്ടിക്കൊടി, കരുണാകര റൈ കല്ലിഗേ തുടങ്ങിവർ ഉപരോധത്തിന് നേതൃത്വം നൽകി.
വൈദ്യുതി മുടങ്ങും
110 കെ.വി. കൊണാജെ മഞ്ചേശ്വരം ഫീഡറിൽ കർണാടക ഭാഗത്ത് അടിയന്തിര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് രാവിലെ 10 മുതൽ വൈകീട്ട് 6 വരെ 110 കെ.വി. സബ്‌സ്റ്റേഷനുകളായ വിദ്യാനഗർ, മുള്ളേരിയ, കുബനൂർ, മഞ്ചേശ്വരം എന്നിവിടങ്ങളിൽ നിന്നും, 33 കെ.വി സബ്‌സ്റ്റേഷനുകളായ അനന്തപുരം, കാസർകോട് ടൗൺ, ബദിയടുക്ക, പെർള എന്നി സബ്‌സ്റ്റേഷനുകളിൽ നിന്നുള വൈദ്യുതി വിതരണം തടസപ്പെടും.
മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി
പാലിക്കണം: ജില്ലാ കളക്ടർ
കാസർകോട്: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു നിർദേശിച്ചു. മത വിഭാഗങ്ങൾ, ജാതികൾ, സമുദായങ്ങൾ തമ്മിൽ മതപരമോ ഭാഷാപരമോ ആയ സംഘർഷങ്ങൾ ഉണ്ടാക്കുന്നതോ ഭിന്നതകൾക്ക് ആക്കം കൂട്ടുന്നതോ പരസ്പര വിദ്വേഷം ജനിപ്പിക്കുന്നതോ ആയ യാതൊരു പ്രവർത്തനങ്ങളിലും ഇടപെടരുതെന്നും ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടർ പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പ്
ട്രൈനേഴ്‌സിന് പരിശീലനം
കാസർകോട്: ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ഉദ്യോഗസ്ഥരുടെ പരിശീലകർക്കുള്ള പരിശീലനം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു. പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം മാസാവസാനം നടക്കും. 50 പരിശീലകർ പങ്കെടുത്തു. രണ്ട് ഘട്ടങ്ങളിലായാണ് പരിശീലനം നൽകുന്നത്. ആദ്യ ഘട്ടത്തിൽ താമസസ്ഥലം ഉൾപ്പെടുന്ന നിയമസഭ മണ്ഡലത്തിന്റെ അടിസ്ഥാനത്തിലും രണ്ടാം ഘട്ടത്തിൽ ഡ്യൂട്ടി ലഭിക്കുന്ന മണ്ഡലത്തിന്റെ അടിസ്ഥാനത്തിലുമാണ് പരിശീലനം. 40 പേർ അടങ്ങുന്ന ബാച്ചുകളായാണ് പരിശീലനം. ഇലക്ഷൻ ഡപ്യൂട്ടി കളക്ടർ അബ്ദുൾ റഹ്മാൻ, നോഡൽ ഓഫീസർ കെ. വിനോദ് എന്നിവരുടെ നേതൃത്വത്തിലുള്ള മാസ്റ്റർ ട്രെയ്‌നർമാർ, ക്ലാസുകൾ കൈകാര്യം ചെയ്തു.
പാർലമെന്റ് മണ്ഡലം കമ്മിറ്റി ഓഫീസ്
നാളെ ഉദ്ഘാടനം ചെയ്യും
കാസർകോട്: എൽ.ഡി.എഫ് കാസർകോട് പാർലമെന്റ് മണ്ഡലം കമ്മിറ്റി ഓഫീസ് നാളെ വൈകിട്ട് 4ന് കാഞ്ഞങ്ങാട് ആലാമിപള്ളി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് പി. കരുണാകരൻ.എം.പി ഉദ്ഘാടനം ചെയ്യും. സി.പി.ഐ ജില്ലാ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ അദ്ധ്യക്ഷത വഹിക്കും. ടി.വി. രാജേഷ് എം.എൽ.എ, കെ.പി. സതീഷ്ചന്ദ്രൻ, എം.വി. ബാലകൃഷ്ണൻ, ടിമ്പർ മുഹമ്മദ്, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, അഡ്വ. സി.വി. ദാമോദരൻ, പി.എം. മൈക്കിൾ, മൊയ്തീൻകുഞ്ഞി കളനാട്, എ.വി. രാമകൃഷ്ണൻ, പി. കുഞ്ഞിരാമൻ നായർ, ജയിംസ് ആനിത്തോട്ടം, വി.കെ. രമേശൻ, മാട്ടുമ്മൽ ഹസൻ, കെ. പത്മനാഭൻ, കെ.എം. ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിക്കും.
ഖാദർ കമ്മീഷൻ റിപ്പോർട്ട് തള്ളിക്കളയണം:
എഫ്.എച്ച്.എസ്.ടി.എ
തൃക്കരിപ്പൂർ: പൊതു വിദ്യാഭ്യാസത്തെ തകർക്കുന്ന ഖാദർ കമ്മീഷൻ റിപ്പോർട്ട് തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് ഫെഡറേഷൻ ഓഫ് ഹയർ സെക്കൻഡറി അസോസിയേഷൻ(എഫ്.എച്ച്.എസ്.ടി.എ)നടത്തിയ രക്ഷായാത്രയ്ക്ക് തൃക്കരിപ്പൂരിൽ സ്വീകരണം നൽകി. ബസ് സ്റ്റാൻഡ് പരിസരത്തെ യോഗം എച്ച്.എസ്.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് എം. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജിജി തോമസ് അദ്ധ്യക്ഷത വഹിച്ചു. ഷെറീഫ് തങ്കയം, ടി.വി. എബ്രഹാം, എൻ. സദാശിവൻ, ടി.വി. രൂപേഷ്, ഇ.പി. ജോസ്‌കുട്ടി എന്നിവർ പ്രസംഗിച്ചു. കാസർകോട്, ചട്ടംചാൽ, കാഞ്ഞങ്ങാട്, നീലേശ്വരം എന്നീ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം ചിറ്റാരിക്കാലിൽ സമാപിച്ചു.
തൃക്കരിപ്പൂർ നിയോജക മണ്ഡലം
കമ്മിറ്റി രൂപീകരണ യോഗം
ചെറുവത്തൂർ: എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.പി. സതീഷ് ചന്ദ്രനെ വിജയിപ്പിക്കാനായി ചേർന്ന തൃക്കരിപ്പൂർ നിയോജക മണ്ഡലം കമ്മിറ്റി രൂപീകരണ യോഗം എൽ.ജെ.ഡി സംസ്ഥാന സെക്രട്ടറി വി.കെ. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. എം. രാജഗോപാലൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പി. കരുണാകരൻ എം.പി, കെ.പി സതീഷ് ചന്ദ്രൻ, സി.പി.ഐ ജില്ല അസി. സെക്രട്ടറി സി.പി വാസു, എൽ.ജെ.ഡി ജില്ല പ്രസിഡന്റ് എ.വി രാമകൃഷ്ണൻ, കോൺഗ്രസ് എസ് ജില്ലാ പ്രസിഡന്റ് കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, എൻ.സി.പി ദേശീയ സമിതി അംഗം പി.പി അടിയോടി, ഐ.എൻ.എൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സുബൈർ പടുപ്പ്, ജനാധിപത്യ കേരള കോൺഗ്രസ് ജില്ല സെക്രട്ടറി റെനി മംഗലത്ത്, ജനതാദൾ എസ് ജില്ല സെക്രട്ടറി സുരേഷ് പുതിയടത്ത്, കെ. കുഞ്ഞിരാമൻ, എം.വി കോമൻ നമ്പ്യാർ, കെ. ബാലകൃഷ്ണൻ, ടി.വി. ഗോവിന്ദൻ, ഇ. കുഞ്ഞിരാമൻ, കെ. സുധാകരൻ എന്നിവർ സംസാരിച്ചു. കെ.പി വത്സലൻ സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ: വി.വി കൃഷ്ണൻ (ചെയർമാൻ), ടി.വി ഗോവിന്ദൻ, കെ. ബാലകൃഷ്ണൻ, പി.ആർ ചാക്കോ, എം. അസിനാർ, ഇ.വി ഗണേശൻ, പി.പി അടിയോടി, പി.വി ഗോവിന്ദൻ, രാജീവൻ പുതുക്കളം, വി.കെ ഹനീഫ ഹാജി, ജോൺ അയ്മൺ (വൈസ് ചെയർമാൻ), കെ.പി വത്സലൻ (സെക്രട്ടറി), ഇ. കുഞ്ഞിരാമൻ, കെ. സുധാകരൻ, എ. അപ്പുക്കുട്ടൻ, പി. വിജയകുമാർ (ജോയിന്റ് സെക്രട്ടറി).