ചെറുവത്തൂർ: സാമൂഹികവിരുദ്ധർക്ക് താവളമായി ഒരു കെട്ടിട സമുച്ചയം. ചെറുവത്തൂർ ടെക്നിക്കൽ ഹൈസ്‌കൂൾ കോമ്പൗണ്ടിൽ ഹോസ്റ്റലായി ഉപയോഗിച്ചിരുന്ന കെട്ടിടമാണ് സാമൂഹികവിരുദ്ധർ താവളമാക്കിയിരിക്കുന്നത്.

ഇവിടെ പഠിച്ചിരുന്ന അൻപതോളം കുട്ടികൾ താമസിച്ചിരുന്ന ഈ കെട്ടിടം സുരക്ഷിതമല്ലാത്തതിനാൽ വിദ്യാർത്ഥികൾ പുതിയ ഹോസ്റ്റലിലേക്ക് മാറുകയായിരുന്നു. തുടർന്നാണ് അടച്ചുറപ്പില്ലാത്ത ഈ കെട്ടിടം സാമൂഹിക വിരുദ്ധരുടെ താവളമായത്.

ഇരുപത് ഏക്രയോളം പരന്നുകിടക്കുന്ന സ്ഥലത്താണ് സ്‌കൂളും കോമ്പൗണ്ടും തീർത്തും വിജനമായ നിലയിൽ നിലകൊള്ളുന്നത്. ഒരു വാച്ച്മാനാണ് സ്‌കൂളും പരിസരവും നിരീക്ഷിക്കാനായി ഇവിടെയുള്ളത്. പകൽപോലും മദ്യവുമായി സാമൂഹികവിരുദ്ധർ ഈ കോമ്പൗണ്ടിന്റെ പല ഭാഗങ്ങളിലും തമ്പടിക്കാറുണ്ടെന്ന് പരിസരവാസികൾ പറയുന്നു.

സ്‌കൂൾ പരിസരങ്ങളിലും മറ്റും പലപ്പോഴും ഒഴിഞ്ഞ മദ്യക്കുപ്പികളും ഫാസ്റ്റ് ഫുഡിന്റെ അവശിഷ്ടങ്ങളും വലിച്ചെറിഞ്ഞ നിലയിൽ കാണപ്പെടാറുണ്ട്. തുടർച്ചയായി അവധി ദിവസങ്ങൾ ഉണ്ടാകുമ്പോൾ സ്‌കൂൾ കാന്റീന്റെ പൂട്ടുപൊളിച്ചു അകത്തുകടന്ന സാമൂഹികവിരുദ്ധർ ഭക്ഷണം പാകം ചെയ്തു കഴിച്ച സംഭവവും ഇവിടെ അരങ്ങേറിയിട്ടുണ്ടെന്ന് സ്‌കൂൾ അധികൃതർ പറയുന്നു.

വിദൂരങ്ങളിൽ നിന്നടക്കമുള്ള കുട്ടികളാണ് ഹോസ്റ്റലിലെ അന്തേവാസികൾ. എന്നാൽ ഇത്തരം സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം കുട്ടികളെ ഭീതിയിലാഴ്ത്തുന്നുണ്ട്. ഉപയോഗശൂന്യമായ കെട്ടിടം എത്രയും വേഗം പൊളിച്ചുമാറ്റി പൊലീസിന്റെ കർശനമായ നിരീക്ഷണം പ്രദേശത്ത് ഉണ്ടാകണമെന്നാണ് രക്ഷിതാക്കളും നാട്ടുകാരും ആവശ്യപ്പെടുന്നത്.