പാനൂർ:പാനൂർ ബ്ലോക്ക്പഞ്ചായത്ത് വയോജനങ്ങൾക്കായി നടപ്പാക്കിയ യോഗാ പരിശീലന പരിപാടി വിജയത്തിലേക്ക്. ബ്ലോക്കിന്റെ തനത് പരിപാടിയെന്ന നിലയിലാണ് വയോജനങ്ങൾക്ക് യോഗാ പരിശീലനത്തിന് അവസരമൊരുക്കിയത്. 2018-- 19 വാർഷിക പദ്ധതിയിൽപ്പെടുത്തി ഐ.സി.ഡി.എസിന്റെ നേതൃത്വത്തിൽ കതിരൂർ, പന്ന്യന്നൂർ, ചൊക്ലി, മൊകേരി പഞ്ചായത്തുകളിൽ 15 കേന്ദ്രങ്ങളൊരുക്കിയാണ് യോഗാ പരിശീലനമാരംഭിച്ചത് .

460 പേർ പരിശീലനത്തിൽ പങ്കെടുത്തു. 1,32,000 രൂപയാണ് പദ്ധതിക്കായി നീക്കിവച്ചത്. യോഗാ പരിശീലകരായ കെ. രവീന്ദ്രൻ , പി.പ്രസന്ന എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസ് നടന്നത്. വയോജന യോഗാ പരിശീലന പദ്ധതിയുടെ പാനൂർ ബ്ലോക്ക് തല സമാപനം പ്രസിഡന്റ് എൻ. അനൂപ് നിർവഹിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വീടുകളിൽ ഒതുങ്ങിയിരുന്നവർക്ക് യോഗ നൽകിയ ആശ്വാസം ചെറുതല്ലെന്ന് പരിശീലനത്തിൽ ആവേശത്തോടെ പങ്കെടുത്ത സ്ത്രീകളടക്കമുള്ളവർ പറഞ്ഞു. സി.ഡി.പി.ഒ കെ.എൻ ഉമ അധ്യക്ഷയായി. ബി.ഡി.ഒ ടി.വി സുഭാഷ്, ജി.ഇ.ഒ പി.സന്തോഷ്, എക്സ്റ്റൻഷൻ ഓഫീസർ കെ.ബാബു തുടങ്ങിയവർ സംസാരിച്ചു. അടുത്ത വർഷങ്ങളിലും യോഗാ പരിശീലനം തുടരാനാണ് പാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ തീരുമാനം.

ചിലവ് നിരീക്ഷണത്തിന് സ്ക്വാ‌ഡുണ്ട്

രേഖയില്ലാതെ അരലക്ഷത്തിലധികം കൈയിൽ വേണ്ട
കണ്ണൂർ: ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചെലവ് നിരീക്ഷണത്തിനായി രൂപീകരിച്ച ടീമുകൾ അടുത്ത ദിവസങ്ങളിൽ ഇറങ്ങും. ഇതിന് മുന്നോടിയായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ പരിശീലനം നൽകി. നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ രൂപീകരിച്ച ഫ്‌ളൈയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സർവെയ്‌ലൻസ് ടീം, വീഡിയോ സർവെയ്‌ലൻസ് ടീം എന്നിവർക്കാണ് വിവിധ വിഷയങ്ങളിൽ പരിശീലനം നൽകിയത്.
അനധികൃതമായി കൈവശം വയ്ക്കുന്ന പണം, മദ്യം, ആയുധങ്ങൾ എന്നിവ കണ്ടെത്തുകയാണ് സ്റ്റാറ്റിക് സർവെയ്‌ലൻസ് ടീമിന്റെ ദൗത്യം. ഇതിനായി ഓരോ ടീമും മണ്ഡലത്തെക്കുറിച്ച് കൃത്യമായ പഠനം നടത്തിയതിന് ശേഷം ആവശ്യമായ സ്ഥലങ്ങളിൽ ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ച് പരിശോധന നടത്തും. ടീം നടത്തുന്ന പരിശോധനകളും നടപടികളും വീഡിയോയിൽ ചിത്രീകരിക്കും. 50000 രൂപ വരെയാണ് ഒരാൾക്ക് രേഖകളില്ലാതെ കൈയിൽ സൂക്ഷിക്കാൻ കഴിയുക. ഇതിൽ കൂടുതൽ പണം രേഖകളില്ലാതെ കണ്ടെടുക്കുന്ന പക്ഷം അവ കണ്ടുകെട്ടി എക്‌സ്‌പെന്റീച്ചർ മോണിറ്ററിംഗ് സെല്ലിൽ ഹാജരാക്കും. പിന്നീട് രേഖകൾ ഹാജരാക്കുന്ന മുറയ്ക്ക് പണം ബന്ധപ്പെട്ടവർക്ക് തിരികെ നൽകും.
അനധികൃതമായി പണമോ മദ്യമോ മറ്റ് വസ്തുളോ സൂക്ഷിച്ചിട്ടുണ്ടെന്ന് വിവരം ലഭിക്കുകയാണെങ്കിൽ എത്രയും പെട്ടെന്ന് സ്ഥലത്തെത്തി ഇവ പിടിച്ചെടുക്കുക എന്നുള്ളതാണ് ഫ്‌ളൈയിംഗ് സ്‌ക്വാഡിന്റെ ദൗത്യം. ഒരോ മണ്ഡലത്തിലും നടക്കുന്ന തെരഞ്ഞെടുപ്പ് പരിപാടികൾ പൂർണമായും ചിത്രീകരിക്കുക എന്നാണ് വീഡിയോ സർവെയ്‌ലൻസ് ടീമിന്റെ ചുമതല. ഇവർ ചിത്രീകരിക്കുന്ന വീഡിയോയിലൂടെ സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് ചെലവ് കണക്കാക്കും. സ്ഥാനാർത്ഥിയുടെ ഓരോ പരിപാടിയിലും ഉപയോഗിക്കുന്ന വാഹനങ്ങൾ, കട്ടൗട്ടുകൾ, സ്റ്റേജുകൾ, കസേരകൾ ഉൾപ്പെടെ ചിത്രീകരിച്ചിരിക്കണം. പരിപാടിയെക്കുറിച്ചും അതിൽ ഉപയോഗിക്കുന്ന വസ്തുക്കളെക്കുറിച്ചുമുള്ള ചെറു വിവരണവും ഇവർ നൽകണം. ഇതിന്റെ വിഡിയോ അതാത് ദിവസം വീഡിയോ വ്യൂവിംഗ് ടീമിനെ ഏൽപ്പിക്കണമെന്നും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
പൊതു സ്ഥലത്തുള്ള എല്ലാ പോസ്റ്ററുകളും നീക്കം ചെയ്യണമെന്നും ഇതിനായി ചെലവഴിക്കുന്ന പണം ബന്ധപ്പെട്ട സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് ചെലവിൽ ഉൾപ്പെടുത്തുമെന്നും ജില്ലാ കളക്ടർ പറഞ്ഞു. എല്ലാ പോളിംഗ് സ്റ്റേഷനുകളും സന്ദർശിച്ച് സ്ഥാനാർത്ഥിയെയോ പാർട്ടിയെയോ ചിഹ്നത്തെയോ സൂചിപ്പിക്കുന്ന എല്ലാ പോസ്റ്ററുകളും നീക്കം ചെയ്യണം. ഒരു സ്ഥലത്തെ പോസ്റ്ററുകൾ നീക്കം ചെയ്യാൻ തുടങ്ങിയാൽ അത് പൂർത്തിയാക്കിയത് ശേഷം മാത്രമേ മറ്റിടങ്ങളിലേക്ക് നീങ്ങാൻ പാടുള്ളൂവെന്നും ജില്ലാ കളക്ടർ പറഞ്ഞു.
സി വിജിൽ ആപ്പിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും യോഗം വിശദീകരിച്ചു. ജില്ലാ ഫിനാൻസ് ഓഫീസർ പി വി നാരായണൻ, ജില്ലാ ഇൻഫർമാറ്റിക്‌സ് ഓഫീസർ ആൻഡ്രൂസ് വർഗീസ്, ഇലക്ഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ കെ ഷനോജ്, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിശീലന പരിപാടിയിൽ പങ്കെടുത്തു.

ഫ്ളയിംഗ് സ്ക്വാഡ്

ഒരു സീനിയർ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ്, രണ്ട് പോലീസ് ഓഫീസർ, ഒരു വീഡിയോഗ്രാഫർ എന്നിവർ ഉൾപ്പെട്ടതാണ് ഒരു ഫ്‌ളൈയിംഗ് സ്‌ക്വാഡ്. സ്റ്റാറ്റിക് സർവയലൻസ് ടീമിൽ ഒരു സീനിയർ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ്, രണ്ട് പോലീസുകാർ, വീഡിയോഗ്രാഫർ എന്നിവരും വീഡിയോ സർവയലൻസ് ടീമിൽ ഒരു ചാർജ്ജ് ഓഫീസറും ഒരു വീഡിയോ ഗ്രാഫറുമാണുള്ളത്.