ആംബുലൻസിന് കാശില്ലാതെ ഭാര്യയുടെ മൃതദേഹം ചുമന്ന് കിലോമീറ്ററുകളോളം കാൽനടയായി സഞ്ചരിച്ച ദാനാമാജി എന്ന ആദിവാസി യുവാവിന്റെ ചിത്രം ഹൃദയം മുറിയുന്ന വേദനയോടെയാണ് ഇന്ത്യ കണ്ടത്. കോരാപൂരിൽ അർദ്ധസൈനിക വിഭാഗത്തിൽപെട്ടവർ കൂട്ടമാനഭംഗത്തിരയാക്കിയ യുവതി ജീവനൊടുക്കിയതും കട്ടക്കിലെ സാലിപൂരിൽ ആറു വയസുകാരിയെ മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തിയതും നാടിനെ നടുക്കിയ ദുരന്തങ്ങളാണ്. ഒഡിഷയുടെ വർത്തമാനകാല പരിച്ഛേദങ്ങളായ വിവാദ വിഷയങ്ങൾ ഉയർത്തിപ്പിടിച്ചാണ് ബി.ജെ.പിയും കോൺഗ്രസും ഇവിടെ പ്രചാരണം നയിക്കുന്നത്.
കഴിഞ്ഞ ഉപതിരഞ്ഞെടുപ്പുകളിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ആഞ്ഞുവീശിയ താമരക്കാറ്റ് ഒഡിഷയിൽ ചുഴലിയാകുമെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ പ്രഖ്യാപിച്ചതും ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു. അതേസമയം ലോക്സഭയിൽ ഒരു സീറ്റ് മാത്രമുള്ള ബി.ജെ.പിക്ക് ഇത്തവണ അത്ഭുതങ്ങളൊന്നും കാണിക്കാൻ കഴിയില്ലെന്ന ആത്മവിശ്വാസമാണ് ഒഡിഷ ഭരിക്കുന്ന ബിജു ജനതാദൾ നേതൃത്വത്തിനുള്ളത്. എന്നാൽ സ്വന്തം പാർട്ടിയുടെ എം.പി ബാലാഭദ്രമാജി ബി.ജെ.പിയിലേക്ക് ചേക്കേറിയത് നവീൻപട് നായികിനെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പിനും അരങ്ങൊരുങ്ങുമ്പോൾ ബി.ജെ.പി എന്തൊക്കെയോ പ്രതീക്ഷിക്കുന്നുണ്ടെന്ന സൂചനയാണ് ഭദ്രമാജിയെ പോലുള്ളവരുടെ കൂടുമാറ്റമെന്ന് വിശേഷിപ്പിക്കുന്നവരുണ്ട്. അഞ്ചാം തവണയും പടനയിക്കുന്നത് ബിജു ജനതാദൾ അദ്ധ്യക്ഷൻ നവീൻ പട്നായിക് തന്നെയാണ്. റണ്ണർ അപ് ആകാൻ ബി.ജെ.പിയും കോൺഗ്രസും മത്സരിക്കുകയാണ്. ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും പൊതുശത്രുവാണ് മുഖ്യമന്ത്രി നവീൻ പട് നായിക്. കോൺഗ്രസിനും ബി.ജെ.പിക്കും നിലനിൽപ്പിന്റെ കൂടി പോരാട്ടമാണ് ഇവിടെ തിരഞ്ഞെടുപ്പ്.
ദേശീയതലത്തിൽ പ്രതിപക്ഷകക്ഷികൾ കൈകോർത്തപ്പോഴൊക്കെ നവീൻ പട്നായിക് സ്വന്തം സംസ്ഥാനത്ത് തന്നെ ഒതുങ്ങിക്കൂടുകയായിരുന്നു. സംസ്ഥാന ഭരണത്തിലാണ് തനിക്ക് താത്പര്യമെന്ന് ഇടയ്ക്കിടെ ഓർമ്മിപ്പിക്കാനും അദ്ദേഹം മറന്നില്ല. പ്രധാനമന്ത്രി മോദിയെയും അമിത് ഷായെയും ഇടയ്ക്കിടെ ഒഡിഷയിൽ കൊണ്ടുവന്ന് ബി.ജെ.പി പ്രസംഗിപ്പിച്ചതു വെറുതെയല്ലെന്ന തിരിച്ചറിവ് നവീൻ പട്നായിക്കിനുണ്ട്. അതുകൊണ്ടുതന്നെ അഞ്ചാം തവണയും തന്റെ കസേര ഉറപ്പിക്കാൻ ജാഗ്രതയോടെയാണ് അദ്ദേഹം കരുനീക്കങ്ങൾ നടത്തുന്നത്. 147 നിയമസഭാ മണ്ഡലങ്ങളുള്ള ഒഡിഷയിൽ 21 ലോക്സഭാ സീറ്റുകളുണ്ട്. ആദ്യതിരഞ്ഞെടുപ്പ് പരിപാടികളിൽ മോദിയും അമിത് ഷായും നവീൻ പട്നായികിനെ കടുത്ത ഭാഷയിൽ വിമർശിച്ചെങ്കിലും കഴിഞ്ഞ പൊതുയോഗങ്ങളിൽ അദ്ദേഹത്തോട് മൃദുസമീപനമാണ് സ്വീകരിച്ചത്. നിയമസഭയിൽ ബി.ജെ.ഡിക്ക് കുറവ് വന്നാൽ ബി.ജെ.പിയുടെ സഹായം തേടാനും അതുവഴി ദേശീയതലത്തിൽ ബി.ജെ.പിക്ക് പിന്തുണ ഉറപ്പിക്കാനുമുള്ള തന്ത്രങ്ങളായി വിലയിരുത്തുന്നവരുണ്ട്. കോൺഗ്രസിന്റെയും പിന്നീട് ജനതാദളിന്റെയും നേതാവായി 2700 ദിവസത്തോളം ഒഡീഷ ഭരിച്ച ബിജു പട്നായികിന്റെ മകനായ നവീൻ പട്നായിക് 2000 മാർച്ച് അഞ്ചിനാണ് മുഖ്യമന്ത്രിയായി ചുമതലയേറ്റത്. അതിനു മുമ്പ് രണ്ട് വർഷത്തോളം വാജ്പേയ് മന്ത്രിസഭയിൽ ഖനിമന്ത്രിയായിരുന്നു. 1998 മുതൽ 2009 വരെ ബി.ജെ.പിയുമായി സംഖ്യത്തിലായിരുന്ന ബി.ജെ.ഡി 2009 മുതലേ തിരഞ്ഞെടുപ്പ് മുതലാണ് തനിച്ച് മത്സരിക്കാൻ തുടങ്ങിയത്. രണ്ടുതവണ ബി.ജെ.പിയുടെ പിന്തുണയോടെ മുഖ്യമന്ത്രിയായ നവീൻ കഴിഞ്ഞ രണ്ടുതവണയും തനിച്ച് മത്സരിച്ചാണ് അധികാരത്തിലെത്തിയത്. ബി.ജെ.പിയെ കൂട്ടുപിടിച്ചാണ് നവീൻ അക്കാലത്ത് കോൺഗ്രസിന്റെ അടിത്തറ തകർത്തത്. കോൺഗ്രസ് ദുർബലമായതിനു പിന്നാലെ ബി.ജെ.പിക്കും അടിതെറ്റി. എന്നാൽ 2017 ൽ ബി.ജെ.പി കരുത്തുകാട്ടി . പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ തോൽപ്പിച്ച് ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തി. 853 ജില്ലാ പഞ്ചായത്ത് സീറ്റുകളിൽ 297 എണ്ണം ബി.ജെ.പി നേടി. 2012 ൽ വെറും 36 സീറ്റുകൾ മാത്രമാണ് ബി.ജെ.പിക്കുണ്ടായിരുന്നത്. കോൺഗ്രസിനാകട്ടെ 2012ൽ 128 സീറ്റുണ്ടായിരുന്നത് 60 സീറ്റായി ചുരുങ്ങി. ബി.ജെ.ഡിക്ക് 674ൽ നിന്ന് 473 ആയി കുറഞ്ഞു. തുടർച്ചയായ 19 വർഷത്തെ ഭരണത്തിനു ശേഷമാണ് നവീൻ പട്നായിക് അഞ്ചാമൂഴത്തിനായി വീണ്ടും ജനവിധി തേടുന്നത്. കർഷകരുടെ പ്രശ്നങ്ങളാണ് തിരഞ്ഞെടുപ്പിൽ ഇത്തവണ സജീവ വിഷയമാകുന്നത്. കാർഷികമേഖല കടുത്ത പ്രതിസന്ധി നേരിടുകയാണ്. സംസ്ഥാന ജനസംഖ്യയുടെ 70 ശതമാനത്തോളം കർഷകരാണ്. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി മൂന്നുറാലികളിൽ പ്രസംഗിച്ചപ്പോഴൊക്കെ കർഷകരുടെ വികാരം ഉയർത്തിപ്പിടിക്കാനാണ് ശ്രമിച്ചത്. തൊട്ടടുത്ത സംസ്ഥാനമായ ഛത്തീസ്ഗഢിൽ അധികാരത്തിലേറിയ ഉടൻ കോൺഗ്രസ് സർക്കാർ കർഷകരുടെ വായ്പകൾ എഴുത്തിത്തള്ളിയതു പോലെ ഒഡിഷയിലും നടപ്പാക്കുമെന്നാണ് പ്രഖ്യാപിച്ചത്. ബി.ജെ.പിയും ഇതേ വാഗ്ദാനം തന്നെയാണ് നൽകിയിരിക്കുന്നത്.
അരയും തലയും മുറുക്കി കോൺഗ്രസ്
രണ്ടു പതിറ്റാണ്ടായി തുടർച്ചയായി പരാജയങ്ങൾ ഏറ്റുവാങ്ങുന്ന കോൺഗ്രസിന് രാഹുൽ ഗാന്ധിയുടെ നായകത്വം പുതിയ ആവേശം പകർന്നിരിക്കയാണ്. ഒക്ടോബറിൽ 44 പേരുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു കൊണ്ടുള്ള തിരഞ്ഞെടുപ്പ് പ്രവർത്തനം കോൺഗ്രസ് നേരത്തെ തന്നെ തുടങ്ങിയിട്ടുണ്ട്. നിരഞ്ജൻ പട്നായിക്കും ജിതേന്ദ്ര സിംഗും ചേർന്നാണ് കോൺഗ്രസിനെ നയിക്കുന്നത്. സംസ്ഥാനത്തിന്റെ പിന്നാക്കാവസ്ഥയും കാർഷികമേഖലയുടെ തകർച്ചയുമാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ ആയുധമാക്കുന്നത്.
ബി.ജെ.പിയുടെ മോഹം നടക്കുമോ?
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വീശിയ ബി.ജെ.പി അനുകൂലകാറ്റ് ഒഡിഷയിൽ അട്ടിമറി വിജയത്തിന് കളമൊരുക്കുമെന്ന പ്രതീക്ഷയാണ് ബി.ജെ.പിക്കുള്ളത്. അമിത്ഷായുടെ വലംകൈയായ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനും സംസ്ഥാനത്ത് നിന്നുള്ള ഏക ലോക്സഭാ അംഗവും കേന്ദ്രമന്ത്രിയുമായ ജുവൽ ഒറാമും ചേർന്ന് മുന്നേറാനുള്ള ഒരുക്കത്തിലാണ് ബി.ജെ.പി. കഴിഞ്ഞ വർഷം ഏപ്രിലിൽ ഭുവനേശ്വരിൽ ദേശീയ എക്സിക്യൂട്ടീവ് സംഘടിപ്പിച്ചതും ഒഡിഷ പിടിക്കുക എന്ന ലക്ഷ്യം വച്ചു കൊണ്ടു തന്നെയായിരുന്നു. എന്തായാലും കളി കണ്ടു തന്നെ അറിയണമെന്ന നിലപാടിലാണ് ബിജു ജനതാദൾ നേതൃത്വം. ഭരണവിരുദ്ധ വികാരം അനുകൂലമാക്കാനുള്ള ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും തന്ത്രങ്ങൾക്ക് ഒഡിഷ വേദിയാകുകയാണ്.