കണ്ണൂർ : ആർ.എസ്.എസും എസ്.ഡി.പി.ഐയും തമ്മിൽ വ്യത്യാസമില്ലെന്നും വർഗീയത പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കോൺഗ്രസിന്റേതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അഞ്ചരക്കണ്ടിയിൽ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ടിനുവേണ്ടി ഏതു വർഗീയകക്ഷികളെ കൂട്ടുപിടിക്കാനും കോൺഗ്രസിന് മടിയില്ല. ചില മണ്ഡലങ്ങളിൽ യു.ഡി.എഫ് ഇത്തരം നീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. കോൺഗ്രസ് നേതാക്കൾ ആർ.എസ്.എസിനെ വിമർശിക്കാൻ തയ്യാറാകാത്തത് ഇത്തരമൊരു കൂട്ടുകെട്ടുള്ളതു കൊണ്ടാണ്.
കേന്ദ്രത്തിൽ ബി.ജെ.പിക്കെതിരെ വികാരം ശക്തിപ്പെട്ടിരിക്കുന്നു. ഭരണഘടന തകർക്കാനാണ് ബി.ജെ.പിയും ആർ.എസ്.എസും ശ്രമിക്കുന്നത്. ബി.ജെ.പി ഇനിയും അധികാരത്തിലെത്തിയാൽ രാജ്യത്തിന്റെ നിലനില്പ് അപകടത്തിലാകും. യു.പി.എയുടെ ജനദ്രോഹ നടപടികളാണ് ബി.ജെ.പിയെ അധികാരത്തിലെത്തിച്ചത്. ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും സാമ്പത്തികനയം ഒന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു.