ഇരിട്ടി: ഇരിട്ടി പാലത്തിന്റെ പൈലിംഗ് വേഗത്തിലാക്കുന്നതിനായി ഹൈഡ്രോളിക് റിഗ് എത്തിച്ചു. ഇന്ന് മുതൽ ഇതുപയോഗിച്ച് പൈലിംഗ് നടത്തും. നിലവിലുള്ള സി.എം.സി രിതിയിലുള്ള പൈലിംഗ് കൊണ്ട് പാറ തുരക്കാൻ പ്രയാസം നേരിടുന്നതിനാലാണ് ഹൈഡ്രോളിക് സംവിധാനം ഉപയോഗിക്കാൻ തീരുമാനിച്ചത്.
പുഴയുടെ മദ്ധ്യത്തിലുള്ള തൂണുകൾക്ക് ആറു വീതം പൈലിംഗ് ആവശ്യമാണ്. മൂന്നാം വർഷത്തേക്ക് കടന്നിട്ടും നിർമ്മാണം ഒച്ചിഴയും വേഗതയിലാണ് പാലത്തിന്റെ പ്രവൃത്തി നടക്കുന്നത് . ഇതിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ആധൂനിക പൈലിംഗ് പരിക്ഷിക്കാൻ തീരുമാനിച്ചത് .കാലവർഷം തുടങ്ങുന്നത്തിന് മുമ്പ് തുണകളുടെ നിർമ്മാണം പൂർത്തിയാക്കി സ്പാനുകളുടെ പ്രവൃത്തി തുടങ്ങിയില്ലെങ്കിൽ പ്രതിഷേധത്തിന് സാദ്ധ്യതയുണ്ട്. കഴിഞ്ഞ രണ്ട് കാലവർഷത്തിലും നിർമ്മാണത്തിന് വേണ്ടി പുഴയിൽ നിക്ഷേപിച്ച മണ്ണ് മുഴുവൻ ഒഴുകി പോയിരുന്നു. ഇത് പഴശ്ശി ഡാമിന് ഭീഷണിയാകുകയും കുടിവെള്ളം പമ്പിംഗ് തടസ്സപ്പെടുകയും ചെയ്തിരുന്നു. നാവികസേന എത്തിയാണ് ഈ പ്രശ്‌നം പരിഹരിച്ചത് .
ഇപ്പോഴും നൂറുകണക്കിന് ലോഡ് മണ്ണ് പുഴയിൽ നിക്ഷേപിക്കുന്നുണ്ട്.ഇത് അശാസ്ത്രിയമാണെന്ന് ആരോപണമുയർന്നിട്ടുണ്ട്.നിർമ്മാണം തടസ്സപ്പെടേണ്ടെന്ന ധാരണയിലാണ് ഇതിനെതിരെ നാട്ടുകാർ പ്രതിഷേധമുയർത്താത്തത്. ഇത് കണക്കിലെടുത്താണ് പൈലിംഗിന് വേഗത കൂട്ടാൻ കരാറുകാരൻ തീരുമാനിച്ചത്.
കാനം കുഞ്ഞിരാമൻ അനുസ്മരണം
ഉളിക്കൽ :കേരള യുക്തിവാദി സംഘത്തിന്റെ നേതൃത്വത്തിൽ വാഹന അപകടത്തിൽ മരിച്ച പ്രമുഖ യുക്തിവാദി, പരിസ്ഥിതി പ്രവർത്തകനായിരുന്ന കാനം കുഞ്ഞിരാമനെ അനുസ്മരിച്ചു. തിമിരിയിൽ നടന്ന ചടങ്ങിൽ വി അംബുജാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. അശോക് കുമാർ ഉളിക്കൽ, വിനോദ് കുമാർ രാമന്തളി, ഹരി ചക്കരക്കല്ല്, കൃഷ്ണൻ കാനായി, എം .കെ. ചന്ദ്രൻ, കെ കെ കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
പേരാവൂരിൽ വനിതാ പാർലമെന്റ്
പേരാവൂർ:സ്വാതന്ത്ര്യം സമത്വം ലിംഗനീതി എന്നീ മുദ്രാവാക്യങ്ങളുയർത്തി എൽ. ഡി എഫിന്റെ നേതൃത്വത്തിൽ പേരാവൂരിൽ സംഘടിപ്പിച്ച വനിതാ പാർലമെന്റ് ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ സെക്രട്ടറി മറിയം ധാവ്‌ള ഉദ്ഘാടനം ചെയ്തു.പി.റോസ അദ്ധ്യക്ഷത വഹിച്ചു. എൽ .ഡി .എഫ് സ്ഥാനാർത്ഥി പി.കെ.ശ്രീമതി, എം.സുകന്യ ,ടി.പ്രസന്ന തുടങ്ങിയവർ പ്രസംഗിച്ചു.സി.പി.എം. ജില്ലാ കമ്മിറ്റി നേതാക്കൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
ഡി.വൈ.എഫ്.ഐ.ക്യാമ്പയിന്
തുടക്കമായി
പയ്യന്നൂർ: കാസർകോട് പാർലിമെന്റ് മണ്ഡലം ഇടതുപക്ഷ സ്ഥാനാർത്ഥി കെ.പി സതീഷ് ചന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഡി.വൈ.എഫ്.ഐ ബസ് സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും നടത്തുന്ന ക്യാമ്പയിന് തുടക്കമായി.പയ്യന്നൂർ ബസ് സ്റ്റാൻഡ് ഡി.വൈ.എഫ്.ഐ.സംസ്ഥാന കമ്മിറ്റി അംഗം സരിൻ ശശി ഉദ്ഘാടനം ചെയ്തു.
എ.വി.രഞ്ജിത്ത്, ജി.ലിജിത്ത്,വി.കെ. നിഷാദ്, ടി.പി.അനൂപ് സംസാരിച്ചു.
ബൾബ് നിർമ്മാണപരിശീലനം
കണ്ണൂർ:കണ്ണൂർ എസ്.എൻ.കോളേജിലെ ബോട്ടണിവിഭാഗം ഊർജ്ജകിരൺ 2019ന്റെ ഭാഗമായി സൗജന്യ ബൾബ് പരിശീലനവും റിപ്പയറിംഗ് പരിശീലനവും ഇന്ന് രാവിലെ പത്തിന് സെമിനാർഹാളിൽ നടക്കും.