കാസർകോട്: നെല്ലിക്കട്ട ശ്രീനാരായണ ഗുരു ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്താൻ മംഗളുരു കുദ്രോളി ഗോകർണ്ണനാഥ ക്ഷേത്രത്തിൽ നിന്നും പുറപ്പെടുന്ന പഞ്ചലോഹ വിഗ്രഹവും വഹിച്ച് കൊണ്ടുള്ള ഘോഷയാത്രയ്ക്ക് എസ്.എൻ.ഡി.പി യോഗം കാസർകോട് യൂണിയൻ വരവേൽപ്പ് നൽകും. ഏപ്രിൽ പത്തിന് പുറപ്പെടുന്ന ഘോഷയാത്രയ്ക്ക് ഹൊസങ്കടി, ബന്തിയോട്, കുമ്പള, കാസർകോട് എന്നിവിടങ്ങളിൽ വരവേൽപ്പ് നൽകുന്നതിന് പ്രവർത്തക യോഗം പരിപാടികൾ ആവിഷ്‌കരിച്ചു. ഏപ്രിൽ 11ന് നെല്ലിക്കട്ട ഗുരുക്ഷേത്രത്തിലേക്ക് കലവറ നിറക്കൽ ഘോഷയാത്ര നടത്തുന്നതിനും പ്രതിഷ്ഠാ മഹോത്സവം വിജയിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. ഏപ്രിൽ അവസാനവാരം വനിതാസംഘത്തിന്റെ ആഭിമുഖ്യത്തിൽ കലാകായിക മത്സരങ്ങൾ നടത്താനും തീരുമാനിച്ചു. പ്രവർത്തക യോഗം യൂണിയൻ സെക്രട്ടറി ഗണേഷ് പാറക്കട്ട ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് നാരായണ മഞ്ചേശ്വരം അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എ.ടി വിജയൻ, ബോർഡ് മെമ്പർ അഡ്വ. പി.കെ വിജയൻ, ഭാരവാഹികളായ വെള്ളുങ്ങൻ, മോഹനൻ മീപ്പുഗിരി, കൃഷ്ണൻ ഗുരുനഗർ, രാജേഷ് ചെർക്കള, ചന്ദ്രൻ പാറക്കട്ട, വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുനിത ദാമോദരൻ, സെക്രട്ടറി പവിത്ര എന്നിവർ പ്രസംഗിച്ചു.