കണ്ണൂർ:അഴീക്കൽ സിൽക്കിൽ വച്ച് തീപിടിച്ച കപ്പൽ നീക്കാത്തതിനാൽ പ്രതിസന്ധിയിലായത് പ്രദേശത്തെ നൂറുകണക്കിന് മത്സ്യതൊഴിലാളികൾ .തുറമുഖത്ത് രൂപം കൊണ്ട മണൽതിട്ടയിലിടിച്ചു കുടുങ്ങി കിടക്കുന്ന കപ്പൽ നീക്കാൻ സാധിക്കാത്തതിനാൽ അഴീക്കലിൽ തോണിയിൽ പോയി വലയിടുന്നവരാണ് ദുരിതത്തിലായത്.
പൊയ്തുംകടവ്, കപ്പക്കടവ്, അഴീക്കൽ, അഴീക്കോട്, പാപ്പിനിശേരി, വളപട്ടണം കീരിയാട്ട് മേഖലകളിലെ പരമ്പരാഗത മീൻപിടിത്തക്കാർക്ക് ഇതുമൂലം തോണിയിറക്കാനായിട്ടില്ല. 62മീറ്റർ നീളവും 12.5മീറ്റർ വീതിയും 500 ടൺ ഭാരവുമുള്ള പഴക്കം ചെന്ന കപ്പൽ പൊളിക്കാനായി രണ്ടു മാസം മുൻപാണ് തൂത്തുക്കുടിയിലെ കരാർ കമ്പനി അഴീക്കൽ സിൽക്കിലെ കപ്പൽ പൊളി ശാലയിൽ എത്തിച്ചത്
സിൽക്കിനു മുന്നിൽ വളപട്ടണം പുഴയിൽ നിർത്തിയിട്ട കപ്പൽ ഞായറാഴ്ച ഇതര സംസ്ഥാന തൊഴിലാളികൾ ടോർച്ച് കട്ടിംഗ് നടത്തുന്നതിനിടെ കത്തിയെന്നാണ് പറയപ്പെടുന്നത്.രാത്രി 10.30 ഓടെ ആയിരുന്നു തീപിടിച്ചത്. ചൊവ്വാഴ്ച രാവിലെ എട്ടോടെയാണ് തീപ്പിടിച്ച കപ്പൽ അതിവേഗത്തിൽ മാറ്റാനൊരുങ്ങിയത്. മണൽതിട്ടയിൽ തട്ടി കുടുങ്ങിയ 500 ടൺ ഭാരമുള്ള കപ്പൽ നീക്കാൻ ഇനി കൂറ്റൻ ടഗ്ഗ് തന്നെ വേണം.അതേസമയം സിനിമയുടെ ചിത്രീകരണത്തിടയിൽ തീപിടിച്ചതാണെന്നാണ് അഴീക്കൽ സിൽക്ക് അധികൃതരുടെ വിശദീകരണം.എന്നാൽ രാത്രി വിദഗ്ദരല്ലാത്ത തൊഴിലാളികൾ പണിയെടുത്തതാണ് കപ്പലിന് തീപിടിക്കാൻ കാരണമെന്നും പൊളിക്കാനെത്തിച്ച കപ്പൽ തീപിടിച്ച സംഭവം തേച്ചുമാച്ചുകളയാൻ ഒരു വിഭാഗം ശ്രമം നടക്കുകയാണുമെന്നാണ് പ്രദേശവാസികളുടെ ആരോപണം.
കപ്പൽ പൊളിക്കെതിരെ പ്രദേശവാസികൾ
അഴീക്കലിൽ ഗ്രാമസഭ ചേർന്ന് വാർഡിലെ മുഴുവൻ ആളുകളും എെക്യഖണ്ഡേന പ്രദേശത്ത് കപ്പൽപൊളി നിർത്തലാക്കമെന്ന് തീരുമാനിച്ചിരുന്നു.തീരുമാനം പഞ്ചായത്ത് ഭരണസമിതിയിൽ വെക്കാൻ പ്രത്യേക ഗ്രാമസഭ കൂടും.പഞ്ചായത്ത് ആക്ട് പ്രകാരം ഗ്രാമസഭയിലെ തീരുമാനം സുപ്രീംകോടതിക്ക് വരെ മാറ്റാൻ പറ്റാത്തതാണ്.ഗ്രാമസഭ തീരുമാന പ്രകാരം പ്രദേശവാസികളുടെ നേതൃത്വത്തിൽ വീട് കയറി ക്യാമ്പയിൽ നടത്തുന്നുണ്ട്.സംഭവത്തിൽ നാട്ടുകാരുടെ നേതൃത്വത്തിൽ കളക്ടർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ്.