k-muraleedaran-will-conte

വടകര: കരുത്തനായ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.ജയരാജനെ നേരിടാൻ യു.ഡി.എഫ് ശക്തനായ എതിരാളിയെതന്നെ ഇറക്കിയതോടെ ഇനി വടകരയങ്കം കേരളക്കരയാകെ ശ്രദ്ധ നേടും. മുൻ കെ.പി.സി.സി അദ്ധ്യക്ഷനും വട്ടിയൂർകാവ് മണ്ഡലത്തിലെ എം.എൽ.എയുമായ കെ. മുരളീധരനെയാണ് യു.ഡി.എഫ് വടകര നിലനിറുത്താനായി രംഗത്ത് ഇറക്കിയത്. ബി.ജെ.പി സ്ഥാനാർത്ഥി ആരെന്ന് ഇന്ന് വ്യക്തമാകുന്നതോടെ മണ്ഡലം ഇളക്കിമറിച്ചുള്ള പ്രചാരണമാവും മുന്നണികൾ നടത്തുക.

മണ്ഡലത്തിന്റെ എല്ലാഭാഗങ്ങളിലും ഒരുവട്ടം പര്യടനം നടത്തിക്കഴിഞ്ഞ പി. ജയരാജന്റെ പ്രചാരണത്തിനൊപ്പമെത്താൻ കെ. മുരളീധരനും അടുത്തദിവസം തന്നെ പ്രവർത്തനം തുടങ്ങും. പാർട്ടി പ്രവർത്തകർക്കിടയിൽ വലിയ ആവേശമുണ്ടാക്കാൻ പി. ജയരാജന് കഴിഞ്ഞിട്ടുണ്ട്. കെ. മുരളീധരൻ വന്നതോടെ യു.ഡി.എഫ് ക്യാമ്പും വളരെയധികം ആവേശത്തിലാണ്.

നേരത്തെ കോഴിക്കോട് നിന്ന് എം.പിയായിട്ടുണ്ട് മുരളീധരൻ. മണ്ഡലത്തിൽ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ പ്രഖ്യാപിച്ചെങ്കിലും സ്ഥാനാർത്ഥി നിർണയം നീണ്ടതോടെ മാറ്റിവച്ചിരുന്നു. സിറ്റിംഗ് എം.പിയും കെ.പി.സി.സി പ്രസിഡന്റുമായ മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിക്കില്ലെന്ന ഉറച്ച നിലപാട് എടുത്തതോടെ ഒരുവേള കോൺഗ്രസിൽ വടകരയിലെ സ്ഥാനാർത്ഥി നിർണയം കീറാമുട്ടിയായിരുന്നു. പല പേരുകളും ഉയർന്നുവന്നെങ്കിലും ശക്തനായ സ്ഥാനാർത്ഥിതന്നെ വേണമെന്നായിരുന്നു പ്രവർത്തകരുടെ ആവശ്യം. അതാണ് ഒടുവിൽ കെ. മുരളീധരനിൽ എത്തിയത്.

വൈകിയാലും വസന്തം ലഭിച്ചത് പോലെയാണ് മുരളീധരന്റെ വരവ് പ്രവർത്തകരിലുണ്ടാക്കിയത്. ഇക്കുറി വടകര തിരിച്ചുപിടിക്കുക എന്നതാണ് സി.പി.എം ലക്ഷ്യം. അതിനായാണ് പി. ജയരാജനെതന്നെ പാർട്ടി രംഗത്തിറക്കിയതും. ചിട്ടയായ പ്രവർത്തനമാണ് പാർട്ടി നടത്തുന്നത്. മുൻകാലങ്ങളിലെ വിജയം തന്നെയാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. 2004ൽ 1,30,589 വോട്ട് ഭൂരിപക്ഷത്തിന് വിജയിച്ച പി. സതീദേവിയെ 2009ൽ 56,186 വോട്ടിന് പരാജയപ്പെടുത്താൻ മുല്ലപ്പള്ളി രാമചന്ദ്രന് സാധിച്ചുവെങ്കിൽ ഇക്കുറി മുരളീധരന് ഇവിടെ നിന്ന് ഡൽഹിയിലെത്താൻ സാധിക്കുമെന്നാണ് യു.ഡി.എഫ് വിശ്വാസം. സംസ്ഥാന-കേന്ദ്ര സർക്കാരുകൾക്കെതിരെയുള്ള ജനവികാരം,​ ശബരിമല വിഷയം തുടങ്ങിയവയും ആർ.എം.പിയുടെ പിന്തുണയും അനുകൂലമാകുമെന്ന പ്രതീക്ഷയാണ് യു.ഡി.എഫ് പങ്കുവയ്ക്കുന്നത്. അക്രമരാഷ്ട്രീയം തങ്ങളുടെ പ്രധാന പ്രചാരണ ആയുധമായിരിക്കുമെന്ന് കെ. മുരളീധരൻ വ്യക്തമാക്കി കഴിഞ്ഞു.

എന്നാൽ ആദ്യം 56,​186 വോട്ടിന് വിജയിച്ച മുല്ലപ്പള്ളി 2014ൽ 3,306 വോട്ടിന് മാത്രമാണ് എ.എൻ ഷംസീറിനോട് വിജയിച്ചത്. ഇതിനൊപ്പം മണ്ഡലത്തിൽ ഏറെ സ്വാധീനമുള്ള ലോക് താന്ത്രിക് ജനതാദൾ യു.ഡി.എഫിൽ നിന്ന് എൽ.ഡി.എഫിൽ എത്തിയതും പ്രതീക്ഷയോടെ കാണുകയാണ് എൽ.ഡി.എഫ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ 20,​000ത്തോളം വോട്ടുകളുണ്ടായിരുന്ന ആർ.എം.പിക്ക് ഇപ്പോൾ അത്ര സ്വാധീനമില്ലെന്നുള്ളതും തങ്ങൾക്ക് നേട്ടമാകുമെന്ന് എൽ.ഡി.എഫ് കരുതുന്നു. അസംബ്ളി മണ്ഡലങ്ങളിൽ കുറ്റ്യാടി ഒഴികെ മറ്റെല്ലായിടത്തും എൽ.ഡി.എഫ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയം കണ്ടതും അവർക്ക് ആത്മവിശ്വാസം നല്കുന്നു.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 76,​313 വോട്ടുകളാണ് ബി.ജെ.പി നേടിയത്. വരും ദിവസങ്ങളിൽ ബി.ജെ.പി സ്ഥാനാർത്ഥികൂടി ഇറങ്ങുന്നതോടെ മണ്ഡലത്തിൽ രാഷ്ട്രീയച്ചൂട് പതിന്മടങ്ങുയരും.