കാഞ്ഞങ്ങാട്: ഏറെ കൊട്ടിഘോഷിക്കുന്ന പിണറായി സർക്കാരിന്റെ ആയിരംദിനങ്ങൾ കേരളത്തിന്റെ ഏറ്റവും വലിയ പൊതു മേഖലാസ്ഥാപനമായ കെ.എസ്.ആർ.ടി.സിയുടെ നടുവൊടിച്ചിരിക്കുകയാണെന്ന് കെ.എസ്.ടി എംപ്ലോയീസ് സംഘ് (ബി.എം.എസ്) സംസ്ഥാന ജനറൽ സെക്രട്ടറി കെ.എൽ. രാജേഷ് പറഞ്ഞു.എംപ്ലോയീസ് സംഘ് കാസർകോട് ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മൂന്നു വർഷത്തിനിടയിൽ നാലു മന്ത്രിമാരെയും നാല് എംഡിമാരെയും മാറ്റുക വഴി പ്രവർത്തനപുരോഗതി തടസപ്പെടുത്തുന്ന സമീപനമാണു സർക്കാർ സ്വീകരിച്ചത്. തൊഴിൽ സംരക്ഷണത്തിനു പകരം നിലവിലുള്ള തൊഴിലാളികളെ പിരിച്ചുവിടുന്ന സമീപനം സർക്കാൻ തിരുത്തണം. തൊഴിലാളികളെ കൂടി വിശ്വാസത്തിലെടുത്തുകൊണ്ടുള്ള പരിഷ്‌കരണ നടപടികളാണു സർക്കാർ സ്വീകരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.സി.ടി ഗോപിനാഥ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ.ബാലചന്ദ്രൻ, ബി.എം.എസ് ജില്ലാ സെക്രട്ടറി കെ.എ. ശ്രീനിവാസൻ, ജോയിന്റ് സെക്രട്ടറി കെ. ഉപേന്ദ്രൻ, ട്രഷറർ അനിൽ.ബി.നായർ, എം.ജയകുമാർ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി അനിൽ ബി. നായർ (പ്രസിഡന്റ്), എൻ.സി.ടി ഗോപിനാഥ് (വർക്കിംഗ് പ്രസിഡന്റ്), എം. ജയകുമാർ (വൈസ് പ്രസിഡന്റ്), കെ.ഗിരീഷ്‌കുമാർ (ജനറൽ സെക്രട്ടറി), സുരേഷ്‌കുമാർ ഏത്തടുക്ക, അഭിൻരാജ് സിംഗ് (ജോയിന്റ് സെക്രട്ടറിമാർ), മണികണ്ഠൻ പൊയിനാച്ചി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.


സതീഷ് ചന്ദ്രന്റെ പ്രചാരണ ബോർഡുകൾ നശിപ്പിച്ചതായി പരാതി
കാസർകോട്: കാസർകോട് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.പി സതീഷ് ചന്ദ്രന്റെ പ്രചാരണ ബോർഡുകൾ നശിപ്പിച്ചതായി പരാതി. കുമ്പളയിലും പരിസരപ്രദേശങ്ങളിലും സ്ഥാപിച്ച പ്രചാരണ ബോർഡുകൾ നശിപ്പിച്ചതായാണ് പരാതി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

മൗനിബാബയുടെ ആശ്രമത്തിന് കല്ലെറിഞ്ഞ കേസ്
സാക്ഷിയെ മർദ്ദച്ചതായി പരാതി
കാസർകോട്: പിലിക്കോട്ടെ മൗനിബാവയുടെ ആശ്രമത്തിന് നേരെ കല്ലെറിഞ്ഞ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സാക്ഷിയെ കോടതി വരാന്തയിൽ വെച്ച് ചവിട്ടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി കേസ്. ആശ്രമത്തിന് നേരെ കല്ലെറിഞ്ഞ കേസിന്റെ വിചാരണ സമയത്ത് ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സാക്ഷി പറയാനായി എത്തിയ ആശ്രമം മാനേജർ ചെറുവത്തൂർ കുട്ടമത്തെ കെ.ടി സുധാകരനെയാണ് പ്രതി ബാങ്ക് ജീവനക്കാരനായ സി.സുധീർ ചവിട്ടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്‌. കോടതി വരാന്തയിൽ ഇരിക്കുകയായിരുന്ന സുധാകരന്റെ അരികിലെത്തിയ സുധീർ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും കാൽ പാദത്തിൽ ചവിട്ടുകയും ചെയ്തുവെന്നാണ് പരാതി. സുധാകരൻ നൽകിയ പരാതിയിൽ സുധീറിനെതിരെ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തു.