നീലേശ്വരം: വിദ്യാഭ്യാസ രംഗത്ത് ഇരുപത്താറ് വർഷം പൂർത്തീകരിച്ച തീർത്ഥങ്കര ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ വാർഷികാചരണം വിവിധ കലാസാംസ്‌കാരിക പരിപാടികളോടെ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. പടന്നക്കാട് കാർഷിക കോളേജ് ഫാം സൂപ്രണ്ട് പി.വി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
സ്‌കൂൾ മാനേജർ എം.എം കരുണാകരൻ ദീപം തെളിച്ചു. തുടർന്ന് സ്വാമി പ്രേമാനന്ദയുടെ അനുഗ്രഹ പ്രഭാഷണവും നടന്നു. കണ്ണൂർ കാസർകോട് ജില്ലാതല നഴ്സറി കലോത്സവം മികവ് 2019ൽ നാടോടിനൃത്ത ഇനത്തിൽ രണ്ടാംസ്ഥാനം നേടിയ പി.വി ശ്രീതീർത്ഥ, ചൈനീസ് കുഫുകരാട്ടെയിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ച അമൽരാജ് എന്നീ വിദ്യാർത്ഥികളെയും ഫോക്‌ലോർ അക്കാ‌ഡമി ഫെല്ലോഷിപ്പ് നേടിയ സന്തോഷ് ഒഴിഞ്ഞവളപ്പിനെയും ചടങ്ങിൽ ആദരിച്ചു. തുടർന്ന് കുട്ടികളുടെയും രക്ഷിതാക്കളുടെയും വിവിധ കലാപ്രകടനങ്ങളും, സ്‌കൂളിലെ യോഗ പരിശീലകൻ കെ.കെ ഷാജിയുടെ നേതൃത്വത്തിൽ യോഗാഷോയും അരങ്ങേറി. സ്‌കൂൾ പ്രിൻസിപ്പാൾ വി. സുകുമാരൻ, ടി.വി പ്രമോദ്, എ.കെ കുഞ്ഞികൃഷ്ണൻ, എം.എം നാരായണൻ, സുമതി, ഷൈജ സായിദാസ്, പി.വി വേണുഗോപാലൻ, പ്രമോദ് കരുവളം, ശാന്താകൃഷ്ണൻ, ടി. പ്രഭാകരൻ എന്നിവർ സംസാരിച്ചു.

യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്

കാസർകോട്: കാസർകോട് ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ കൺവൻഷൻ ഇന്നു രാവിലെ 10ന് കാഞ്ഞങ്ങാട് നോർത്ത് കോട്ടച്ചേരി പത്മ ക്ലിനിക്കിന് സമീപം പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് നടക്കും. കൺവെൻഷൻ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യു. ഡി.എഫിന്റെ സംസ്ഥാന, ജില്ലാ നേതാക്കളും സംബന്ധിക്കും.

മരത്തിന്റെ മുറിച്ചുമാറ്റിയ ശാഖ

അപകടഭീഷണി ഉയർത്തുന്നു

തൃക്കരിപ്പൂർ: റോഡ് വക്കിലെ മുറിച്ചുമാറ്റിയ വൻ മരത്തിന്റെ ശാഖ മരത്തിൽ തൂങ്ങിക്കിടക്കുന്നത് വാഹനയാത്രക്കാർക്കും അതുവഴി യാത്ര ചെയ്യുന്ന സമീപ വാസികൾക്കും ഭീഷണിയാകുന്നു. തൃക്കരിപ്പൂർ - പയ്യന്നൂർ റോഡിൽ തെക്കുമ്പാട് വായനശാലയ്ക്കു പരിസരത്തെ തണൽ മരത്തിന്റെ ഉയരത്തിലുള്ള ശാഖയാണ് ഏതു സമയവും നിലം പതിക്കുമെന്ന നിലയിൽ തൂങ്ങിക്കിടക്കുന്നത്. അപകടകരമായി നിലകൊള്ളുന്ന മരങ്ങൾ മുറിച്ചുമാറ്റാനായി കരാറുകാരന് അനുമതി നൽകിയതോടെയാണ് ഇത്തരം മരങ്ങൾ മുറിച്ചുമാറ്റി തുടങ്ങിയത്. എന്നാൽ മുറിച്ചുമാറ്റിയ വലിയൊരു ഭാഗം ശാഖ മരത്തിൽ ഉപേക്ഷിച്ചു കരാറുകാരൻ സ്ഥലം വിട്ടതാണ് നാട്ടുകാർക്ക് ആശങ്കയായത്.