കൊട്ടിയൂർ: അമ്പായത്തോട് ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയുടെ വിളയാട്ടം.രണ്ടാഴ്ചക്കിടെ നാലാം തവണയാണ് അമ്പായത്തോടിൽ കാട്ടാന ആക്രമണം നടത്തുന്നത്. കാട്ടാന ജനവാസ മേഖലയിലേക്കിറങ്ങുന്നത് തടയുന്നതിനായി വനം വകുപ്പ് നിർമ്മിച്ച വൈദ്യുത കമ്പിവേലി പ്രളയത്തിൽ തകർന്നതുമൂലം ആനകൾക്ക് ജനവാസ മേഖലയിലേക്ക് കടക്കാൻ സൗകര്യമൊരുങ്ങിയിരുന്നു. ആനയുടെ ആക്രമണത്തിൽ പൊറുതിമുട്ടിയ പ്രദേശവാസികളുടെ രക്ഷയ്ക്കായി മാസങ്ങളായി തകർന്നു കിടന്ന വൈദ്യുത കമ്പിവേലികൾ ബന്ധപ്പെട്ടവർ പുനസ്ഥാപിച്ചെങ്കിലും അവ തകർത്ത് ആന കൃഷിയിടത്തിൽ എത്തി നാശം വിതയ്ക്കുകയായിരുന്നു.
ദിവസങ്ങളായി ജനവാസ മേഖലയിലേക്ക് ഇറങ്ങുന്ന കാട്ടാനയെ തുരത്താൻ വെള്ളിയാഴ്ച രാത്രിയിൽ വനം വകുപ്പ് ജീവനക്കാർ കാവലിരുന്നെങ്കിലും അവരുടെ കണ്ണുവെട്ടിച്ച് കാട്ടാന ജനവാസ മേഖലയിലേക്ക് കടക്കുകയായിരുന്നു. അമ്പായത്തോട്ടിലെ നമ്പുടാകം ജോയിയുടെ കൃഷിയിടത്തിലാണ് കാട്ടാനയിറങ്ങി കഴിഞ്ഞ ദിവസം ആക്രമണം നടത്തിയത്. തെങ്ങ് ശക്തമായി വീഴുന്ന ശബ്ദം കേട്ട് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും ഏറെ പണിപ്പെട്ട് കാട്ടാനയെ തുരത്തുകയും ചെയ്തു. ഫോറസ്റ്റ് ഓഫീസർ ഇ.കെ.സുധീഷിന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ആനയെ തുരത്തിയത്. വൈദ്യുത വേലിയുടെ പ്രതിരോധത്തിന് ആനയെ തടയാൻ കഴിയാത്തതിനാൽ ആന മതിൽ പോലുള്ള ശക്തമായ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കണം എന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
പടം :അമ്പായത്തോട്ടിലെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ കാട്ടാനയിറങ്ങി നാശം വിതച്ചപ്പോൾ