പാനൂർ: ക്ഷേത്രത്തിലേക്ക് ആവശ്യമായ പൂജാപുഷ്പങ്ങളും ഭക്ഷണത്തിന് ആവശ്യമായ പച്ചക്കറിയും കൃഷിയിലൂടെ ഒരുക്കി പുത്തൂരിലെ പുല്ലമ്പ്ര ദേവീക്ഷേത്രവും ക്ഷേത്രം ഭാരവാഹികൾ.ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക മഹോൽസവവും പൊങ്കാല സമർപ്പണവും മാർച്ച് 23, 24,25 തിയ്യതികളിൽ നടക്കാനിരിക്കെയാണ് ഈ മുന്നൊരുക്കം. പ്രതിഷ്ഠാ വാർഷിക മഹോൽസവത്തിനായി ഭക്ഷണം ഒരുക്കാനുള്ള പച്ചക്കറി കൃഷി ക്ഷേത്ര മുറ്റത്താണ്. വെണ്ട, ചീര, പച്ചമുളക്, പയർ, തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്.ഇതോടൊപ്പം തന്നെ ക്ഷേത്രത്തിൽ പൂജക്കാവശ്യമായ പുഷ്പങ്ങളും ഇവിടെ പരിപാലിക്കുന്ന ചെടികളിൽ നിന്നാണ് ശേഖരിക്കുന്നത്. നല്ല രീതിയിൽ വാഴകൃഷിയും നടക്കുന്നുണ്ട്. ക്ഷേത്ര മുറ്റത്തും വളപ്പിലുമായി മൂന്ന് വർഷം മുൻപ് വച്ചുപിടിപ്പിച്ച കുറിയ ഇനം തെങ്ങിൻ തൈകളിൽ നിന്നാണ് ക്ഷേത്രാവശ്യത്തിനുള്ള ഇളനീർ ശേഖരിക്കുന്നത്.ക്ഷേത്ര കമിറ്റി പ്രസിഡന്റ് പുല്ലമ്പ്ര രാജു, സെക്രട്ടറി മനോജൻ പയ്യാലന്റവിട ട്രഷറർ നിഷാന്ത് പുല്ലമ്പ്ര, കെ.കെ.വിജയൻ എന്നിവരുടെ നേതൃത്വത്തിലാണ് കൃഷി.മുൻകൃഷി മന്ത്രി കെ.പി.മോഹനൻ ഉൾപ്പെടെയുള്ള നിരവധി പേർ കൃഷിയിടം കാണാൻ ഇവിടെയെത്തുന്നുണ്ട്. തികച്ചും മാതൃകാപരമാണ് ഈ കൃഷിയെന്ന് അദ്ദേഹം പറഞ്ഞു. ആദ്യമായാണ് ഈ വർഷം പൊങ്കാല സമർപ്പണം ക്ഷേത്രത്തിൽ നടക്കുന്നത്. ബ്രഹ്മശ്രീ തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭൻ ഉണ്ണിനമ്പൂതിരിപ്പാട് ചടങ്ങുകൾക്ക് നേതൃത്വം നൽകും.
കെ.മുരളീധരൻ സ്ഥാനാർത്ഥിത്വം
പാനൂരിൽ ആഹ്ളാദപ്രകടനം
പാനൂർ:യു.ഡി.എഫ്.വടകര ലോകസഭാ മണ്ഡലം സ്ഥാനാർത്ഥിയായി കെ.മുരളിധരനെ തീരുമാനിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് യു.ഡി.എഫ്.പ്രവർത്തകർ പാനൂരിൽ ആഹ്ലാദ പ്രകടനം നടത്തി.
വി.സുരേന്ദ്രൻ, കെ.പി.സാജു, പി.പി.എ സലാം, പി.കെ.ഷാഹുൽ ഹമീദ്, സി.വി.എ ജലീൽ, കെ.രമേശൻ വി.നാസർ മാസ്റ്റർ, കെ സി. കുഞ്ഞബ്ദുള്ള ഹാജി, സന്തോഷ് കണ്ണം വള്ളി ടി.ടി.രാജൻ തുടങ്ങിയവർ നേതൃത്വം നൽകി.
മാറുമറക്കൽ സമരം പഠിപ്പിക്കേണ്ടതില്ലെന്ന തീരുമാനം ഗൂഢശക്തികളുടേത്: പി.കെ പ്രവീൺ
പാനൂർ: കേരളത്തിലെ ചരിത്രപ്രസിദ്ധമായ മാറുമറക്കൽ സമരത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭാഗം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ദുരപധിഷ്ഠിതമാണെന്ന് യുവജനതാദൾ സംസ്ഥാന പ്രസിഡന്റ് പി.കെ പ്രവീൺ കുറ്റപ്പെടുത്തി. ചരിത്രത്തെ ഭയപ്പെടുന്നവർ ഫാസിസത്തിലേക്കുള്ള വഴി തുറക്കുന്ന കാഴ്ച ആശങ്കാജനകമാണ്. വസ്ത്രധാരണ രീതികാലത്തിന്റെ സാംസ്‌കാരിക മുന്നേറ്റങ്ങളുടെ സൂചകങ്ങളാണെന്നിരിക്കെ അത് പഠിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിക്കുന്നതിന് പിന്നിൽ ചില നിഗൂഢശക്തികളുടെ തീരുമാനമാണെന്ന് സംശയിക്കേണ്ടതുണ്ടെന്നും പ്രവീൺ അഭിപ്രയപ്പെട്ടു.
സി.പി.എം പച്ചക്കള്ളം പ്രചരിപ്പിക്കുന്നു: കെ സുധാകരൻ.
തളിപ്പറമ്പ്: കണ്ണൂരിൽ ജയിച്ചാൽ താൻ ബി.ജെ.പിയിലേക്ക് പോകുമെന്ന് സി.പി.എം പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി കെ സുധാകരൻ. രാഷ്ട്രീയം നിർത്തേണ്ടി വന്നാലും ഒരു വർഗ്ഗീയ ഫാസിസ്റ്റ് പാർട്ടിയിലേക്കും കടന്നു പോകില്ലെന്നും അദ്ദേഹം പറഞ്ഞു. കപ്പാലം വ്യാപാരഭവനിൽ നടന്ന യു.ഡി.എഫ് തളിപ്പറമ്പ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മോദി വർഗീയ ഫാസിസം നടപ്പിലാക്കുമ്പോൾ പിണറായി വർഗ ഫാസിസം നടപ്പിലാക്കുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഒരു പ്രസക്തിയുമില്ല. കെട്ടുകൊണ്ടിരിക്കുന്ന വിളക്കാണത്. എന്നാൽ കത്തിജ്വലിക്കുന്ന വിളക്കാണ് കോൺഗ്രസെന്നും സുധാകരൻ പറഞ്ഞു. കൺവെൻഷൻ കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതിയംഗം കെ. സി .ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാൻ കെ .കെ. അബ്ദുറഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. സണ്ണി ജോസഫ് എം.എൽ.എ, വി. കെ. അബ്ദുൽ ഖാദർ മൗലവി, സതീശൻ പാച്ചേനി, കെ .സുരേന്ദ്രൻ, അബ്ദുൽ കരീം ചേലേരി, സജീവ് ജോസഫ്, ടി മാത്യു, പി. സുനിൽ കുമാർ, വി .രാഹുലൻ, രജനി രമാനന്ദ്, പി. സാജിദ, പി .കെ .സുബൈർ, മഹമൂദ് അള്ളാംകുളം, ടി .പി. മമ്മു, ടി ജനാർദ്ദനൻ, മനോജ് കൂവേരി, ജോഷി കണ്ടത്തിൽ, നൗഷാദ് ബ്ലാത്തൂർ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് തളിപ്പറമ്പ് നഗരത്തിൽ പ്രകടനവും നടത്തി.