കാസർകോട്: ഡി.സി.സി പ്രസിഡന്റിനെതിരെ യു.ഡി.എഫ് യോഗത്തിൽ ലോക്‌സഭാ മണ്ഡലം സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താന്റെ രൂക്ഷവിമർശനം. പ്രതിഷേധം കടുത്തതോടെ യോഗത്തിൽ ഒച്ചപ്പാടുണ്ടാവുകയും തുടർന്ന് ഉണ്ണിത്താൻ ഇറങ്ങിപ്പോവുകയും ചെയ്തു.
കാസർകോട് ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നിലിനെ മാറ്റാതെ പ്രചാരണം സാദ്ധ്യമല്ലെന്ന് ഉണ്ണിത്താൻ യോഗത്തിൽ അറിയിച്ചു. പ്രതിഷേധ സൂചകമായി ചെർക്കളയിൽ ഇന്നലെ നടത്താനിരുന്ന പ്രചാരണ പരിപാടി ഉണ്ണിത്താൻ ഉപേക്ഷിച്ചു. ഡി.സി.സി പ്രസിഡന്റ് പറയുന്നതു പോലെ ചലിക്കാൻ തനിക്കാവില്ലെന്നാണ് ഉണ്ണിത്താന്റെ നിലപാട്. സംഭവം വിവാദമായതോടെ കോൺഗ്രസ് സംസ്ഥാന നേതൃത്വം വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.
മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി ഹൈക്കമാൻഡ് നിയോഗിച്ചതു പ്രകാരം എത്തിയ തനിക്കു വേണ്ടുന്ന സൗകര്യങ്ങളൊന്നും ഡി.സി.സി പ്രസിഡന്റ് ഒരുക്കിയിട്ടില്ലെന്നാണ് സ്ഥാനാർത്ഥിയുടെ ആരോപണം. തിങ്കളാഴ്ച കാസർകോട്ടെത്തിയ തനിക്ക് ഭക്ഷണം കഴിക്കാൻ കഴിഞ്ഞത് വൈകിട്ട് നാലു മണിക്കാണ്. ഇവിടെ തങ്ങുന്നതിന് ഒരു സൗകര്യവും ഒരുക്കിയിട്ടില്ല. കൃത്യമായ പ്രചരണ ഷെഡ്യൂൾ ഉണ്ടാക്കുന്നതിലും വീഴ്ച സംഭവിച്ചു.
അതേസമയം വരുംദിവസങ്ങളിൽ കൃത്യമായ ആസൂത്രണത്തോടെ മുന്നോട്ടുപോകാൻ കഴിയുമെന്നാണ് ഡി.സി.സിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നത്. താനുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നിലും നിഷേധിച്ചു.