ചെറുവത്തൂർ: ചെറുവത്തൂർ പഞ്ചായത്തിന്റെ തീരപ്രദേശത്തെ ജനങ്ങളുടെ യാത്രാസൗകര്യമായ കോയാമ്പ്രം പള്ളിക്കണ്ടം പാലം തകർച്ചയുടെ വക്കിൽ. പാലത്തിന്റെ തൂണുകൾ ദ്രവിച്ച് അപകടാവസ്ഥയിലാണുള്ളത്. ഏതുസമയവും പാലം തകരാൻ സാധ്യതയുണ്ടെന്നതിനാൽ പ്രദേശവാസികൾ പാലത്തിലേക്കുള്ള വഴി വേലികെട്ടി തടഞ്ഞു.
കാരിയിൽ, കുറ്റിവയൽ, കുണ്ടുപടന്ന തുടങ്ങിയ പ്രദേശങ്ങളിലെ വിദ്യാർത്ഥികൾ കാടങ്കോട് സ്‌കൂളിലേക്കും, മടക്കര മത്സ്യബന്ധന തുറമുഖത്തേക്കുള്ള മത്സ്യത്തൊഴിലാളികളും മറ്റും ഈ പാലത്തിനെ ആശ്രയിച്ചാണ് മറുകര പറ്റുന്നത്. കൂടാതെ കാടങ്കോട്, കൈതക്കാട്, കാവുംചിറ തുടങ്ങിയ പ്രദേശങ്ങളിലെ രോഗികൾ കാരിയിലുള്ള പ്രാഥമിക ചികിത്സാകേന്ദ്രത്തിൽ എത്താനും ഈ പാലത്തെ ആശ്രയിക്കണം.
2002 ലാണ് പ്രദേശത്തെ ജനങ്ങളുടെ ആവശ്യമനുസരിച്ച് ഇവിടെ ആദ്യമായി ഒരു മരപ്പാലം പണിയുന്നത്. വർഷങ്ങൾ കഴിഞ്ഞതോടെ നാട്ടുകാർ തന്നെ ഇത് പുതുക്കി പണിയുകയും ചെയ്തു. ഒരു തവണ പഞ്ചായത്തിന്റെ സഹകരണത്തോടെ പാലം പുതുക്കി പണിതിട്ടുണ്ട്. അതിനിടയിൽ പാലത്തിന്റെ ശോചനീയാവസ്ഥ കാരണം രണ്ടു തവണ യാത്രക്കാർ പുഴയിൽ വീണ സംഭവവും ഉണ്ടായിട്ടണ്ട്.
രണ്ടു മാസങ്ങൾ കഴിയുന്നതോടെ കാലവർഷം വരികയും പുഴ നിറഞ്ഞു കവിഞ്ഞ് ഒഴുക്ക് വർധിക്കും. അതോടെ പ്രദേശവാസികൾക്ക് പ്രശ്നങ്ങൾ വർധിക്കും. നിലവിൽ കിലോമീറ്റർ ചുറ്റിക്കറങ്ങിയാണ് നാട്ടുകാർ ലക്ഷ്യസ്ഥാനത്തെത്തുന്നത്.