കാസർകോട്: ആത്മീയതയുടെ മറവിലെ വ്യാജ വൈദ്യം ജില്ലയിൽ വ്യാപകമാകുന്നു. കാൻസർ ഭേദമാകുമെന്ന വാഗ്ദാനത്തോടെ നൽകുന്ന പൊടി സ്വീകരിക്കാനാണ് കർണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നുവരെ ആളുകൾ കന്യപ്പാടിക്കടുത്ത് മുണ്ട്യത്തടുക്കയിലേക്ക് ഒഴുകുന്നത്. മന്ത്രംചൊല്ലി നൽകുന്ന പൊടിയിലൂടെ നാലായിരത്തോളം രോഗികളുടെ കാൻസർ ഭേദമാക്കിയെന്ന് രാഷ്ട്രീയ പാർട്ടിക്കാരനും മരക്കച്ചവടക്കാരനുമായിരുന്ന നീർച്ചാൽ സ്വദേശി അവകാശപ്പെട്ടിരുന്നു. പ്രാദേശിക ഓൺലൈൻ സൈറ്റുവഴി ഇയാളുടെ 'അത്ഭുത സിദ്ധി' വാഴ്ത്തി വീഡിയോയും പുറത്തുവിട്ടു. ഇത് വിശ്വസിച്ചാണ് ഇയാളുടെ വീട്ടിലേക്ക് രോഗികൾ എത്തുന്നത്. മൂന്നുവർഷം മുൻപ് ആരംഭിച്ച കേന്ദ്രത്തിലേക്ക് ദിവസവും നൂറുകണക്കിനാളുകൾ എത്തുന്നുണ്ട്.
രാജസ്ഥാനിലെ ഒരു തീർത്ഥാടന കേന്ദ്രത്തിൽ നിന്നും അനുഗ്രഹം കിട്ടിയെന്ന് അവകാശപ്പെട്ടാണ പൊടി വിൽപ്പന ചെയ്യുന്നത്. രോഗം എന്താണെന്ന് പോലും ചോദിക്കാതെയും മരുന്ന് നൽകുന്നുണ്ട്. വീണ്ടും വരേണ്ട ദിവസവും അറിയിക്കും. അതേസമയം ആത്മീയ ചികിത്സയുടെ ഫലമായി ഒരാൾക്കും കാൻസർ ഭേദമായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. കാസർകോട് ജനറൽ ആശുപത്രിയിലെ ഒരു ജീവനക്കാരൻ ഇത് സംബന്ധിച്ച് ആരോഗ്യമന്ത്രിക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും പരാതി നൽകിയിട്ടുണ്ട്. വ്യാജ ചികിത്സകനെതിരെ അന്വേഷണം ആരംഭിച്ചെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു.