ചെറുവത്തൂർ: റെയിൽവേ സ്റ്റേഷനിൽ ദ്രുതഗതിയിൽ നടന്നുവന്ന ഫ്ലൈ ഓവറിന് നീളം കൂട്ടുന്ന പ്രവൃത്തി മുടങ്ങാൻ സാധ്യത. നീളം വർദ്ധിപ്പിച്ച ഫ്ളൈ ഓവർ അവസാനിക്കുന്ന കിഴക്കു ഭാഗത്തുള്ള കെട്ടിടം പൊളിച്ചുമാറ്റാൻ ഇനിയും തയ്യാറാകാത്തതാണ് ഫ്ളൈ ഓവർ പാതിവഴിയിലാക്കുന്നത്. കെട്ടിടം പൊളിച്ചുമാറ്റാൻ ഉടമയും പ്രാദേശികമായുണ്ടാക്കിയ കമ്മിറ്റിയും പാഞ്ചായത്തും ഉടൻ നടപടി എടുത്തില്ലെങ്കിൽ 90 ശതമാനം പൂർത്തിയായ ഫ്ളൈ ഓവർ നിർമ്മാണം നിർത്തിവെച്ചു കരാറുകാരനും റെയിൽവേയും സ്ഥലംവിടുമെന്നാണ് ആശങ്ക.
മാർച്ചുമാസം അവസാനത്തോടെ പൂർത്തിയാക്കുമെന്ന വാഗ്ദാനം നടപ്പിലാക്കാനാണ് പണി ഊർജിതമായി നടക്കുന്നത്. എന്നാൽ പഞ്ചായത്തിന്റെ ഭാഗത്തുനിന്നുണ്ടായ ജാഗ്രതക്കുറവാണ് പ്രവൃത്തി നിലയ്ക്കുന്ന സ്ഥിതിയിലെത്തിച്ചത്.
ഫ്ളൈ ഓവറിന്റെ മുകളിൽ നടന്നുപോകാനുള്ള പ്രതലം ഘടിപ്പിക്കുകയാണ് ഇപ്പോൾ തൊഴിലാളികൾ. അത് കഴിഞ്ഞയുടനെ താഴേക്ക് ഇറങ്ങേണ്ടുന്ന ഭാഗം ഘടിപ്പിക്കണം. ഇതിനായി പില്ലർ നിർമ്മിക്കാനായി കെട്ടിടത്തിന്റെ ഒരുഭാഗം പൊളിക്കാതെ കഴിയില്ലെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. കെട്ടിടം പൊളിക്കാതിരുന്നാൽ യാത്രക്കാർക്ക് അതുവഴി ഇറങ്ങിപോകാനും കഴിയാതെവരും. നേരത്തേയുണ്ടാക്കിയ ധാരണ പ്രകാരം മറ്റു കെട്ടിടങ്ങളെല്ലാം പൊളിച്ചുമാറ്റിയാണ് ഫ്ളൈ ഓവർ നിർമ്മാണം തുടങ്ങിയത്.
റെയിൽവേ പണം തരുമെന്നു കരുതി കെട്ടിടങ്ങൾ പൊളിക്കാതെ വയ്ക്കുകയും സ്ഥലം വിട്ടുകൊടുക്കാതിരിക്കുകയും ചെയ്തത് മൂലമാണ് നിർമ്മാണം ഒരു വർഷം നീണ്ടുപോയത്. സ്ഥലം ഉടമകളിൽ ചിലർ തടസവാദം ഉന്നയിച്ചെങ്കിലും പി.കരുണാകരൻ എം പിയും പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറയും ഇടപെട്ടാണ് പണി വേഗത്തിൽ തുടങ്ങാൻ നടപടി എടുത്തത്. പ്രാദേശിക നേതാക്കൾ ചർച്ച നടത്തി ധാരണ ഉണ്ടാക്കി തുടങ്ങിയ നിർമ്മാണമാണിപ്പോൾ വീണ്ടും കുരുങ്ങികിടക്കുന്നത്.
ചെറുവത്തൂർ മുതൽ ജില്ലാ ആസ്ഥാനത്തേക്കുള്ള യാത്രക്കാർക്കും ദൈനംദിന യാത്രക്കാർക്കും തിരക്ക് കണക്കിലെടുത്താണ് മൂന്നാം പ്ലാറ്റ്ഫോമിന്റെ കിഴക്കു വശത്തേക്ക് ഫ്ളൈ ഓവർ വിപുലീകരിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകിയത്. ലോക്കൽ ഏരിയ വികസന ഫണ്ടിൽ നിന്നുള്ള ചെലവുകൾ പങ്കുവയ്ക്കാൻ എം. രാജഗോപാലൻ എം.എൽ.എയും പി. കരുണാകരൻ എം.പിയും സന്നദ്ധമായതോടെ പ്രവർത്തനങ്ങൾ ആരംഭിക്കുകയായിരുന്നു.
പദ്ധതി ആരംഭിച്ചത് 2016ൽ
2016 സെപ്തംബറിൽ ആരംഭിച്ച പദ്ധതി രണ്ടുവർഷം വൈകി. കഴിഞ്ഞ വർഷം മാർച്ചോടെ നിർദ്ദിഷ്ട ജോലികൾ പൂർത്തീകരിക്കുമെന്ന് അറിയിപ്പുണ്ടായിരുന്നു. ഇതിനായി ഭൂമി ഏറ്റെടുക്കുന്നതിന് ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിച്ചു. കാലത്തും വൈകീട്ടും എത്തുന്ന നൂറുകണക്കിന് യാത്രക്കാർക്ക് ഫ്ളൈ ഓവർ ഇല്ലാത്തത് കടുത്ത ദുരിതം സമ്മാനിച്ചിരുന്നു. അതിനു പരിഹാരമായി ആരംഭിച്ച നിർമ്മാണമാണ് ഏതു നിമിഷവും മുടങ്ങുന്ന സ്ഥിതിയിലുള്ളത്.