rajmohan-unnithan

കാസർകോട്: സി.പി.എമ്മിന്റെ കോട്ടകൾ ഇടിച്ചുനിരപ്പാക്കാനാണ് കോൺഗ്രസ് പാർട്ടി തന്നെ കാസർകോട്ട് നിയോഗിച്ചതെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ഡി.സി.സി ഓഫീസിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

''ഞാൻ ഇവിടെ വന്നപ്പോൾ കേൾക്കാൻ കഴിഞ്ഞത് സി.പി.എമ്മുകാർ വകവരുത്തിയ കല്യോട്ടെ രണ്ടു കുഞ്ഞുങ്ങളുടെ അമ്മമാരുടെയും സഹോദരിമാരുടെയും ദീനരോദനമാണ്. കൃപേഷിനെയും ശരത് ലാലിനെയും അകാരണമായി വെട്ടിക്കൊന്ന സി.പി.എമ്മുകാർക്ക് മണ്ഡലത്തിലെ ജനങ്ങൾ ഒരുകാലത്തും മാപ്പും വോട്ടും നൽകില്ല. നിങ്ങളുടെ സ്ഥാനാർത്ഥിയെ തോല്പിച്ചു കൊണ്ടാകും അവർ പ്രതികാരം ചെയ്യുക. വരമ്പത്ത് കൂലി നൽകുന്ന കോടിയേരിയുടെ പാർട്ടിക്കാരുടെ കൊലപാതക രാഷ്ട്രീയം ഇനി ഇവിടെ വിലപ്പോകില്ല. എന്നെ ജയിപ്പിക്കുകയും രാഹുൽഗാന്ധിയുടെ നേതൃത്വത്തിലുള്ള ഒരു സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വരികയും ചെയ്താൽ കല്യോട്ടെ കൊലപാതക കേസിന്റെ അന്വേഷണം സി.ബി.ഐക്ക് വിടുകയും കൊല്ലിച്ചവനെ പിടികൂടുകയും ചെയ്യും." കേരളത്തിൽ ഏതാനും സീറ്റുകളിൽ മാത്രം വിജയ പ്രതീക്ഷയുള്ള സി.പി.എമ്മിന് അന്ധമായ കോൺഗ്രസ് വിരോധം മാത്രമാണുള്ളത്. എന്നാൽ നരേന്ദ്ര മോദിയുടെ സർക്കാരിനെ തൂത്തെറിഞ്ഞു ജനാധിപത്യ മതേതരകക്ഷികളുടെ സർക്കാർ ഉണ്ടാക്കാൻ കോൺഗ്രസിന് ഈ തിരഞ്ഞെടുപ്പിൽ ഓരോ സീറ്റും നിർണായകമാണെന്നും ജനങ്ങൾ കോൺഗ്രസിനൊപ്പം നിൽക്കുമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.