കൊട്ടിയൂർ: വ്യാഴാഴ്ച വൈകിട്ടോടെയാണ് അമ്പായത്തോട് ടൗണിൽ മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകൾ പതിപ്പിച്ചത്.വയനാട്ടിൽ ഏറ്റുമുട്ടലിൽ മരിച്ച മാവോയിസ്റ്റ് നേതാവ് സി.പി.ജലീലിന്റെ ഘാതകരെ അറസ്റ്റ് ചെയ്യുക, രക്തദാഹികളായ തണ്ടർബോൾട്ട് ഭീകരസേനയെ പിരിച്ചുവിടുകയെന്നീ ആവശ്യങ്ങളാണ് പോസ്റ്ററിലുള്ളത്. പോസ്റ്റർ പതിച്ച ആളെക്കുറിച്ച് പൊലീസ് ഊർജ്ജിതമായി അന്വേഷണം ആരംഭിച്ചു.
ഏതാനും മാസങ്ങൾക്ക് മുൻപ് അമ്പായത്തോട് ടൗണിൽ മാവോയിസ്റ്റുകൾ എത്തി സായുധ പ്രകടനം നടത്തുകയും ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തിരുന്നു.പിന്നീട് വയനാട്ടിൽ നടന്ന ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ മാവോയിസ്റ്റ് ഭീഷണിയുള്ള പൊലീസ് സ്രേഷനുകളിൽ സുരക്ഷ ശക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിൽ അമ്പായത്തോട് ടൗണിൽ വീണ്ടും മാവോയിസ്റ്റ് അനുകൂല പോസ്റ്റർ പ്രത്യക്ഷപ്പെട്ടത് പൊലീസ് ഗൗരവമായാണ് കാണുന്നത്.
ഇരിട്ടി ഫയർഫോഴ്സിന് പുതിന് പുതിയ നമ്പർ
ഇരിട്ടി : ഇരിട്ടി അഗ്‌നിശമന സേനാ നിലയത്തിലെ ലാന്റ്‌ഫോണിൽ നിരന്തരമുണ്ടാകുന്ന തടസ്സങ്ങൾ പരിഹരിക്കുന്നതുവരെ താഴെക്കൊടുത്തിരിക്കുന്ന മൊബൈൽ നമ്പർ ഉപയോഗിക്കണമെന്ന് ഇരിട്ടി സ്റ്റേഷൻ ഓഫീസർ അറിയിച്ചു. മേഖലയിൽ ഉണ്ടാകുന്ന വേനൽക്കാല തീപ്പിടുത്തങ്ങളും മറ്റു അത്യാഹിതങ്ങളും വിളിച്ചറിയിക്കമ്പോൾ ഫോൺ കിട്ടാത്ത അവസ്ഥയുണ്ട്. ഫോൺ: 9497822001
എംഎം ചന്ദ്രൻ ദിനം ആചരിച്ചു.
പാനൂർ:എം.എം. ചന്ദ്രന്റെ പത്താം ചരമവാർഷിക ദിനം സമുചിതമായി ആചരിച്ചു. സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും ചമ്പാട് അരയാക്കൂൽ കേന്ദ്രീകരിച്ചു പ്രകടനവും നടന്നു. സി.കെ. അശോകൻ, കെ. രവീന്ദ്രൻ, കെ. ജയരാജൻ എന്നിവർ പ്രകടനത്തിനു നേതൃത്വം നൽകി. സി.പി. എം പാനൂർ ഏരിയ സെക്രട്ടറി കെഇ കുഞ്ഞബ്ദുല്ല അനുസ്മരണ പ്രഭാഷണം നടത്തി.അരയാക്കൂൽ ലക്ഷം വീട് പരിസരത്തു നടന്ന ദിനാചരണ പൊതുയോഗം സി.പി. എം ജില്ല കമ്മിറ്റിയംഗം പി. ശശി ഉദ്ഘാടനം ചെയ്തു.പി. മനോജ് അദ്ധ്യക്ഷനായി. ഏരിയ കമ്മിറ്റിയംഗം ഇ.വിജയൻ, ചമ്പാട് ലോക്കൽ സെക്രട്ടറി കെ.പി. ശശിധരൻ, കെ. ആദർശ് എന്നിവർ സംസാരിച്ചു. കെ.കെ. മണിലാൽ സ്വാഗതം പറഞ്ഞു.
ആരോഗ്യ ബോധവൽകരണ ക്ലാസ്
ചെറുപുഴ: കുണ്ടംതടം ഗ്രാമീണ വയനശാല, ചെറുപുഴ ജെ.സി.ഐ, കുണ്ടംതടം ആയുർ ആരോഗ്യ ആയുർവേദ ആശുപത്രി എന്നിവയുടെ നേതൃത്വത്തിൽ ആരോഗ്യ ബോധവത്കരണ ക്ലാസ് നടത്തി. പഞ്ചായത്തംഗം വി. രാജൻ ഉദ്ഘാടനം ചെയ്തു. സ്ത്രീകളുടെ ആരോഗ്യം ആയുർവേദത്തിലൂടെ എന്ന വിഷയത്തിൽ ഡോ. സരിത സതീഷ് ക്ലാസെടുത്തു. സാനിറ്ററി ഉൽപന്നങ്ങളുടെ വിതരണം ഡോ. ജിനോ ഗോപാൽ നിർവ്വഹിച്ചു. റഹീമ മുസ്തഫ, വി.എൻ. ഗോപി, പി.പി. തങ്കപ്പൻ, നളിനി കരാള, ടി.വി. ഷീന എന്നിവർ പ്രസംഗിച്ചു.