നീലേശ്വരം: പൂരോത്സവത്തിന്റെ ഭാഗമായി തെരു അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിൽ ആചാരപ്പെരുമയോടെ ശാലിയ പൊറാട്ട് അരങ്ങേറി. അനുഷ്ഠാന വേഷങ്ങളോടൊപ്പം ആനുകാലിക വേഷങ്ങളും അണിനിരന്ന പൊറാട്ട് ചിരിക്കൊപ്പം ചിന്തയ്ക്കും വക നൽകുന്നതായിരുന്നു.
തെരു റോഡ് വഴി തളിയിൽ ക്ഷേത്രത്തിൽ എത്തി ചേർന്ന് തളിയിലപ്പനെ വണങ്ങിയ ശേഷം തിരിച്ച് ക്ഷേത്ര അരയാൽ തറയിൽ എത്തി. ശാലിയ പൊറാട്ട് കാണാൻ വൈകുന്നേരത്തോടെ തെരു റോഡിനിരുവശവും നൂറ് കണക്കിന് ആൾക്കാർ തിങ്ങിക്കുടിയിരുന്നു.

സ്വാമിമഠം കളിയാട്ട മഹോത്സവം

തൃക്കരിപ്പൂർ: കന്നുവീട് കടപ്പുറം ശ്രീ സ്വാമിമഠം കളിയാട്ട മഹോത്സവം 22 ,23 ,24 തീയതികളിൽ വിവിധ കലാസാംസ്‌കാരിക പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 22 നു രാവിലെ 10 മണിക്ക് നടക്കുന്ന കലവറ നിറക്കൽ ഘോഷയാത്രയോടെ ചടങ്ങുകൾ ആരംഭിക്കും.23ന് വൈകന്നേരം 4 മണിക്ക് വിവിധ തെയ്യക്കോലങ്ങളുടെ പുറപ്പാട്. എട്ടുമണിക്ക് അഗ്നി ഘണ്ടാകർണ്ണൻ വെള്ളാട്ടം. 9ന് കാഴ്ച. ഒൻപതരയ്ക്ക് ടി വി താരം ഗോകുൽ രാജിന് അനുമോദനം. പത്തിന് നാടകം കനലാട്ടം. സമാപന ദിവസം പുലർച്ചെ നാലുമണിക്ക് അഗ്നിഘണ്ടകർണ്ണൻ ദൈവത്തിന്റെ പുറപ്പാട്, തുടർന്ന് ഭൈരവൻ, കുറത്തി , ഉച്ചിട്ട, രക്തേശ്വരി, വിഷ്ണുമൂർത്തി, ഗുളികൻ എന്നീ തെയ്യക്കോലങ്ങൾ അരങ്ങിലെത്തും. ഉച്ചക്ക് അന്നദാനം. വാർത്താസമ്മേളനത്തിൽ കെ.വി രജീഷ്, കെ.പി രമേശൻ, കെ. മോഹനൻ, കെ.വി കുഞ്ഞികൃഷ്ണൻ പങ്കെടുത്തു.