തലശ്ശേരി: മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വന്തം മണ്ഡലമായ ധർമ്മടത്തെ വോട്ടുതേടി കെ. സുധാകരൻ. ചിറക്കുനിടൗൺ, പാലയാട് യൂണിവേസിറ്റി കാമ്പസ് പാലയാട് ലീഗൽ സ്റ്റഡി കോളേജ്, പിണറായി ടൗൺ, ആർ.സി. അമല സ്‌കൂൾ, മമ്പറം ഇന്ദിരാഗാന്ധി പബ്‌ളിക്ക് സ്‌കൂൾ, യു. പി. സ്‌കൂൾ .കാപ്പുമൽ ടൗൺ,പാനുണ്ട തുടങ്ങിയ സ്ഥലങ്ങളിലാണ് യു ഡി എഫ് സ്ഥാനാർത്ഥി രാവിലെ മുതൽ വൈകുന്നേരം വരെ സമയം ചിലവഴിച്ചത്. പാലയാട് യൂണിവേഴ്സിറ്റി സെന്ററിൽ കെ. എസ് .യു പ്രവർത്തകരുടെ അകമ്പടിയോടെയായിരുന്നു സ്ഥാനാർത്ഥിയുടെ വോട്ടഭ്യർത്ഥന.

ക്ളാസ് മുറികളിൽ ചെറിയൊരു പ്രസംഗത്തോടെയായിരുന്നു വോട്ടുതേടൽ. ഇതിന് ശേഷം പിണറായി ടൗണിൽ കോൺഗ്രസ് പ്രവർത്തകരുടെ സ്വീകരണം. ചിറക്കുനി, ധർമ്മടം, പാലായാട് ,കാപ്പു മൽ,പാനുണ്ട ടൗണുകളിലെ ഷോപ്പുകൾ കയറിയും യു.ഡി.എഫ് സ്ഥാനാർത്ഥി വോട്ടുതേടി. വി എ നാരായണൻ, മമ്പറം ദിവാകരൻ, എൻ .പി. ശ്രീധരൻ, പുതുക്കുടി ശ്രീധരൻ, കെ .സി. മുഹമ്മദ് ഫൈസൽ, എം. കെ. മോഹനൻ, സി. രഘുനാഥ്, രാജീവൻ പാനുണ്ട, വി..കെ. അതുൽ,കണ്ടോത്ത് ഗോപി ,എൽ .പി താഹിർ ,കെ. പി ജയാനന്ദൻ മാസ്റ്റർ, ഷമേജ് പെരളശ്ശേരി: ഷനോജ്, ദീപുമാവിലായി, കുന്നുമ്മൽ ചന്ദ്രൻ ,ദിലീപ് പിണറായി, സി ഒ രാജേഷ്, തുടങ്ങിയവർ സ്ഥാനാർത്ഥിയോടൊപ്പമുണ്ടായിരുന്നു. വൈകുന്നേരം 3.30 ന് ധർമ്മടം നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷനായിരുന്നു പിന്നീട്. .മൂന്ന് പെരിയ താജ് ഓഡിറ്റോറിയത്തിൽ പ്രവർത്തരെ ആവേശത്തിലാഴ്ത്താൻ ഒരു പ്രസംഗം. ഇതിന് ശേഷം കണ്ണൂർ യു .ഡി .എഫ് അസംബ്‌ളി കൺവെൻഷനിൽ പങ്കെടുക്കാൻ സുധാകരൻ തിരിച്ചു.

മുരളീധരന് പിന്തുണയുമായി തലശ്ശേരിയിൽ യു.ഡി.എഫ് പ്രകടനം

തലശ്ശേരി: വടകര പാർലിമെന്റ് മണ്ഡലം സ്ഥാനാർത്ഥി കെ.മുരളീധരന് പിന്തുണയർപ്പിച്ച് യു. ഡി. എഫ് തലശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നഗരത്തിൽ പ്രകടനം നടത്തി. . നാരങ്ങാപ്പുറത്തു നിന്നും ആരംഭിച്ച പ്രകടനം ഒ. വി റോഡ്, പഴയ ബസ്റ്റാന്റ് , ലോഗൻസ് റോഡ് വഴി പുതിയ ബസ് സ്റ്റാൻഡിൽ സമാപിച്ചു. നേതാക്കളായ വി. രാധാകൃഷ്ണൻ , എ. കെ ആബൂട്ടി ഹാജി, അഡ്വ. സി. ടി സജിത്ത്, എം.പി അരവിന്ദാക്ഷൻ, എം. പി അസൈനാർ, എം. മയമൂദ്, റാഫിഹാജി, ആര്യ ഹുസൈൻ, അഡ്വ. ഷുഹൈബ്, അഡ്വ. സി. ജി അരുൺ, കെ. ഇ പവിത്രരാജ്, അഡ്വ. കെ. എ ലത്തീഫ്, മണ്ണയാട് ബാലകൃഷ്ണൻ, സി. പി പ്രസിൽ ബാബു, വി.സി.പ്രസാദ്, ഇ. വിജയകൃഷ്ണൻ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.

കാട്ടുപന്നിയുടെ കുത്തേറ്റ് പരിക്ക്

തലശ്ശേരി കാട്ടുപന്നിയുടെ കുത്തേറ്റ് വയോധികന് ഗുരുതരമായി പരിക്കേറ്റു.ആൾ താമസമില്ലാത്ത പറമ്പിൽ തേങ്ങ ശേഖരിക്കാൻ പോയ ഇരിട്ടി ആവിലാട്ട് മുല്ല ആദിവാസി കോളനിയിലെ ചാവശ്ശേരി പറമ്പ് വലിയ കുഞ്ഞിരാമനാണ്(78)
പന്നിയുടെ കുത്തേറ്റത്. മൂക്കിന് കുത്തേറ്റു വീണ കുഞ്ഞിരാമനെ ജോലി കഴിഞ്ഞുവരികയായിരുന്ന നാട്ടുകാരാണ് കണ്ടത്.തുടർന്ന് ഇയാളെ ഇരിട്ടി ഗവ. ആശുപത്രിയിലെ പ്രാഥമിക ചികിത്സക്കുശേഷം തലശ്ശേരി ഗവ. ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പരിക്ക് ഗുരുതരമായിരന്നതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുമാറ്റി.

രാമന്തളി ഗവ: എൽ.പി.സ്‌കൂൾ സ്ഥലവും കെട്ടിടവും സർക്കാർ ഏറ്റെടുക്കണം.

പയ്യന്നൂർ : ഒരു ശതാബ്ദത്തിലേറെക്കാലമായി സ്വകാര്യ വ്യക്തിയുടെ സ്ഥലത്തും കെട്ടിടത്തിലും വാടകക്ക് പ്രവർത്തിച്ചുവരുന്ന രാമന്തളിഗവ: എൽ.പി.സ്‌കൂൾ സ്ഥലവും കെട്ടിടവും സർക്കാർ ഏറ്റെടുത്ത്
നൽകണമെന്ന് രാമന്തളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി.ഗോവിന്ദൻ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ
ആവശ്യപ്പെട്ടു.
പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ മറ്റ് സർക്കാർ വിദ്യാലയങ്ങൾക്ക് കൈവന്ന മികച്ച പശ്ചാത്തല ഭൗതിക സൗകര്യങ്ങൾ നേടിയെടുക്കുവാൻ വിദ്യാലയത്തിന് കഴിയുന്നില്ല.
അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുവാനാവശ്യമായ സഹായങ്ങൾ പഞ്ചായത്തും സ്‌കൂൾ വികസന സമിതിയും പി.ടി.എ.യും ചേർന്ന് കാര്യക്ഷമമാക്കി നടപ്പാക്കി വരുന്നുണ്ടെങ്കിലും, സ്വകാര്യ വ്യക്തിയുടെ സ്ഥലമായതിനാൽ പശ്ചാത്തല ഭൗതിക സൗകര്യമടക്കം യാതൊരു വിധ വികസന പ്രവർത്തനങ്ങളും നടത്തുവാൻ തദ്ദേശ സ്ഥാപനത്തിനോ, വിദ്യാഭ്യാസ വകുപ്പിനോ , ജനപ്രതിനിധികൾക്കോ കഴിയുന്നില്ലെന്നും
ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തത കാരണം രക്ഷിതാക്കൾ കുട്ടികളെ സ്‌കൂളിൽ അയക്കാൻ വൈമനസ്യം പ്രകടിപ്പിക്കുകയാണെന്നും നിവേദനത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

പി .കെ. ഉസ്മാൻ മാസ്റ്റർ അനുസ്മരണം മാർച്ച് 23 ന്
മാഹി: മയ്യഴിവിമോചന സമര പോരാളി പി കെ ഉസ്മാൻ മാസ്റ്ററുടെ ചരമദിനമായ മാർച്ച് 23ന് ,ചാലക്കര മുഹമ്മദ് അബ്ദുറഹ്മാൻ സ്മാരക വായനശാല അനുസ്മരണം നടത്തുന്നു. ശനിയാഴ്ച്ച വൈകീട്ട് 5.30 ന് പുതുച്ചേരി മുൻ ഡെപ്യൂട്ടി സ്പീക്കർ പി കെ സത്യാനന്ദൻ മുഖ്യപ്രഭാഷണം നടത്തും. പി ഗംഗാധരൻ അദ്ധ്യക്ഷത വഹിക്കും.
ചടങ്ങിനോടനുബന്ധിച്ച്,മയ്യഴി മിഡിൽ സ്‌കൂൾ ഏഴാം ക്‌ളാസ്സ് വിദ്യാർത്ഥിനി .അനന്യ ഉസ്മാൻ മാസ്റ്ററെ കുറിച്ചുള്ള ഏകാംഗ നാടകം അവതരിപ്പിക്കും.

തെങ്ങ് കയറ്റ പരിശീലനം
തലശ്ശേരി..എരഞ്ഞോളി കൃഷിഭവന്റെ കേരഗ്രാമം പദ്ധതിയിൽ തെങ്ങ് കയറ്റ യന്ത്രം വാങ്ങിയവർക്കുള്ള പരിശീലനം മാർച്ച് 22 ന് രാവിലെ 10 മണിക്ക് വടക്കുംമ്പാട് ഹൈസ്‌കൂളിന് സമീപത്തുള്ള സ്ഥലത്ത് മാണിക്കോത്ത് പള്ളിക്ക് മുൻവശം നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.