കാസർകോട്: കണ്ണൂർ കാസർകോട് ജില്ലയിൽ മലയോര ഹൈവേ നിർമ്മാണത്തിന് വേഗതയേറി. കാസർകോട് നന്ദാരപദവിൽ നിന്ന് ചെറുപുഴ വരെ 127.575 കിലോമീറ്റർ നീളത്തിലാണ് മലയോര ഹൈവേ കടന്നുപോകുന്നത്. മിക്കയിടങ്ങളിലും നിർമ്മാണം ത്വരിതഗതിയിലാണ് നടക്കുന്നത്.

സ്ഥലം ഏറ്റെടുക്കുന്നതിന്റെയും സാമ്പത്തിക കുരുക്കിന്റെയും കടമ്പകൾ കടന്നതിനാൽ എല്ലാ റീച്ചുകളിലും നിർമ്മാണം പുരോഗമിക്കുന്നുണ്ട്.

82 കോടി ചിലവുള്ള കോളിച്ചാൽ -ചെറുപുഴ റീച്ചിൽ മികച്ച രീതിയിലാണ് പ്രവൃത്തി നടക്കുന്നത്. ജനങ്ങളുടെ സഹായത്തോടെയാണ് നിർമാണം. സ്ഥലം ഏറ്റെടുക്കുന്ന സ്ഥലങ്ങളിൽ നഷ്ടപരിഹാരമില്ലാതെ നാട്ടുകാർ സ്വമേധയ സ്ഥലം നൽകുകയാണ്. ഉടമകൾ സ്ഥലം സ്വമേധയാ വിട്ടുകൊടുക്കാൻ തയ്യാറായതോടെയാണ് സ്ഥലമേറ്റെടുക്കലിലെ പ്രശ്‌നങ്ങളെല്ലാം തീർന്നത്.

മലയോര ഹൈവേയിലെ നന്ദാരപദവ് -ചേവാർ റീച്ചിൽ വേഗത്തിലാണ് പ്രവൃത്തി നീങ്ങുന്നത്. . ഗ്രാമത്തിൽ ഇത്ര സൗകര്യമുള്ള റോഡ് ആദ്യമായി കാണുന്നതിന്റെ സന്തോഷം മലയോരനിവാസികൾ മറച്ചുവെക്കുന്നില്ല. ദേശീയപാതയിലെത്താൻ ഏറെ സഞ്ചരിക്കേണ്ടിവരുന്ന സാഹചര്യം മാറി വീട്ടുമുറ്റത്തെ റോഡിലൂടെ പോയാൽ മംഗളൂരു പോലുള്ള നഗരങ്ങളിൽ വേഗത്തിലെത്താനാകുന്നതിന്റെ സന്തോഷത്തിലാണ് ഇവരെല്ലാം.
മംഗളൂരുവിലേക്ക് ദേർളക്കട്ട വഴി എളുപ്പത്തിലെത്താമെന്നതും മലയോരഹൈവേയുടെ നേട്ടമാണ്. ദേശീയപാതയിലെ തിരക്കൊഴിവാക്കാൻ വാഹനങ്ങൾ മലയോര ഹൈവേയിലൂടെ വന്നാൽ മലയൊരത്തെ വ്യാപാര മേഖലയിലും ഉണർവുണ്ടാകും. സഞ്ചാരികൾ കൂടുമ്പോൾ വ്യാപാരം കൂടും. പുതിയ കടകളും സ്ഥാപനങ്ങളും തുറക്കാനാകുമെന്ന് മലയോര വ്യാപാരികൾ പറയുന്നു. മികച്ച നിലവാരത്തിലാണ് റോഡ് വന്നതോടെ നാടിന്റെ മുഖം മാറി. തൊട്ടടുത്തുള്ള കർണാടകയിലെ ഗ്രാമങ്ങളിൽ പോലും ഇത്തരം റോഡുകളില്ലെന്നും ഇവർ പറയുന്നു.
പേരാവൂരിലെ കെ കെ ബിൽഡേഴ്‌സാണ് കരാറുകാർ.
രണ്ട് വർഷത്തിനകം പണി തീർക്കണം. 30 ശതമാനത്തോളം പ്രവൃത്തി ഇതിനകം തീർന്നു. വോർക്കാടി, മീഞ്ച, പൈവളിഗെ പഞ്ചായത്തുകളിലുടെയാണ് നന്ദാരപദവ് ചേവാർ റീച്ച് റോഡ് കടന്നു പോകുന്നത്. ഇടപറമ്പ് ​-കോളിച്ചാൽ റീച്ചിലും പണി തുടങ്ങി. 85.15 കോടി രൂപ ചെലവിട്ടുള്ള റോഡിന്റെ നിർമാണം ജാസ്മിൻ കൺസ്ട്രക്ഷൻ കമ്പനിക്കാണ്. ചേവാർ ഇടപറമ്പ് റീച്ചിൽ 74.04 കോടി രൂപയാണ് ചെലവ്. സാങ്കേതിക അനുമതിക്കായുള്ള പരിശോധന നടക്കുകയാണ്.