കാസർകോട് : കഴിഞ്ഞ നിയസഭാ തിരഞ്ഞെടുപ്പുദിവസം രാത്രി ചിറ്റാരിക്കാൽ സബ് ഇൻസ്പക്ടറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന കേസിൽ അഞ്ച് കോൺഗ്രസ് പ്രവർത്തകർക്ക് ഭീമനടി ഗ്രാമീണ ന്യായാലയം ആറുമാസം തടവും 10,500 രൂപ പിഴയും ശിക്ഷ വിധിച്ചു. വിവിധ വകുപ്പുകളിലായി 13 മാസം തടവ് വിധിച്ചെങ്കിലും ആറുമാസം ഒന്നിച്ച് അനുഭവിച്ചാൽ മതിയാകും. 2016 മേയ് 16ന് രാത്രി 10.25നാണ് സംഭവം.. കമ്പല്ലൂർ അരിമ്പ റോഡിൽ ചിറ്റാരിക്കാൽ സബ് ഇൻസ്‌പെക്ടർ പി.വി.രാജന്റെ കോളറിൽ പിടിക്കുകയും അസഭ്യം പറയുകയും ചെയ്‌തെന്ന കേസിൽ കെ.വി.സന്തോഷ്, കെ.ജെ.ബാബു, എ.ആർ.രജിത്ത്, പി.എംമോഹൻ, ജിജോ സിറിയക് എന്നിവർക്കാണ് ശിക്ഷ. ഭീമനടി ന്യായാലയത്തിലെ ന്യായാധികാരി എ. നിസ്സാമാണ് വിധിപറഞ്ഞത്. പ്രോസിക്യൂഷനുവേണ്ടി വിനോദ് കുമാർ ഹാജരായി.
കണ്ടൽക്കാടുകൾ വെട്ടിനശിപ്പിച്ചു
തൃക്കരിപ്പൂർ: ഇടയിലെക്കാട്ടിലെ കവ്വായി കായലോരത്ത് നിന്നും കണ്ടൽക്കാടുകൾ വ്യാപകമായി വെട്ടിനശിപ്പിച്ചു. വലിയപറമ്പ് ഇടയിലെക്കാട് പാലത്തിന്റെ തെക്കുഭാഗത്തായി 50 സെന്റ് പുറമ്പോക്കിൽ നിന്നാണ് അമ്പതോളം കണ്ടലുകൾ നശിപ്പിച്ചത്. വലിയ ഉപ്പട്ടി, ചെറു ഉപ്പട്ടി, നല്ല കണ്ടൽ, എഴുത്താണിക്കണ്ടൽ, കണ്ണാമ്പൊട്ടി, ഭ്രാന്തൻ കണ്ടൽ എന്നീ ആറിനത്തിൽപ്പെട്ട കണ്ടലുകളാണ് നശിപ്പിക്കപ്പെട്ടത്. ചൊവ്വാഴ്ച രാവിലെയാണ് കണ്ടൽ നശീകരണം ശ്രദ്ധയിൽപ്പെട്ടത്. ഈ സ്ഥലത്തിനടുത്തു തന്നെ പുറമ്പോക്ക് ഭൂമിയിൽ ആയിരത്തോളം കണ്ടലുകളുണ്ട്. രണ്ടാഴ്ച മുമ്പെ ഇവിടെ ഇരുപതോളം കണ്ടലുകൾ ആരും കാണാത്ത വിധം നശിപ്പിച്ചിരുന്നു.
കണ്ടലുകൾ നശിപ്പിച്ചവർക്കെതിരെ പൊതുമുതൽ നശിപ്പിക്കൽ വകുപ്പ് ചുമത്തി നടപടികൾ സ്വീകരിക്കണമെന്ന് സി.പി.എം ഇടയിലെക്കാട് നോർത്ത് ബ്രാഞ്ച്, നവോദയ ഗ്രന്ഥാലയം, ഇടയിലെക്കാട് എ.എൽ.പി സ്‌കൂൾ ഹരിതസേന എന്നീ സംഘടനകൾ വനം വകുപ്പ്, വലിയപറമ്പ് ഗ്രാമപഞ്ചായത്ത്, റവന്യു അധികൃതർ എന്നിവരോടാവശ്യപ്പെട്ടു.
എൻ.ഡി.എ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ്
കാസർകോട്: കാസർകോട് ലോക്‌സഭാ മണ്ഡലം എൻ.ഡി.എ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഇന്നു പ്രവർത്തനമാരംഭിക്കും. ഇന്നു രാവിലെ 9.30 ന് കാസർകോട് എസ്.വി.ടി റോഡിലുള്ള ബി.ജെ.പി ജില്ലാ കമ്മറ്റി ഓഫീസിലാണ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവർത്തനമാരംഭിക്കുക.
സംരംഭകത്വ വികസന ക്ലാസ്സ്
നീലേശ്വരം: കണ്ണൂർ സർവകലാശാല ഡോ. പി.കെ രാജൻ സ്മാരക കാമ്പസിൽ പ്രവർത്തിക്കുന്ന എം.ബി.എ സെന്ററിന്റെ ആഭിമുഖ്യത്തിൽ ചെറുകിട വ്യവസായികൾക്കായി സംരംഭകത്വ വികസന ക്ലാസ് സംഘടിപ്പിക്കും. നാളെ രാവിലെ 10 മണി മുതൽ നീലേശ്വരം നഗരസഭ കുടുംബശ്രീ സി.ഡി.എസ് ഹാളിൽ ആയിരിക്കും ക്ലാസ്. താല്പര്യമുള്ള എല്ലാവർക്കും പങ്കെടുക്കാവുന്നതാണ്. ഫോൺ :9400551275.