കാസർകോട്: ശാന്തനും സൗമ്യനുമായ സുബ്ബയ്യറൈയെ മോഹിപ്പിച്ച് സീറ്റ് നിഷേധിക്കുന്നത് ഇത് മൂന്നാംതവണ. 2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതൽ കോൺഗ്രസ് സ്ഥാനാർത്ഥി സാധ്യതാ പട്ടികയിൽ സുബ്ബയ്യറൈയുടെ പേരുണ്ടായിരുന്നു.
മുൻ എം.പി ഐ. രാമറൈയുടെ മകൻ എന്നതിലുപരി കന്നഡ മേഖലയിൽ വോട്ട് സ്വാധീനിക്കാൻ പറ്റിയ നേതാവെന്ന നിലയിൽ കൂടിയാണ് ഓരോതവണയും സുബ്ബയ്യറൈയുടെ പേര് ഉയർന്നുവന്നത്. എന്നാൽ അവസാനം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമ്പോൾ ഓരോ തവണയും സുബ്ബയ്യറൈ പുറത്തായി. ഒരിക്കൽപോലും അദ്ദേഹം പരിഭവിക്കുകയോ പരാതി പറയുകയോ ചെയ്തില്ല.
അടുത്ത തവണ സ്ഥാനാർത്ഥിയാക്കുമെന്ന മുതിർന്ന നേതാക്കളുടെ വാക്കുകൾ വിശ്വസിക്കുകയും ചെയ്തു. ഇത്തവണ സുബ്ബയ്യറൈക്ക് തന്നെയായിരുന്നു പ്രഥമ പരിഗണന. മറ്റു ചില പേരുകൾ ഉയർന്നിരുന്നുവെങ്കിലും മുതിർന്ന നേതാവ് എ.കെ ആന്റണി അടക്കമുള്ളവർക്ക് സുബ്ബയ്യറൈയോടാണ് താൽപര്യമെന്നും മറ്റൊരു പേര് പ്രഖ്യാപിക്കാൻ സാധ്യതയില്ലെന്നുമായിരുന്നു അവസാന നിമിഷം വരെയും ഡി.സി.സി നേതാക്കളടക്കം കരുതിയിരുന്നത്. എന്നാൽ സുബ്ബയ്യറൈ വീണ്ടും പട്ടികയ്ക്ക് പുറത്ത്. കാസർകോട് സീറ്റ് സി.പി.എമ്മിന് വിട്ടുകൊടുക്കാൻ പാർട്ടി തീരുമാനിച്ചതിന്റെ ഭാഗമാണ് സുബ്ബയ്യ റൈക്ക് സീറ്റ് നിഷേധിച്ചതെന്നാണ് ഒരു യൂത്ത് കോൺഗ്രസ് നേതാവ് പ്രതികരിച്ചത്.
പ്രശ്നങ്ങൾ ദോഷം ചെയ്യും: എം സി ഖമറുദ്ദീൻ
കാസർകോട്: പ്രശ്നങ്ങളുണ്ടായാൽ അത് യു.ഡി.എഫിന് ദോഷം ചെയ്യുമെന്നും അതുകൊണ്ടു സ്ഥാനാർത്ഥി പ്രഖ്യാപനത്തിന്റെ പേരിൽ കോൺഗ്രസിൽ തർക്കങ്ങളുണ്ടെങ്കിൽ ഉടനടി പരിഹരിക്കണമെന്നും രാജ്‌മോഹൻ ഉണ്ണിത്താന്റെ വിജയത്തിന് വേണ്ടി മുസ്ലിംലീഗ് അരയും തലയും മുറുക്കി രംഗത്തിറങ്ങുമെന്നും ജില്ലാ പ്രസിഡന്റും യു.ഡി.എഫ് ജില്ലാ ചെയർമാനുമായ എം.സി ഖമറുദ്ദീൻ പറഞ്ഞു. ജനങ്ങൾക്കിടയിൽ മതിപ്പുള്ള ആളാണ് രാജ്‌മോഹൻ ഉണ്ണിത്താൻ. ചെറുപ്പക്കാർക്ക് അദ്ദേഹം ഒരു ആവേശമാണ്. സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ഉടനെ അദ്ദേഹം തന്നെ വിളിച്ച് സഹായം തേടിയിരുന്നു. കോൺഗ്രസിന്റെ മണ്ഡലമാണിത്. ഹൈക്കമാന്റ് തീരുമാനിക്കുന്നത് അനുസരിക്കാൻ ഇവിടെ മുസ്ലിംലീഗും ബാധ്യസ്ഥരാണ്. ഇനി ഉണ്ണിത്താന്റെ വിജയം ഉറപ്പുവരുത്തുക എന്നതാണ് യു.ഡി.എഫ് പ്രവർത്തകരുടെ ദൗത്യം. അക്കാര്യത്തിൽ മുസ്ലിംലീഗ് മുൻനിരയിലുണ്ടാകുമെന്നും ഖമറുദ്ദീൻ പറഞ്ഞു.