പരിചരണമില്ലാത്തതിനാലെന്ന് ആരോപണം
ചെറുവത്തൂർ: കൊടും ചൂടും വരൾച്ചയും താങ്ങാനാവാതെ കൃഷി ആവശ്യത്തിനായി 55 ലക്ഷം രൂപ ചെലവിൽ നവീകരിച്ചു പണിത കൊടക്കവയൽ ചാൽ വറ്റിവരണ്ടു.
ചെറുവത്തൂർചീമേനി പഞ്ചായത്തുകളുടെ അതിർത്തിയായി ഒഴുകുന്ന കൽനടതോടിനു പരിസരത്തായാണ് 200 മീറ്റർ നീളവും 100 മീറ്റർ വീതിയുമുള്ള വലിയ കുളം (ചാൽ ) നിലകൊള്ളുന്നത്. രണ്ടു വർഷങ്ങൾക്ക് മുമ്പായി ജലസേചന വകുപ്പാണ് ജലനിധി പദ്ധതിയിൽ ഉൾപ്പെടുത്തി ചാൽ നവീകരിച്ചത്. കുളത്തിന്റെ അതിരുകൾ ഇടിയാതിരിക്കാൻ രണ്ടു തട്ടുകളിലായി കരിങ്കൽപാകി നവീകരിച്ച കുളത്തിനു ഒരു സെവൻസ് ഫുട്ബാൾ മൈതാനത്തിന്റെ വിസ്തീർണ്ണമുണ്ട്. എന്നാൽ ഇപ്പോൾ പേരിനുപോലും ഒരിറ്റ് വെള്ളം ഇല്ല.
ചീമേനി, ചെറുവത്തൂർ എന്നീ പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന കൊടക്കവയലിൽ ഇരു ഭാഗങ്ങളിലുമായി ആയിരക്കണക്കിന് ഏക്കർ വയലുണ്ട്. കൽനട തോടിൽ നിന്നും പരിസരത്തായുള്ള ചാലിൽ നിന്നുമുള്ള വെള്ളം ഉപയോഗിച്ചാണ് ഇവിടെ കൃഷി ചെയ്തിരുന്നത്. എന്നാൽ ഇത്തവണ നേരത്തെ തന്നെ തോടും ചാലും വറ്റിവരണ്ടതോടെ മൂന്നാംവിള കൃഷി അവതാളത്തിലായി.
അതേസമയം വേണ്ടത്ര പരിചരണമില്ലാത്തതിനാലാണ് കൊടക്കവയൽ ചാൽ വറ്റിവരണ്ടതെന്ന് കർഷകർ ആരോപിക്കുന്നു. ചെളിയും മണ്ണും നീക്കിയാൽ ചെറുവത്തൂർ, ചീമേനി പഞ്ചായത്തുകളിലെ ശുദ്ധജല ക്ഷാമം പരിഹരിക്കാൻ ഉതകുന്ന ബൃഹത്തായ പദ്ധതിയായി മാറ്റാൻ കഴിയുമെന്നും ഇവർപറയുന്നു.
നശിക്കുന്നത് ജലസ്രോതസ്
ചീമേനിയും ചെറുവത്തൂരിന്റെ പടിഞ്ഞാറൻ മേഖലയും കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളാണ്. വറ്റിവരണ്ട കൊടക്കവയൽ ചാലിലെ ചെളിയും മണ്ണും നീക്കി ഉറവ സാധ്യമാക്കിയാൽ വേനലിൽ കുടിവെള്ള വിതരണം ചെയ്യാനുതകുന്ന വലിയൊരു ജലസ്രോതസാക്കി മാറ്റാൻ കഴിയും. പരിശ്രമിച്ചാൽ ജില്ലയിലെ തന്നെ ഏറ്റവും വലിയ ശുദ്ധജല പദ്ധതിയായി ഇതിനെ ഉപയോഗപ്പെടുത്താൻ കഴിയുമെന്നാണ് നാട്ടുകാർ പറയുന്നത്.
വറ്റിവരണ്ട കൊടക്കവയൽ ചാൽ