കണ്ണൂർ: പാർലമെന്റ് ഇടതു പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പി .കെ ശ്രീമതിയുടെ ഇന്നലത്തെ പര്യടനം മട്ടന്നൂർ നിയോജക മണ്ഡലത്തിലായിരുന്നു. തൊഴിൽ സ്ഥാപനങ്ങളിലും ക്യാമ്പസുകളിലുമാണ് സ്ഥാനാർത്ഥി സമയം ചിലവിട്ടത്. ബ്ലാത്തൂർ ടൗണിലെ സ്വീകരണത്തോടെയാണ് ഇന്നലെ പ്രചരണം ആരംഭിച്ചത്.
ആയിപ്പുര ഗവ.യു പി സ്‌കൂൾ, ബഡ്‌സ് സ്‌കൂൾ, പട്ടാനൂർ യുനീടെക് പ്രിന്റ് ഏന്റ് പാക്കിംഗ്, കോൺകോഡ് പബ്ലിക് സ്‌കൂൾ, കോൺകോഡ് കോളേജ്, ശബരി ടെക്സ്റ്റയിൽസ്, നാഗവളവ് ടി ടി ഇ കോളേജ്, യൂണിവേഴ്‌സൽ കോളേജ് ,ശിവപുരം എൻജിനിയറിംഗ് കോളേജ് ,വലിയ വെളിച്ചം വ്യവസായ കേന്ദ്രം എന്നിവിടങ്ങളിൽ പര്യടനം നടത്തി.
പേരാവൂർ മണ്ഡലം വനിത പാർലമെന്റിലും പങ്കെടുത്തു. മഹിളാ അസോസിയേഷൻ അഖിലേന്ത്യ ജനറൽ സെക്രട്ടറി മറിയം ധവ്‌ളെ ഉദ്ഘാടനം ചെയ്തു. ബാന്റിന്റെയും മുദ്രാവാക്യങ്ങളോടെയുമാണ് വിദ്യാർത്ഥികൾ സ്ഥാനാർത്ഥിയെ സ്വീകരിച്ചത്. തൊഴിലാളികളടക്കമുള്ളവർ സ്ഥാനാർത്ഥിയിക്ക് പിന്തുണ അറിയിച്ചു. പേരാവൂർ വനിത പാർലമെന്റിന് ശേഷം നടന്ന റോഡ് ഷോയിൽ നൂറുകണക്കിന് വനിതകൾ പങ്കെടുത്തു. പ്ലക്കാർഡും മുത്തുക്കുടയും മുദ്രാവാക്യങ്ങളുമായി പേരാവൂർ ടൗണിൽ റോഡ് ഷോയും അരങ്ങേറി. ഇന്ന് ധർമ്മടം മണ്ഡലത്തിലെ വിവിധ സ്ഥാപനങ്ങളിൽ പര്യടനം നടത്തും.
പുറത്ത് ചുട്ടുപൊള്ളുമ്പോഴും മാഹിയിൽ തിരഞ്ഞെടുപ്പ് രംഗം തണുത്തു തന്നെ
മാഹി:പുറത്ത് വേനൽചൂടും രാഷ്ട്രീയ പ്രവർത്തകർക്കിടയിൽ തിരഞ്ഞെടുപ്പ് ചൂടും കത്തിക്കാളുമ്പോഴും വടകരയ്ക്കു വമ്പൻ പോരാട്ടം നടക്കുന്ന വടകരയ്ക്കും കണ്ണൂരിനുമിടയിൽ കിടക്കുന്ന മാഹിയിലുളളത് വേനൽചൂട് മാത്രം.ആദ്യഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്ന പോണ്ടിച്ചേരിയുടെ ഭാഗമായിട്ടും മാഹിയിൽ തീപാറുന്ന പ്രചാരണമോ പോരാട്ടമോ ഒന്നുമില്ല.
ഏപ്രിൽ 18ന് നടക്കുന്ന തിരഞ്ഞെടുപ്പിലേക്ക് നോമിനേഷൻ നൽകാനുള്ള തിയ്യതി തുടങ്ങി രണ്ട് നാൾ പിന്നിട്ടിട്ടും മുഖ്യ പ്രതിയോഗികളാരാണെന്ന് പോലും പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. വടകര മണ്ഡലത്തിലെ പ്രചരണ വാഹനങ്ങൾ മാഹിയിൽ ഇന്ധനമടിക്കാൻ വരുമ്പോഴാണ് തിരഞ്ഞെടുപ്പിന്റെ വക്കിലാണെന്ന് നാട്ടുകാർക്ക് തോന്നുന്നത്.
ഈ മാസം 26നാണ് പോണ്ടിച്ചേരിയിൽ നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാനതീയതി . സിറ്റിംഗ് എം.പി.യായ എൻ.ആർ.കോൺഗ്രസ്സിലെ ആർ.രാധാകൃഷ്ണൻ ഒരു വട്ടം കൂടി മത്സരിക്കില്ലെന്നുറപ്പായിട്ടുണ്ട്. പകരം മണക്കുള വിനായഗർ ഗ്രൂപ്പ്‌സ് ഓഫ് എജ്യുക്ഷേൻ ചെയർമാനും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അധിപനുമായ ഡോ: നാരായണസ്വാമിയെ നിർത്താൻ ഏകദേശ ധാരണയായിട്ടുണ്ട്.എൻ.ആർ.കോൺഗ്രസ്സിന് പുറമെ എ.ഐ.എ.ഡി.എം.കെ, ബി.ജെ.പി.എം ഡി.എം.കെ തുടങ്ങിയ കക്ഷികളുടെ പിന്തുണയുമുണ്ട്.
മൂന്ന് പതിറ്റാണ്ടു കാലത്തോളമായി പുതുച്ചേരി നിയമസഭയിൽ അംഗവും, മുതിർന്ന കോൺഗ്രസ്സ് നേതാവും നിലവിൽ സ്പീക്കറുമായ വി. വൈദ്യലിംഗത്തെ മത്സരിപ്പിക്കാനാണ് കോൺ: ദേശീയ നേതൃത്വത്തിന്റെ ആലോചന.
അദ്ദേഹത്തേയും മുഖ്യമന്ത്രി വി.നാരായണസ്വാമിയേയും ദില്ലിക്ക് വിളിപ്പിച്ചിട്ടുണ്ട്. രണ്ട് തവണ പുതുച്ചേരി മുഖ്യമന്ത്രിയായിരുന്ന വൈദ്യലിംഗം 1980 മുതൽ ഒൻപത് തവണ അസംബ്ലിയിലേക്ക് ജയിച്ചിട്ടുണ്ട്.സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളുമായും സ്വന്തം മണ്ഡലത്തിലെന്ന പോലെ വൈദ്യലിംഗത്തിന് ബന്ധമുണ്ട്. ഇദ്ദേഹത്തിന്റെ പിതാവ് വെങ്കിടസുബ്ബ റെഡ്ഢിയാർ പുതുച്ചേരി മുഖ്യമന്ത്രിയും പിതാമഹൻ വൈദ്യലിംഗം റെഡ്ഢിയാർ ഫ്രഞ്ചധീന പുതുച്ചേരിയിലെ നെട്ടപ്പാക്കം കൊമ്മ്യൂൺ മേയറുമായിരുന്നു.കോൺഗ്രസിന് ഡി.എം.കെ, ഇടത് പാർട്ടികളുടെ പിന്തുണയുമുണ്ട്.
പുതുച്ചേരി മണ്ഡലത്തിൽ മൊത്തം 9,59,785 വോട്ടർമാരുണ്ട്. ഇതിൽ 4,53 ,362 പുരുഷന്മാരും, 5, 06,330 വനിതകളുമാണ്. മൂന്നാം ലിംഗക്കാരായി 93 പേരും, സർവ്വീസ് വോട്ടർമാരായി 219 ഉം എൻ.ആർ.ഐ.231 പേരുമുണ്ട്. മാഹിയിൽ 29, 500 ൽ പരം വോട്ടർമാരുണ്ട്.അതിനിടെ അഴിമതിക്കേസിൽ എം.എൽ.എ. ആയിരുന്ന അശോക് ആനന്ദ് ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് തട്ടാൻ ചാവടി അസംബ്ലി മണ്ഡലത്തിലും ഇതോടൊപ്പം ഉപ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.