തളിപ്പറമ്പ്:സ്ത്രീ വിരുദ്ധ അതിക്രമങ്ങൾ തുറന്നുകാട്ടാനും ഭരണഘടന വിഭാവനം ചെയ്യുന്ന ലിംഗസമത്വം നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് എൽ.ഡി.എഫ് തളിപ്പറമ്പ് നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വനിതാ പാർലമെന്റ് പെൺകൂട്ടായ്മയുടെ കരുത്തായി. ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ പുരോഗമനചേരിയുടെ വിജയത്തിനും വനിതാ പാർലമെന്റ് ആഹ്വാനം ചെയ്തു.
ധർമശാല മുനിസിപ്പൽ സ്‌ക്വയറിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ ജനറൽ സെക്രട്ടറിയും സി.പി. എം കേന്ദ്രകമ്മിറ്റിയംഗവുമായ മറിയം ധാവ്‌ള ഉദ്ഘാടനം ചെയ്തു. പി .കെ. ശ്യാമള അദ്ധ്യക്ഷയായി. എൽ.ഡി.എഫ് സ്ഥാനാർഥി പി. കെ. ശ്രീമതി, സംസ്ഥാന സെക്രട്ടറി അഡ്വ. പി. വസന്ത, സംസ്ഥാന കമ്മിറ്റിയംഗം എൻ. സുകന്യ എന്നിവർ സംസാരിച്ചു. മലേഷ്യയിൽ നടന്ന ദേശീയ ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ അവന്തിക രാജേഷിന് സ്ഥാനാർഥി പി .കെ. ശ്രീമതി ഉപഹാരം നൽകി. ജില്ലാ സെക്രട്ടറി എം. വി. സരള, ജില്ലാ പ്രസിഡന്റ് കെ.പി.വി. പ്രീത, എ. മാധവി, ടി .കെ. ഗോവിന്ദൻ, ബിജു കണ്ടക്കൈ, വേലിക്കാത്ത് രാഘവൻ, നടി രജിതാ മധു എന്നിവർ പങ്കെടുത്തു. സി.പി.എം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി പി .മുകുന്ദൻ സ്വാഗതം പറഞ്ഞു.