കാസർകോട്: കാസർകോട് ലോക്‌സഭാ മണ്ഡലത്തിൽ 70 സ്ഥലങ്ങളിലായി 164 പ്രശ്നബാധിത ബൂത്തുകൾ ഉണ്ടെന്ന് കണ്ടെത്തി. സ്ഥിരമായി രാഷ്ട്രീയ സംഘർഷങ്ങൾ, അക്രമങ്ങൾ, ചേരിതിരിഞ്ഞുള്ള അക്രമപ്രവർത്തനങ്ങൾ എന്നിവ നടക്കുന്ന സ്ഥലങ്ങളിലെ ബൂത്തുകളാണ് പ്രശ്നബാധിതമെന്ന് കണക്കാക്കിയിട്ടുള്ളത്. മാനദണ്ഡങ്ങൾ അനുസരിച്ചു പൊലീസിന്റെയും ഇലക്ഷൻ കമ്മീഷന്റെയും റിപ്പോർട്ടുകൾ പ്രകാരം ഇത്രയും ബൂത്തുകൾ പ്രശ്നബാധിതങ്ങൾ ആണെങ്കിലും ഈ തിരഞ്ഞെടുപ്പിൽ ഒരു പ്രശ്നങ്ങളും ഇല്ലാതെ 164 ബൂത്തുകളിലും സൗകര്യപൂർവ്വം വന്ന് വോട്ട് ചെയ്തുപോകാനുള്ള ഏർപ്പാടുകൾ ചെയ്യുമെന്ന് ജില്ലാ കളക്ടർ ഡോ. സജിത് ബാബു വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജില്ലയിലെ അതിർത്തികളിലെ 31 വഴികളിൽ 17 ഇടങ്ങളിൽ കർണ്ണാടകയിൽ നിന്ന് കടന്നുവരുന്ന വാഹനങ്ങൾ കർശനമായി പരിശോധിക്കും. അനധികൃത പ്രവേശനം, അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങൾ, പണം, പാരിതോഷികം എന്നിവ കടത്തുന്നത് തടയാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന പരിശോധനാ സംവിധാനം ഏർപ്പെടുത്തും. സ്ത്രീകളെ പരിശോധിക്കാൻ പാടില്ലെന്ന് നിർദേശം നൽകിയിട്ടുണ്ട്. വനത്തിനുള്ളിൽ വനിതാപൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കാൻ പ്രയാസമായതിനാലാണ് ഇങ്ങനെ പറഞ്ഞത്. എന്നാൽ സംശയമുള്ളവരെ അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി പരിശോധിക്കും.
ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ അബ്ദുൾ റഹ്മാൻ,, എൽ ആർ ഡെപ്യുട്ടി കളക്ടർ സജികുമാർ, ആർ.ഡി.ഒ പി.എ അബ്ദുൾ സമദ്, ആർ.ആർ ഡെപ്യുട്ടി കളക്ടർ പി.ആർ രാധിക, ജില്ലാ ശിശു സംരക്ഷണ ഓഫീസർ പി. ബിജു, കൃഷി ഡെപ്യുട്ടി ഡയറക്ടർ ജോൺ ജോസഫ്, ജോ. രജിസ്ട്രാർ മുഹമ്മദ് നൗഷാദ്, വെള്ളരിക്കുണ്ട് തഹസിൽദാർ പി. കുഞ്ഞിക്കണ്ണൻ, ശിരസ്തദാർ കെ. നാരായണൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
മൊത്തം വോട്ടർമാർ 13,24,387
ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളും കണ്ണൂർ ജില്ലയിലെ പയ്യന്നൂർ, കല്യാശേരി നിയമസഭാ മണ്ഡലങ്ങളും ഉൾപ്പെട്ടതാണ് കാസർകോട് പാർലമെന്റ് മണ്ഡലം. ജില്ലയിൽ 9,86,172 വോട്ടർമാരും കല്യാശേരി, പയ്യന്നൂർ മണ്ഡലങ്ങളിലായി 3,38,215 വോട്ടർമാരും ഉൾപ്പെടെ ആകെ 13,24,387 വോട്ടർമാരുമാണ് കാസർകോട് പാർലമെന്റ് മണ്ഡലത്തിലുള്ളത്. ഈ മാസം 25 വരെ വോട്ടർപ്പട്ടികയിൽ പേരു ചേർക്കുന്നതിന് അപേക്ഷിക്കാം.
പോളിംഗ് സ്റ്റേഷനുകൾ 968
ജില്ലയിൽ അഞ്ച് നിയോജക മണ്ഡലങ്ങളിലായി 968 പോളിംഗ് സ്റ്റേഷനുകൾ ഉണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുള്ള മുഴുവൻ അടിസ്ഥാന സൗകര്യങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഇലക്‌ട്രോണിക് വോട്ടിംഗ് മെഷിൻ, വിവിപാറ്റ് എന്നിവ കരുതൽ സഹിതം ആദ്യഘട്ട പരിശോധന കഴിഞ്ഞ് സജ്ജമാക്കി സ്‌ട്രോംഗ് റൂമുകളിൽ സൂക്ഷിച്ചിട്ടുണ്ട്. ജില്ലയിലെ തിരഞ്ഞെടുപ്പിന്റെ സജ്ജീകരണത്തിനായി 18 നോഡൽ ഓഫീസർമാരെയും നിയമിച്ചു.
437 പരാതികൾ, സി വിജിലിൽ 16
മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതു മുതൽ പരിശോധിക്കുന്നതിനായി എ.ഡി.എമ്മിന്റെ നേതൃത്വത്തിൽ ആറു സ്‌ക്വാഡുകൾ പ്രവർത്തിക്കുന്നു. ഇതുവരെ 437 പരാതികൾ റിപ്പോർട്ട് ചെയ്തു. പൊതുജനങ്ങൾക്ക് മാതൃകാപെരുമാറ്റം സംബന്ധിച്ച പരാതികൾ സമർപ്പിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ 'സീവിജിൽ' എന്ന ആപ് പ്രവർത്തിക്കുണ്ട്. സി വിജിലിൽ ലഭിക്കുന്ന പരാതികൾ നിശ്ചിത സമയമായ 100 മിനുട്ടിനകം പരിഹരിക്കുന്നുണ്ട്. ഇതുവരെയായി 16 പരാതികൾ തീർപ്പാക്കി.
കൺട്രോൾ റൂമിലേക്ക് വിളിക്കാം
പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുണ്ടാകുന്ന എല്ലാ പരാതികളും വിളിച്ചറിയിക്കുന്നതിന് കളക്ടറേറ്റിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജമായിട്ടുണ്ട്. പരാതികൾ അടിയന്തരമായി പരിഹരിക്കും. ഫോൺ:04994 255825, 04994 255676.