ചെറുവത്തൂർ: കെട്ടിടം ഒഴിപ്പിച്ചുകൊടുത്തു റെയിൽവെ ഫ്‌ളൈ ഓവർ നിർമ്മാണം മുടങ്ങാതെ നടത്തുന്നതിന് ചെറുവത്തൂർ ഗ്രാമ പഞ്ചായത്തിന് തടസമാകുന്നത് സാമ്പത്തിക കുരുക്ക്. ചെറുവത്തൂർ റെയിൽവെ സ്റ്റേഷനിലെ ഒന്നാം നമ്പർ ഫ്ളാറ്റ് ഫോമിൽ നിന്ന് മൂന്നാം നമ്പർ പ്ലാറ്റ്‌ഫോമിലേക്ക് യാത്രക്കാർക്ക് നടന്നുപോകുന്നതിന് ഫ്‌ളൈ ഓവർ നീളം കൂട്ടുന്ന പ്രവർത്തി ആരംഭിക്കുന്നതിന് സ്ഥലം ഏറ്റെടുത്തു നൽകണമെന്നായിരുന്നു റെയിൽവെ പഞ്ചായത്തിനോട് ആവശ്യപ്പെട്ടിരുന്നത്. അതുപ്രകാരം സ്ഥലം ഏറ്റെടുത്തു നൽകാനുള്ള നടപടി തുടങ്ങിയപ്പോഴാണ് ഫ്‌ളൈ ഓവറിനായി ഏറ്റെടുക്കേണ്ടുന്ന സ്ഥലത്ത് മൂന്ന് കെട്ടിടം സ്ഥിതി ചെയ്തത് പഞ്ചായത്തിന് പുലിവാലായത്.
പണം കൊടുത്തു കെട്ടിടം ഏറ്റെടുക്കാനും സ്ഥലം ഏറ്റെടുക്കാനും പഞ്ചായത്തിന്റെ കൈയിൽ പണം ഇല്ലാത്തതാണ് കുരുക്കായത്. വിട്ടുകൊടുക്കുന്ന സ്ഥലത്തിനും കെട്ടിടത്തിനും പഞ്ചായത്തോ റെയിൽവെ അധികാരികളോ നഷ്ടപരിഹാരം നൽകുമെന്ന ധാരണയിലായിരുന്നു ഭൂമിയുടെ ഉടമകൾ. എന്നാൽ സ്ഥലവും ഏറ്റെടുക്കുന്നതിന് റെയിൽവെ ഒരു രൂപ പോലും നൽകിയില്ല. പഞ്ചായത്തിനാണെങ്കിൽ സ്വന്തം ഫണ്ടിൽ നിന്ന് ഇതിനായി പണം മാറ്റിവെക്കാനും സാങ്കേതിക തടസങ്ങളുണ്ടായി. പദ്ധതിയുടെ തുടക്കത്തിൽ ഒരു വിഹിതം ഫ്‌ളൈ ഓവർ വരുന്നതിനായി റെയിൽവെക്ക് പഞ്ചായത്ത് നൽകുകയും ചെയ്തിരുന്നു.
എൻഡോസൾഫാൻ ദുരിതബാധിതർ
കളക്ട്രേറ്റ് മാർച്ച് നടത്തി
കാസർകോട്: മുഖ്യമന്ത്രി നൽകിയ ഉറപ്പുകൾ ലംഘിക്കപ്പെട്ട സാഹചര്യത്തിൽ എൻഡോസൾഫാൻ ദുരിതബാധിതർ കാസർകോട് കളക്ട്രേറ്റിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. നൂറുകണക്കിനു അമ്മമാർ നിരന്ന മാർച്ച് പ്രമുഖ പരിസ്ഥിതി പ്രവർത്തകനും എഴുത്തുകാരനുമായ കെ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജനുവരി 30 ന് സെക്രട്ടറിയേറ്റിനു മുമ്പിൽ അമ്മമാർ നടത്തിയ പട്ടിണി സമരത്തെത്തുടർന്ന് മുഖ്യമന്ത്രി നടത്തിയ ഉറപ്പ് അട്ടിമറിക്കാനനുവദിക്കരുതെന്ന് രാമചന്ദ്രൻ ആവശ്യപ്പെട്ടു.
എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി പ്രസിഡന്റ് മുനീസ അമ്പലത്തറ, നാരായണൻ പേരിയ, പി.പി.കെ പൊതുവാൾ, പ്രേമചന്ദ്രൻ ചോമ്പാല, ഗോവിന്ദൻ കയ്യൂർ, കെ. കൊട്ടൻ, അബ്ദുൽ ഖാദർ ചട്ടഞ്ചാൽ, അമ്പലത്തറ കുഞ്ഞികൃഷ്ണൻ, ശിവകുമാർ എൻമകജെ, രാമകൃഷ്ണൻ വാണിയമ്പാറ, അമ്പൂഞ്ഞി തലക്ലായി എന്നിവർ സംസാരിച്ചു. കെ. ചന്ദ്രാവതി, എം.പി ജമീല, ഷൈനി, ശാന്ത, ശാന്ത കാട്ടകളങ്ങര, ആന്റണി, മുകുന്ദകുമാർ എന്നിവർ നേതൃത്വം നൽകി.
ചീമേനി ക്ഷേത്രം പ്രതിഷ്ഠാ ദിന
മഹോത്സവം 21, 22 തീയതികളിൽ
ചീമേനി: ചീമേനി ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രത്തിലെ ഈ വർഷത്തെ പ്രതിഷ്ഠാദിന മഹോത്സവം 21, 22 തീയതികളിലായി നടക്കും. ക്ഷേത്രം തന്ത്രി കോറോം കാരഭട്ടതിരി ഇല്ലം മാധവൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. ഉത്സവത്തോടനുബന്ധിച്ചു 21 ന് തത്വമസി കാരളി മൂവേഴ്സ് അവതരിപ്പിക്കുന്ന ഫ്ളവേഴ്സ് ടി.വി കോമഡി ഉത്സവ രാവ് മെഗാഷോ അരങ്ങേറും. 22 ന് പ്രതിഷ്ഠാദിനത്തിൽ വിശേഷാൽപൂജ. ഉച്ചയ്ക്ക് 12 മുതൽ അന്നദാനം.