ഇരിട്ടി: എക്സൈസിന്റെ കണ്ണ് വെട്ടിച്ച് ആട്ടിൻകാട്ടത്തോടൊപ്പം തലശ്ശേരിയിലേക്ക് കടത്തുകയായിരുന്ന 6000 പാക്കറ്റ് പുകയില ഉത്പ്പന്നങ്ങൾ പിടികൂടി. കേരള-കർണാടക പാതയിൽ കച്ചേരികടവ് പാലത്തിനു സമീപം ഇരിട്ടി എക്‌സൈസ് ഇൻസ്‌പെക്ടറും പാർട്ടിയും ചൊവ്വാഴ്ച പുലർച്ചെ നടത്തിയ വാഹനപരിശോധനയിലാണ് മൈസൂരിൽ നിന്നും കൊണ്ടു പോകുകയായിരുന്ന കൂൾ ലിപ്പ് പിടികൂടിയത്. വാഹനത്തിലുണ്ടായിരുന്ന കൂത്തുപറമ്പ് സ്വദേശി മനാസിനെ കസ്റ്റഡിയിലെടുത്തു. കോട്പ ആക്ട് പ്രകാരം കേസെടുത്തു. കഴിഞ്ഞ ദിവസം ടൂറിസ്റ്റ് ബസിൽ നിന്നും അത്തറു പൂശി കടത്തുകയായിരുന്ന 4000 പാക്കറ്റ് ഉത്പന്നങ്ങൾ പിടികൂടിയിരുന്നു. പരിശോധന ശക്തമാക്കുമെന്ന് എക്‌സൈസ് ഇൻസ്‌പെക്ടർ സിനു കോയില്യാത്ത് അറിയിച്ചു. ഇന്റെലിജൻസ് പ്രിവന്റിവ് ഓഫീസർ അബ്ദുൾ നിസാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ.എൻ ദീ പക്, ബാബു ഫ്രാൻസിസ്, കെ.കെ ബിജു, പി.കെ സജേഷ്, ഡ്രൈവർ ഉത്തമൻ മേനചോടി എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.