പുല്ലുർ: പൊള്ളക്കടയിൽ കാറും ഓട്ടോടാക്സിയും കൂട്ടിയിടിച്ച് അഞ്ചു പേർക്ക് പരിക്ക്. ഞായറാഴ്ച ഉച്ചയോടെ കാഞ്ഞങ്ങാട് ഭാഗത്തു നിന്നും അമിതവേഗതയിൽ വന്ന കാർ പൊള്ളക്കട ബസ് സ്റ്റോപ്പിനടത്തുവെച്ച് ചാലിങ്കാൽ ഭാഗത്തു നിന്നും കാഞ്ഞങ്ങാട്ടേക്കു പോവുകയായിരുന്ന ഓട്ടോയിലിടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ഏറെ പരിശ്രമിച്ച് ഓട്ടോ പെട്ടിപ്പൊളിച്ചാണ് കുടുങ്ങിയ യാത്രക്കാരെ പുറത്തെടുത്തത്. പരിക്കേറ്റ ഒരാളുടെ നില അതീവഗുരുതരമാണ്. പരിക്കേറ്റവരെ ജില്ലാശുപത്രിയിലേക്ക് മാറ്റി.

സുവനീറിലെ സൃഷ്ടികൾക്കായി ചിത്രകാര കൂട്ടായ്മ
തൃക്കരിപ്പൂർ: കൊയോങ്കര ശ്രീ പയ്യക്കാൽ ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ആൽമരത്തണൽ ചിത്രകാര കൂട്ടായ്മ സംഘടിപ്പിച്ചു. ക്ഷേത്രം കളിയാട്ടത്തിന്റെ ഭാഗമായി ഒരുക്കുന്ന സുവനീർ 'ചങ്ങാട'ത്തിലെ വിവിധ സൃഷ്ടികൾക്കായുള്ള ചിത്രങ്ങൾ ഒരുക്കുന്നതിനായാണ് കാസർകോട് ചിത്രകലാ പീഠത്തിലെ ചിത്രകാരന്മാർ ക്ഷേത്ര പരിസരത്തെ അരയാൽ തണലിൽ ഒത്തുചേർന്നത്. . സ്വീകരണ കമ്മിറ്റി ചെയർമാൻ ടി. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. കേരള ലളിതകലാ അക്കാഡമി അംഗം രവീന്ദ്രൻ തൃക്കരിപ്പൂർ ഉദ്ഘാടനം ചെയ്തു. ഫോക്‌ലോർ എഴുത്തുകാരൻ ചന്ദ്രൻ മുട്ടത്ത് ആമുഖഭാഷണം നടത്തി. രവി പിലിക്കോട്, അശോകൻ ചിത്രലേഖ, വരദ നാരായണൻ, സുരേഷ്, രഘു മാലോം എന്നിവർ നേതൃത്വം നൽകി. എം മനേഷ് സ്വാഗതവും എം നാരായണൻ നന്ദിയും പറഞ്ഞു.

തുടർന്ന് നാട്ടുപയമ അരങ്ങേറി.

സംഘർഷം യുവാവിനു കുത്തേറ്റു

കാഞ്ഞങ്ങാട്: ആറങ്ങാടിയിൽ ശനിയാഴ്ച രാത്രിയുണ്ടായ സംഘർഷത്തിൽ നിലാൻകരയിലെ മുഹമ്മദിന്റെ മകൻ ഷാക്കിറിന് കുത്തേറ്റു. കൂളിയാൻകാലിലെ നവാസാണ് കുത്തിയത്.ചെവി മുറിഞ്ഞ ഷാക്കിറിനെ ജില്ലാശുപത്രിയിലും പിന്നീട് മംഗലാപുരത്തേക്കും കൊണ്ടുപോയി. നവാസിനെയും അനുജൻ കെ.കെ അഷ്രഫിനേയും ഹൊസ്ദുർഗ്ഗ് പൊലീസ് അറസ്റ്റ് ചെയ്തു.




എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ
തൃക്കരിപ്പൂർ: എൽ.ഡി.എഫ് സൗത്ത് തൃക്കരിപ്പൂർ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇളമ്പച്ചിയിൽ നടന്നു. വി.വി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി. വി തമ്പാൻ അധ്യക്ഷത വഹിച്ചു. എം.പി. കരുണാകരൻ, കെ. സുധാകരൻ, എം. ഗംഗാധരൻ, ഒ.കെ. ബാലകൃഷ്ണൻ, വി.വി. വിജയൻ, പി.എ. റഹ്മാൻ, കരുണൻ മേസ്ത്രി, എം.കെ. കുഞ്ഞികൃഷ്ണൻ, കെ.കെ.രാജശേഖരൻ, കെ.വി.സുരേഷ് തുടങ്ങിയവർ സംസാരിച്ചു. ലോക്കൽ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം കുഞ്ഞിക്കണ്ണൻ നിർവ്വഹിച്ചു.