പയ്യന്നൂർ: ഏഴിമല നാവിക അക്കാഡമിയിൽ നിന്നും മലിനജലം ഒഴുകി എത്തി രാമന്തളി ഏറൻ പുഴ മലിനമായെന്ന പരാതിയിൽ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ ശനിയാഴ്ച വീണ്ടും പുഴയിൽ പരിശോധന നടത്തി. പുഴയിൽ രാമന്തളി കടവ് ഭാഗത്തു നിന്നും പരിശോധനയ്ക്കായി വെള്ളം ശേഖരിച്ചു. ജില്ലാ കലക്ടറുടെ നിർദ്ദേശത്തെ തുടർന്നാണ് മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ പ്രത്യേകമായി പുഴ പരിശോധനയ്ക്കായി എത്തി വെള്ളം ശേഖരിച്ചത്.
ഒരു മാസം മുമ്പ് ഹരിത ബ ശുചിത്വ കേരള മിഷൻ എന്നിവയുടെ സഹകരണത്തോടെ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ രാമന്തളി പുഴയിലെ നാല് ഭാഗങ്ങളിൽ നിന്നും വെള്ളം പരിശോധനയ്ക്കായി കൊണ്ടുപോയിരുന്നു.ഇതിന്റെ പരിശോധന ഫലം കഴിഞ്ഞ ആഴ്ച ജില്ലാ കലർക്ടർക്ക് സമർപ്പിച്ചു.ഈ റിപ്പോർട്ടിൽ ഒരു ഭാഗത്ത് ഒഴിച്ച് മറ്റ് ഭാഗങ്ങളിലെ പുഴയിൽ മാലിന്യം കലർന്നിട്ടില്ലെന്ന റിപ്പോർട്ടാണ് മലിനീകരണ നിയന്ത്രണ ബോർഡ് കലക്ടർക്ക് സമർപ്പിച്ചത്.രാമന്തളി കടവ് ഭാഗത്തെ വെള്ളത്തിലാണ് കോളിഫോം ബാക്ടീരിയുടെ സാന്നിദ്ധ്യം അടക്കമുള്ള മാലിന്യങ്ങൾ കലർന്നതായി തെളിഞ്ഞത്.ഇതേ തുടർന്നാണ് ഈ പ്രദേശത്ത് വീണ്ടും പരിശോധന നടത്താൻ കളക്ടർ നിർദ്ദേശം നൽകിയത്.
രാമന്തളി പുഴ വെള്ളത്തിന് നിറവ്യത്യാസം അനുഭവപ്പെട്ടതായും മത്സ്യതൊഴിലാളികൾക്ക് ചർമ്മ രോഗം അടക്കമുള്ള ശാരീരിക പ്രശ്‌നങ്ങൾ ഉണ്ടാകുകയും ചെയ്തതിനെ തുടർന്ന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജല അതോറിറ്റി പുഴ വെള്ളം പരിശോധിച്ചിരുന്നു. ഈ റിപ്പോർട്ടിൽ പുഴ വെള്ളം അതീവ മലിനമാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് മുഖ്യമന്ത്രിക്കും ജില്ലാ കളക്ടർക്കും പരാതി നൽകിയിരുന്നു.ഇതേ തുടർന്നാണ് ഹരിത ശുചിത്വമിഷനുകളുടെ സഹകരണത്തോടെ കഴിഞ്ഞ മാസം മലിനീകരണ നിയന്ത്രണ ബോർഡ് രാമന്തളി പുഴയിലെ വെള്ളം പരിശോധിച്ചത്.ഇന്നലെ നടന്ന പുഴ വെള്ള പരിശോധനയ്ക്ക് മലിനീകരണ നിയന്ത്രണ ബോർഡ് എൻവയോൺമെന്റ് എൻജിനീയർ അനിത കോയൻ, പഞ്ചായത്തംഗം കെ. പി. രാജേന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.
അനുഗ്രഹം തേടി സുധാകരൻ
കണ്ണൂർ: പാർലമെന്റ് മണ്ഡലം യു.ഡി.എഫ്. സ്ഥാനാർത്ഥി കെ.സുധാകരൻ രാവിലെ പ്രമുഖപണ്ഡിതനും സമസ്ത മുശാവിറ കമ്മിറ്റി അംഗവുമായ മാണിയൂർ അഹമ്മദ്മുസ്ലിയാരെ നേരിൽ കണ്ട് അനുഗ്രഹം നേടിയാണ് ഇന്നലത്തെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി ആരംഭിച്ചത്.
മാണിയൂർ ഉസ്താദിനെ സന്ദർശിച്ചതിനു ശേഷം 11.30.ഓടെയാണ് ഏച്ചുർ നളന്ദ കോളജിൽ എത്തിയത്. കെ.എസ്. യു. ജില്ലാപ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ്,സംസ്ഥാന സെക്രട്ടറി എം. കെ.വരുൺ,ബ്ലോക്ക് പ്രസിഡന്റ്,ആദർശ്. ജി.കെ,യൂണിറ്റ് പ്രസിഡന്റ് രാഹുൽ ബാലൻ.എന്നിവരുടെ നേതൃത്വത്തിലാണ് അദ്ദേഹത്തെ കോളേജിലേക്ക് ആനയിച്ചത്.
ക്ലാസ്സ് മുറികളിൽ കയറി വിദ്യാർത്ഥികളോട് തെരഞ്ഞെടുപ്പിന്റെ പ്രാധാന്യവും, കോൺഗ്രസ് നേതൃത്വത്തിലുള്ള ഗവണ്മെന്റ് കേന്ദ്രത്തിൽ അധികാരത്തിൽ വരേണ്ടതിന്റെ ആവശ്യകതയും വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തി വോട്ട് അഭ്യർത്ഥിച്ചാണ് രണ്ടു മണിയോടെ മടക്കം.മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി. കെ.പി. താഹിർ, കോൺഗ്രസ് നേതാക്കളായ.എം.കെ.മോഹനൻ,സുധീഷ് മുണ്ടേരി, ലക്ഷ്മണൻ തുണ്ടിക്കോത്ത് തുടങ്ങിയവരും സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു.
യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ നാളെ
കണ്ണൂർ പാർലമെന്റ് മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ നാളെ രാവിലെ 10 മണിക്ക് കണ്ണൂർ സാധു കല്യാണ മണ്ഡപത്തിൽ നടക്കും.മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം പി കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.