മട്ടന്നൂർ: അഞ്ചു മണ്ഡലങ്ങളിൽ കോൺഗ്രസ്ബി.ജെ.പി. ധാരണയുണ്ടെന്ന കോടിയേരിയുടെ ആരോപണം അവിടങ്ങളിൽ തോൽവി ഉറപ്പിച്ചതിനാലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ്. മട്ടന്നൂർ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പ് കഴിയുന്നതോടെ 20 സീറ്റുകളും തോൽക്കുമെന്ന് കോടിയേരിക്ക് ബോധ്യപ്പെടും. കേരളത്തിൽ ഇടതുപക്ഷത്തിന് കിട്ടുന്ന വോട്ടുകൾ ഗുണം ചെയ്യുക ബി.ജെ.പിക്കാണ്. കോൺഗ്രസിനെ എതിർക്കുന്നതിൽ സി.പി.എമ്മിനും ബി.ജെ.പിക്കും ഒരേ മനസ്സാണുളളത്. രാജ്യത്ത് രൂപപ്പെടുന്ന മതനിരപേക്ഷ കക്ഷികളുടെ ഐക്യത്തെ തകർക്കുന്ന നിലപാടാണ് സി.പി.എമ്മിന്റേതെന്നും ചെന്നിത്തല പറഞ്ഞു.
സ്ത്രീ സുരക്ഷയുടെ പേരുപറഞ്ഞ് അധികാരത്തിലേറിയ സി.പി.എം. ഭരിക്കുമ്പോൾ പാർട്ടി ഓഫീസുകളിൽ വരെ സ്ത്രീപീഡനങ്ങളാണ്. സ്ഥലം എം.പിക്ക് തിരഞ്ഞൈടുപ്പ് പ്രചാരണം നിർത്തി ഇനി സ്ത്രീപീഡനക്കേസ് അന്വേഷിക്കാൻ പോകേണ്ടി വരും. കാർഷിക കടങ്ങൾക്കുള്ള മൊറട്ടോറിയം പ്രഖ്യാപിച്ചത് ഉത്തരവായി ഇറക്കാൻ പോലും സർക്കാരിന് കഴിഞ്ഞില്ല. പൂർണമായ ഭരണ സ്തംഭനമാണ് സംസ്ഥാനത്തെന്നും അദ്ദേഹം ആരോപിച്ചു.
യു.ഡി.എഫ്. അധികാരത്തിൽ വന്നാൽ ഷുഹൈബിന്റെയും കാസർക്കോട്ടെയും രാഷ്ട്രീയ കൊലപാതകങ്ങൾ സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ടി.വി.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സണ്ണി ജോസഫ് എം.എൽ.എ., സ്ഥാനാർഥി കെ.സുധാകരൻ, ഡി.സി.സി. പ്രസിഡന്റ് സതീശൻ പാച്ചേനി, അബ്ദുറഹ്മാൻ കല്ലായി, സജീവ് ജോസഫ്, വി.എ.നാരായണൻ, ഇല്ലിക്കൽ അഗസ്തി, ഇ പി ഷംസുദ്ധിൻ,കെ.സുനിൽകുമാർ, വത്സൻ അത്തിക്കൽ, മനോജ് ശങ്കരനെല്ലൂർ, അഷറഫ് പുറവുർ, ചന്ദ്രൻ തില്ലങ്കേരി, അബ്ദുൾ കരീം ചേലേരി,അൻസാരി തില്ലങ്കേരി, പി കെ കുട്ട്യാലി, പി എം ആമ്പുട്ടി ,പി പി ജലീൽ തുടങ്ങിയവർ സംസാരിച്ചു.ഇ.പി.ഷംസുദ്ദീൻ ചെയർമാനും വി.ആർ.ഭാസ്‌ക്കരൻ കൺവീനറും ടി.വി.രവീന്ദ്രൻ ട്രഷററുമായി 1001 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.