തലശ്ശേരി: ബി.ഇ.എം.പി. ഹയർ സെക്കൻഡറി സ്‌കൂൾ പൂർവ വിദ്യാർത്ഥിയായിരുന്ന കായിക താരം ദാമോധർ എൽ ഭണ്ഡാരിയുടെ വിയോഗത്തിൽ സ്‌കൂൾ സ്റ്റാഫ് കൗൺസിൽ അനുശോചിച്ചു. പി.ടി.എ. പ്രസിഡന്റ് രാജഗോപാൽ അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപകൻ ടി. നേപ്പിയർ, ശരത് കുമാർ, ഗോകുൽദാസ്, ഷീന ഇടപ്പള്ളി എന്നിവർ സംസാരിച്ചു.
വട്ടിപ്രം തായ് പരദേവത ക്ഷേത്ര മഹോത്സവം
തലശ്ശേരി: വട്ടിപ്രം ശ്രീ തായ്‌പരദേവതാ ക്ഷേത്രം കളിയാട്ട മഹോത്സവം 22 മുതൽ 24 വരെ നടക്കും. തായ്‌പരദേവത, ഗുളികൻ, ശാസ്തപ്പൻ, ബാലി, വിഷ്ണുമൂർത്തി തെയ്യങ്ങൾ കെട്ടിയാടും.
നിയമ ലംഘനം തുടർക്കഥ
മോട്ടോർ വാഹനവകുപ്പ് പരിശോധനയിൽ
എൺപത് ബസുകൾക്കെതിരെ നടപടി
തലശ്ശേരി: ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ നിർദ്ദേശപ്രകാരം കണ്ണൂർ എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ എം.പി സുഭാഷ് ബാബുവിന്റെ നേതൃത്വത്തിൽ കണ്ണൂർ, തലശ്ശേരി ബസ് സ്റ്റാൻഡുകളിൽ നടത്തിയ വാഹന പരിശോധനയിൽ എൺപതോളം ബസുകൾക്കെതിരെ നടപടിയെടുത്തു. എയർഹോണുകൾ, മ്യൂസിക് സിസ്റ്റം എന്നിവ അഴിച്ച് മൂന്നു ദിവസത്തിനകം ആർ.ടി. ഓഫീസിൽ പരിശോധനയ്ക്ക് ഹാജരാക്കാനാണ് നിർദ്ദേശം.
അംഗപരിമിതർ, സ്ത്രീകൾ, മുതിർന്ന പൗരന്മാർ, അന്ധന്മാർ എന്നിവരുടെ സംവരണ സീറ്റുകൾ രേഖപ്പെടുത്താത്തതിനും സ്‌പീഡ് ഗവർണർ വിച്ഛേദിച്ചതിനും കേസെടുത്തു. യാത്രക്കാരെ കയറ്റി മീറ്റർ പ്രവർത്തിപ്പിക്കാത്ത ഓട്ടോറിക്ഷകൾക്കെതിരെയും കേസുണ്ട്.
എം.വി.ഐമാരായ ബേബി ജോൺ, പി. സുധാകരൻ, പി. ശ്രീനിവാസൻ, എൻ. റിജിൻ, ആർ, വത്സരാജൻ അടക്കം പതിനഞ്ചോളം എ.എം.വി.ഐമാരും നാലു സ്ക്വാഡുകളിൽ പങ്കെടുത്തു. പരിശോധന തുടരുമെന്ന് സുഭാഷ് ബാബു അറിയിച്ചു.
കഴിഞ്ഞ ദിവസം കണ്ണൂരിൽ നിയമലംഘനം കണ്ടെത്തിയ 50 ബസുകൾക്ക് പിഴയീടാക്കി. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് പരിശോധനയെന്നും ബസുകളെ കുറിച്ച് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ആർ.ടി.ഒ പറഞ്ഞു.
എതിർപ്പുമായി ഉടമകൾ
പരിശോധനക്കെതിരെ എതിർപ്പുമായി ബസുടമകൾ രംഗത്തെത്തി. ബസ് വ്യവസായം തകർച്ചയിലാണെന്നും എല്ലാ നിയമങ്ങളും പാലിച്ചാണ് സർവീസ് നടത്തുന്നതെന്നും ഉടമകൾ പറഞ്ഞു. ട്രിപ്പ് മുടക്കിയുള്ള പരിശോധന തുടർന്നാൽ സർവീസ് നിർത്തിവെക്കുമെന്നും തലശ്ശേരി പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ നേതാക്കളായ കെ. ഗംഗാധരൻ, കെ.കെ. ജിതേന്ദ്രൻ, കെ. പ്രമാനന്ദൻ എന്നിവർ പറഞ്ഞു.
കശ്മലന്മാർക്ക് മറുപടിയായി വോട്ട്
വിനിയോഗിക്കണം: മുനീർ
കണ്ണൂർ: കൊലപാതക കേസിൽ ഉൾപ്പെട്ടവരെ സ്ഥാനാർത്ഥികളാക്കുന്നതിലൂടെ സി.പി.എം കേരള മനഃസാക്ഷിക്ക് മുന്നിൽ കാർക്കിച്ചു തുപ്പുകയാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി ഡോ. എം.കെ മുനീർ പറഞ്ഞു. കണ്ണൂർ ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്തരം കശ്മലന്മാർക്ക് കൊടുക്കാനുള്ള ഏറ്റവും നല്ല മറുപടിയായി വോട്ടവകാശത്തെ വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് ജില്ലാ ചെയർമാൻ പ്രൊഫ. എ.ഡി മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ കെ.സി ജോസഫ്, കെ.എം ഷാജി, സണ്ണി ജോസഫ്, യു.ഡി.എഫ് ജില്ലാ കൺവീനർ വി.കെ അബ്ദുൾ ഖാദർ മൗലവി, ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി, മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് പി. കുഞ്ഞു മുഹമ്മദ്, കേരള കോൺഗ്രസ് (എം) ജനറൽ സെക്രട്ടറി പി.ടി ജോസ്, സി.എം.പി പൊളിറ്റ് ബ്യൂറോ അംഗം സി.എ. അജീർ, ആർ.എസ്.പി നേതാവ് ഇല്ലിക്കൽ അഗസ്തി, കേരളാ കോൺഗ്രസ് നേതാവ് അഡ്വ. കെ.എ ഫിലിപ്പ്, ഫോർവേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി അഡ്വ. മനോജ് കുമാർ സംസാരിച്ചു. യു.ഡി.എഫിന്റെ മറ്റ് ഘടക കക്ഷിനേതാക്കളും പ്രവർത്തകരും പങ്കെടുത്തു.
കണ്ണൂരിന്റെ കക്കൂസ് മാലിന്യം
തള്ളാൻ കൂത്തുപറമ്പ്
പ്രതിഷേധവുമായി ജനങ്ങൾ
കൂത്തുപറമ്പ്: കിണവക്കലിനടുത്ത മൗവ്വേരിയിൽ ജനവാസ കേന്ദ്രത്തിൽ കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്നു. മൂന്ന് മാസത്തിനിടെ മൂന്നാം തവണയാണ് വീടുകൾക്ക് സമീപം മാലിന്യം തള്ളിയത്. കണ്ണൂരിൽ നിന്നും കൂത്തുപറമ്പിലേക്കുള്ള പാതയോരത്താണ് സ്ഥിരമായി മാലിന്യം തള്ളുന്നത്. കണ്ണൂരിലെ ആശുപത്രികൾ, ഫ്ലാറ്റുകൾ എന്നിവിടങ്ങളിൽ നിന്നും നീക്കം ചെയ്യുന്ന മാലിന്യം ടാങ്കറിലെത്തിച്ചാണ് ഈ ക്രൂരത.
മൗവ്വേരി ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തെ തോടാണ് ഇവർ കേന്ദ്രമായി മാറ്റിയത്. വീടുകളും സ്‌കൂളും മദ്രസയും സാംസ്‌കാരിക കേന്ദ്രവും സമീപത്തായുണ്ട്. കാർഷിക ആവശ്യത്തിന് ആശ്രയിക്കുന്ന തോട് മാലിന്യ കേന്ദ്രമായതോടെ സമീപത്തെ കിണറുകളെയും ബാധിക്കുമോ എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
മാലിന്യം തോട്ടിൽ കെട്ടി നിൽക്കുന്നതിനാൽ പകർച്ചവ്യാധി ഭീഷണിയിലുമാണ് പ്രദേശം. പിണറായി പഞ്ചായത്ത് ഒൻപതാം വാർഡിലാണ് ഈ സ്ഥലം. പ്രദേശവാസികൾ ആരോഗ്യ വകുപ്പ് അധികൃതർക്ക് പരാതി നൽകിയിട്ടും ക്ലോറിനേഷൻ നടത്താൻ പോലും അധികൃതർ തയ്യാറായിട്ടില്ല. പിണറായി പഞ്ചായത്ത് ഓഫീസ്, ആരോഗ്യ വകുപ്പ് അധികൃതർ, പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ പരാതി നൽകിയിട്ടുണ്ട്. നടപടികൾ ഉണ്ടായില്ലെങ്കിൽ സ്‌ക്വാഡുകൾ രൂപീകരിച്ച് പിടികൂടി കൈകാര്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.
പ്രചരണ ബോർഡുകൾ കിണറിൽ
യു.ഡി.എഫ് പ്രതിഷേധിച്ചു
കൂത്തുപറമ്പ്: യു.ഡി.എഫ്. സ്ഥാനാർത്ഥി കെ. സുധാകരന്റെ പ്രചരണാർത്ഥം പാതിരിയാടിനടുത്തെ മുണ്ടമെട്ടയിൽ സ്ഥാപിച്ച ബോർഡുകൾ സാമൂഹ്യ വിരുദ്ധർ നശിപ്പിച്ച് പൊതു കിണറ്റിൽ തള്ളി. ശനിയാഴ്ച്ച യു.ഡി.എഫ്. പടുവിലായി ബൂത്ത് കമ്മിറ്റി വില്ലേജ് ഓഫീസിന് മുന്നിൽ സ്ഥാപിച്ച ബോർഡാണ് തകർത്തത്.
തുണിയിൽ സ്ഥാപിച്ച ബോർഡ് രാത്രിയോടെ തന്നെ നശിപ്പിച്ചിരുന്നു. ഞായറാഴ്ച്ച രാവിലെ യു.ഡി.എഫ് പ്രവർത്തകർ ഇത് പുനഃസ്ഥാപിച്ചെങ്കിലും രാത്രിയോടെ അതും നശിപ്പിച്ചു. പ്രതിഷേധ സൂചകമായി തിങ്കളാഴ്ച്ച വീണ്ടും അതേ സ്ഥലത്ത് യു.ഡി.എഫ്. പ്രവർത്തകർ പുതിയ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.
ചായം പൂശിയ ബോർഡുകൾ കിണറ്റിൽ തള്ളിയതിനെ തുടർന്ന് വെള്ളം മലിനമായിട്ടുണ്ട്. ജലക്ഷാമം രൂക്ഷമായ സ്ഥലത്തെ ഏക കിണർ മലിനമായതോടെ ദൂരെ നിന്നും വെള്ളം കൊണ്ടുവരേണ്ട അവസ്ഥയിലാണ് വ്യാപാരികൾ. കൂത്തുപറമ്പ് പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പരിശോധന നടത്തി. ഡി.സി.സി. ജനറൽ സെക്രട്ടറി മുഹമ്മദ് ഫൈസൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പടന്നക്കണ്ടി ജനാർദ്ദനൻ, കെ. ബാലൻ, എ. മധുസൂദൻ, സി. ദേവാനന്ദൻ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.