പഴയങ്ങാടി: മാടായി പഞ്ചായത്ത് വാർഷിക പദ്ധതിയിലൂടെ എയ്ഡഡ് സ്‌കൂളായ മുട്ടത്തെ വെങ്ങര മാപ്പിള സ്‌കൂളിന് അനുവദിച്ച ടോയ്ലറ്റ് കരാറുകാരൻ നിർമ്മിച്ചത് പഴയങ്ങാടി ജി.എം.യു.പി സ്കൂളിൽ.പ്രവൃത്തിയുടെ ബില്ല് മാറാൻ എയ്ഡഡ് സ്കൂൾ ഹെഡ്മാസ്റ്ററുടെ ഒപ്പിനായി സമീപിച്ചപ്പോഴാണ് കരാറുകാരന്റെ അബദ്ധം പുറംലോകമറിഞ്ഞത്.

2017​-18 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് എയ്ഡഡ് എൽ.പി,യു.പി സ്‌കൂൾക്കാണ് ടോയ്ലറ്റ് നിർമ്മിക്കാൻ പഞ്ചായത്ത് അനുമതി നൽകിയത് .മൂന്ന് പ്രവൃത്തിയും ഒരു കരാറുകാരനാണ് ഏറ്റടുത്തത്. വെങ്ങരയിലുള്ള പ്രിയദർശിനി യു.പി സ്‌കൂൾ,മാടായി വാടിക്കലുള്ള ബി .ഇ .എം. എൽ.പി സ്‌കൂൾ, മുട്ടത്തുള്ള വെങ്ങര മാപ്പിള യു.പി സ്‌കൂൾ എന്നിവയ്ക്ക് ടോയ് ലറ്റ് നിർമ്മിക്കാനായിരുന്നു കരാർ.

തങ്ങൾക്ക്പഞ്ചായത്ത് അനുവദിച്ച ടോയ്ലറ്റ് നിർമ്മാണ ഫണ്ട് പഴയങ്ങാടി ജി .എം. യു.പി സ്‌കൂളിന് നൽകുന്നതിൽ വിരോധമില്ലന്നും അടുത്ത പദ്ധതിയിൽ ഉൾപ്പെടുത്തിയാൽ മതിയെന്നുമുള്ള കത്ത് നൽകണമെന്നതായിരുന്നു കരാറുകാരൻ ഹെഡ്മാസ്റ്ററോട് ആവശ്യപ്പെട്ടത്. കത്ത് നൽകാൻ ഹെഡ് മാസ്റ്റർ വിസമ്മതിച്ചതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് സ്‌കൂൾ അധികൃതരുമായി സംസാരിച്ചെങ്കിലും പരിഹാരമുണ്ടായില്ല. ഈ മാസം അവസാനത്തിനകം ടോയ്ലറ്റ് നിർമ്മാണം പൂർത്തിയായില്ലെങ്കിൽ അനുവദിച്ച പണം ലാപ്‌സാകും .എയ്ഡഡ് സ്‌കൂളിന് അനുവദിച്ച ഫണ്ട് സർക്കാർ സ്‌കൂളിലേക്ക് മാറ്റണമെങ്കിൽ നിയമപരവും സങ്കേതികവുമായി ബുദ്ധിമുട്ടുണ്ട്. സ്‌കൂൾ അധികൃതർ കത്ത് നൽകിയാൽ തന്നെ ബില്ല് പാസാക്കാൻ പഞ്ചായത്ത് ബുദ്ധിമുട്ടും.പഞ്ചായത്ത് എൻജിനിയറിംഗ് വിഭാഗത്തിന്റെ വീഴ്ച്ചയും അബദ്ധത്തിന് പിന്നിലുണ്ട്.